2020, ജൂലൈ 6, തിങ്കളാഴ്‌ച

ക്ഷേത്രം തന്ത്രം മന്ത്രം.



ക്ഷേത്രം തന്ത്രം മന്ത്രം.
****************************
“ഈശാവാസ്യമിദം സർവ്വംയത് കിംച ജഗത്യാം ന്യേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യ സ്വിദ്ധനം” (ഈശാവാസ്യോപനിഷത്ത്)
ഈ കാണുന്ന പ്രപഞ്ചമൊക്കെയും ഈശ്വരനാൽ സമ്പൂർണ്ണമാക്ക പെട്ടിരിക്കുന്നു. അങ്ങനെ ഉള്ള പ്രപഞ്ചത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യണമെങ്കിൽ ഈശ്വര ചിന്ത എപ്പോഴും നിലനിർത്തേണ്ടതാണ്...
തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന...ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം..തന്ത്ര. ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു..കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്..
ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്..ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ....സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്...ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം...
സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്...എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം...അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല...എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)
ക്ഷേത്ര പ്രതിഷ്ഠകളിൽ പ്രധാനമായും ദേവീ ദേവന്മാരുടെ രൂപഭാവങ്ങൾക്ക് മാത്രമാണു വ്യത്യാസം..അല്ലാതെ സൂക്ഷ്മ സത്തയിൽ അല്ല..ഒരു വ്യക്തിയുടെ സവിശേഷതകൾ എല്ലാം മാറ്റി നിർത്തിയാൽ ശേഷിക്കുന്നത് ആത്മ ചൈതന്യം മാത്രമാണു..അതുപോലെ തന്നെ ഏതൊരു ദേവതയുടെയും സവിശേഷതകൾ മാറ്റികഴിഞ്ഞാൽ ശേഷിക്കുന്നതും ചൈതന്യം മാത്രമാണു...മനുഷ്യനിലും ദേവതയിലും കുടികൊള്ളുന്ന ചൈതന്യം ഒന്നുതന്നെ..ജീവോ ബ്രഹ്മൈവനാ പരഃ എന്നാണു ശങ്കരാചാര്യ സ്വാമികൾ പറഞ്ഞിരിക്കുന്നത്..
ഉദാഹരണത്തിനു പരമശിവനെ പ്രതിഷ്ഠകളിലൊ അല്ലാതെയോ പൂജിക്കുമ്പോൾ ശിലയെയോ ശിവ സ്വരൂപത്തെയോ അല്ല പൂജിക്കുന്നത്...ശിവനിലുള്ള ശിവത്വത്തെ ആണ്....ശംഖ ചക്ര ഗദാ പത്മ വിഭൂഷിതമായ വിഷ്ണുവിനെ പൂജിക്കുമ്പോൾ വിഷ്ണുവിലുള്ള വിഷ്ണുത്വത്തെ ആണു പൂജിക്കുന്നത്...ദുർഗ്ഗയെ പൂജിക്കുമ്പോളൂം ഇത് തന്നെ ആണു സ്ഥിതി..അതായത് ദുർഗ്ഗാ ദേവിയിലുള്ള ദുർഗ്ഗതി ശമന ഭാവത്തെ ആണു പൂജിക്കുന്നത്..ഭദ്രകാളിയെ ആണങ്കിൽ നാവുനീട്ടിപിടിച്ചുള്ള ബീഭത്സവും കരാളവുമാര രൂപത്തെ അല്ല അവിടെ പൂജിക്കുന്നത്...ഭദ്രം -സുരക്ഷിതത്വ പ്രദായകരമായ ഭാവത്തെ ആണു പൂജിക്കുന്നത്..പ്രതിഷ്ഠകളിൽ ആരാധന എപ്പോഴും എവിടെയും തന്ത്ര ശാസ്ത്ര പ്രകാരം ഭാവപ്രധാനമായിരിക്കും...ഈ കാലത്തെ ശാന്തിക്കാരും ഭക്ത ജനങ്ങളും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്.
