2020, ജൂലൈ 14, ചൊവ്വാഴ്ച

7. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം





7. കൽക്കുളം ശ്രീ 

നീലകണ്ഠസ്വാമി ക്ഷേത്രം
========================================

പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാം ശിവാലയമായ കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ ക്ഷേത്രം പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തായി പരിലസിക്കുന്നു.

മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ തഞ്ചാവൂർ ശില്പകലയുടെ ചാരുത നിറഞ്ഞു നിൽക്കുന്നു. ഇവിടെ ശിവ ഭഗവാൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പാര്‍വതീസമേതനായ ശിവപ്രതിഷ്ഠയാണിവിടെ ഉള്ളത്. *ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്.* ഇവിടെ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. ഇവിടെ വിസ്തിർതമായ ഒരു തീർത്ഥകുളവും നടുവിൽ ഒരു കൽമണ്ഡപവും കാണാൻ സാധിക്കും. ഏഴു നിലകളുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുവര്‍ഷം 1744-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ്ശില്പ ഭംഗിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം സാധിക്കുന്നു. ഇവിടെത്തെ ശ്രീരാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.

നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.

മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.

ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.

ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, ഔട്ട്ഡോർ, ടെക്‌സ്‌റ്റ്, വെള്ളം എന്നിവ