'യാദൃശി ഭാവനാ നിത്യാ സിദ്ധിർ ഭവതി സാദൃശി" എന്നാണു.. നാം എന്തിനെ ക്കുറിച്ച് നിത്യവും ഭാവിക്കുന്നുവോ അതനുസരിച്ചുള്ള സിദ്ധിയും സാഫല്യവും ഉണ്ടാകുന്നു... "സർവ്വ പ്രധാനം ഭാവം ഹിതസ്മാൻ ഭാവ പരോ ഭവേൽ" (ജ്ഞാന തന്ത്രം) എല്ലാറ്റിലും വെച്ച് സർവ്വ പ്രധാനം ഭാവം തന്നെ ആണു..(ഭ്ഗവത് ഗീതയിൽ 7/22 ആരാധനയുടെ പ്രത്യേകത് എടുത്തു പറയുന്നുണ്ട്.. )
"ഏഷോ അന്തരാത്മാ ചേതസാവേദി തവ്യോ യസ്മിൻ പ്രാണഃ
പഞ്ചധാ സംവിവേശ പ്രാണൈശ്ചിത്തം സർവ്വ മോതം
പ്രജാനാനം യസ്മിൻ വിശുദ്ധേ വിഭവത്യേഷത്തരമാ" (മുണ്ഡകോപനിഷത്ത്)
നൈർമ്മല്യമേറിയ മനസിനാൽ ജീവ ചൈതന്യത്തെ തിരിച്ചറിയാം..മനസ്സ് പരിശുദ്ധമാകുമ്പോൾ ആത്മാവ് മനുസിലാക്കപെടുന്നു..ഈശ്വരോപാസനകളിൽ ബാഹ്യമായ ശുദ്ധിയേക്കാൾ ആന്തരിക ശുദ്ധിയുടെ പ്രാധാന്യം ആണ് ഇവിടെ വെളിപെടുത്തുന്നത്...
ഹ്രദയത്തിൽ സ്വച്ഛന്ദമായി സ്ഫുരിക്കുകയും ജ്യോതിർമയിയായി പ്രസരിക്കുകയും ചെയ്യുന്ന ജീവ ചൈതന്യത്തിന്റെ ബാഹ്യമായ ആവിഷ്കരണവും പൂജനീയ ഭാവവുമാണു വിഗ്രഹാരാധന..."വിഗ്രഹം ബാഹ്യമിഷ്യതേ "എന്നാണു വാതുല തന്ത്രം വ്യക്ത് മാക്കുന്നത്...മനുഷ്യരുടെ ശരീരം കർമ്മോപാധിയാണു എന്നത് പോലെ വിഗ്രഹം അർച്ചനോപാധിയാണു...ഹൃദയത്തെ രക്തം പമ്പ് ചെയ്യുന്ന യന്ത്രമായിട്ടല്ല ആർഷ ജ്ഞാനികൾ ദർശിച്ചത്..മറിച്ച് ഒരുവന്റെ സമസ്ത വ്യവഹാരങ്ങളുടെയും കേന്ദ്രവും അഭയ സ്ഥാനവും ആയിട്ടാണു...
. "ബ്രഹ്മാണ്ഡം വൈ ശരീരം തു സർവ്വേഷാം പ്രാണധാരിണാം
ബ്രഹ്മാണ്ഡെ യേ ഗുണാസന്തി തേതിഷ്ഠന്തി കളേബരേ (മുണ്ഡമാലാ തന്ത്രം
ഈ കാണുന്ന ബ്രഹ്മാണ്ഡം തന്നെ ആണ് മനുഷ്യ ശരീരം..ബ്രഹ്മാണ്ഡത്തിൽ എന്തെല്ലാം ഗുണ വിശേഷങ്ങൾ നിലനിൽക്കുന്നുവോ അവയെല്ലാം ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നു.. ജ്ഞാന തന്ത്രം പറയുന്നത് " ബ്രഹ്മാണ്ഡലക്ഷണം സർവ്വം ദേഹ മദ്ധ്യേ വ്യവസ്ഥിതം " എന്നാണു ബ്രഹ്മാണ്ഡത്തിലെ സർവ്വ വിഷയങ്ങളും ഈ പിണ്ഡാണ്ഡമായ ശരീരത്തിൽ സ്ഥിതി ചെയ്യുന്നു...ബ്രഹ്മാണ്ഡം സ്ഥൂല പ്രപഞ്ചമാണു..ശരീരം സൂക്ഷ്മ പ്രപഞ്ചവുമാണു..രണ്ടും പഞ്ചഭൂത നിർമ്മിതമാണു താനും ..ഈ സ്ഥൂലത്തിലും സൂക്ഷ്മത്തിലും വ്യാപരിക്കുന്ന ചൈതന്യം ഒന്നു തന്നെ എന്ന ബോധമാണു പ്രപഞ്ച സത്തയേയും ജീവ സത്തയേയും ഒന്നാക്കുന്നത്..അതായത് ദ്വൈത ഭാവം മാറി അദ്വൈത ഭാവത്തെ പ്രാപിക്കുന്നു...ഇതാണു പ്രധാന തന്ത്ര ദർശനം...കേരളീയ തന്തശാസ്ത്രം ആയാലും ബുദ്ധ ജൈന തന്ത്രം ആയാലും ഏതിന്റെയും അടിസ്ഥാനം ഒന്നു തന്നെ..
ഈ തത്ത്വ പ്രകാരം പൊതുജന ക്ഷേമകാര്യാർദ്ധമായി തന്നിൽ തന്നെ യുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയ ഭാരതീയ ആചാര്യന്മാരുടെ സംഭാവനയാണു ക്ഷേത്രങ്ങളും അതിലെ പ്രതിഷ്ഠകളും..പണ്ഡിത പാമര ഭേദമന്യേ ഒരു പോലെ ഈശ്വര സാക്ഷാത്കാരം അനുഭവവേദ്യമാക്കുക .അതിനു ക്ഷേത്ര നിർമ്മിതിയിലും പ്രതിഷ്ഠാ കർമ്മങ്ങളിലും പഞ്ചമഹായജ്ഞങ്ങളിലും സവിശേഷ പ്രാധാന്യം കണ്ടെത്തി.(ശ്രീമദ് ഭഗവത് ഗീതയിൽ മൂന്നാം അദ്ധ്യായത്തിൽ പത്തുമുതൽ പതിനാറു വരെ ഉള്ള ശ്ളോകങ്ങളിൽ പഞ്ചമഹായജ്ഞങ്ങളുടെ സാര സംഗ്രഹം വിവരിച്ചിരിക്കുന്നത് കാണാം)...മനുഷ്യ ശരീരത്തിലെ പ്രധാന അംഗങ്ങൾക്ക് സമാനമായി ക്ഷേത്രങ്ങൾ പുനരാവിഷ്കരിച്ചു...തന്റെ ഉള്ളിൽ കുടികൊള്ളുന്ന ദിവ്യത്ത്വത്തെ പൂർണ്ണമായി അടുത്തറിയുകയും അതിനെ ബാഹ്യോപാധിയിലേക്ക് ആവിഷ്കരിക്കുകയും ചെയ്തു..അതാണു ക്ഷേത്ര പതിഷ്ഠകൾ..അതിനായി തന്ത്രശാസ്ത്രം ,ശിലപശാസ്ത്രം, ജ്യോതിഷം എന്നീശാസ്ത്രങ്ങളുടെ ഒരു കൂട്ടായ്മയാണു ഇവിടെ ആവിഷ്കരിക്കുന്നത്..പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ബ്രഹ്മാംശം ആണന്ന അദ്വൈത ചിന്താഗതിയാണു ഇതിൽ ആകമാനം ദർശിക്കുന്നത്..ഈ നന്മയാണു ഋഷി ഗണങ്ങൾ പ്രധാനമായും ക്ഷേത്ര പ്രതിഷ്ഠകളിൽ ഉദ്ദേശിച്ചത്..
."ദേവോ ഭൂത്വാ തു തം യജേൽ അർച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര" അർച്ചകന്റെ (പൂജകന്റെ) പ്രഭാവം കൊണ്ടനു ശില ശങ്കരനായി തീരുന്നത് അതായത് ദേവനായിതീരുന്നത്..ദേവനായി തീർന്നീട്ട് വേണം ദേവനെ പൂജിക്കാൻ.. ഇങ്ങനെ ശിലയിൽ ദേവാംശം വരുത്തണമെങ്കിൽ ആചാര്യൻ തന്നിൽ തന്നെയുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയവൻ ആയിരിക്കണം...എങ്കിൽ മാത്രമേ ശില ശങ്കരനായി ഭവിക്കൂ.
"സത്യേനലഭ്യസ്തപസാ ഹ്യേഷ ആത്മാ സംയഗ്ജ്ഞാ നേന ബ്രഹ്മ ചര്യേണ നിത്യം അന്തഃശരീരേജ്യോതിർമയാഹി ശുഭോ യം പശ്യതി യതയഃ ക്ഷീണ ദോഷാഃ" (മുണ്ഡകോപനിഷത്ത്).
തന്നിൽ കാണുന്ന ഈശ്വര ചൈതന്യം സത്യത്തിനാലും തപസ്സിനാലും ജ്ഞാനത്തിനാലും ബ്രഹ്മചര്യത്താലും കാണപ്പെടുന്നവനാണു യാഥാർത്ഥ താന്ത്രിക പ്രസിദ്ധൻ.. അല്ലങ്കിൽ ആചാര്യൻ… ..
ക്ഷേത്രം പണിയാൻ ആലോചിച്ചാൽ ആചാര്യനെ വരിക്കലാണു (തന്ത്രിയെ നിശ്ചയിക്കലാണു) ആദ്യത്തെ ച്ചടങ്ങ് പൊതുവേ കേരളത്തിൽ ഒരു ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ഒരാൾ തന്നെ തുടരുകയാണു ചെയ്യുക..കേരളീയ രീതി വെച്ച് ദേവനു പിതൃസ്ഥാനീയനാണു തന്ത്രി..കേരളീയ ക്ഷേത്രങ്ങളിൽ താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവർ ക്ഷേത്ര നിത്യ പൂജകൾ ചെയ്യുന്നില്ല എന്നത് പ്രത്യേകത ആണ് .നിത്യപൂജകൾക്ക് .ശാന്തിമാർ ആണു കൂടുതലും .
"ആചിനോതി ഹീ ശാസ്ത്രാണി ആചാരേസ്ഥപയത്യപി
സ്വയമാചരതേ തസ്മാദാചാര്യ ഇതി കഥ്യതേ"
ശാസ്ത്രങ്ങളെ സ്വീകരിക്കുകയും ആചാരങ്ങളെ സ്ഥാപിക്കുകയു സ്വയം ആചരിക്കുകയും ചെയ്യുന്നവരാണു ആചാര്യൻ ആക്കുന്നത്..ഇവിടെ സ്വയം ആചരിക്കുക എന്നതിനു വളരെ പ്രാധാന്യം ഉണ്ട്.. ഇങ്ങനെയുള്ള തന്ത്രിമാർ അല്ലങ്കിൽ ആചാര്യർ അല്ലെങ്കിൽ സന്ന്യാസി ശ്രേഷ്ഠർ.. യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് ഈശ്വരനിലേക്ക് എത്താനുള്ള ഒരു ലഘുവായ ഒരു വഴി കാണിച്ചു കൊടുക്കുകയാണു ചെയ്യുന്നത്...അതും സ്വന്തം ജീവചൈതന്യാംശത്തിൽ നിന്ന് ശിലകളിലേക്കും ശിലയിലെ ദേവചൈതന്യത്തിൽ നിന്ന് ഭക്ത്ജന ഹൃദയങ്ങളിലേക്കും പകർന്നു നൽകുന്ന ഒരു ക്രിയാപദ്ധതി ആണു ഇവിടെ നടക്കുന്നത്.."അയമാത്മാ ബ്രഹ്മാ" എന്ന വാക്യം ആണു ഇവിടെ പ്രാവർത്തികമാകുന്നത്..സർവ്വ ചരാചരങ്ങളിലുമുള്ള ആത്മചൈതന്യമാണു യഥർത്ഥ ഈശ്വ്രര ചൈതന്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...
ശരീരത്തിൽ ജീവനു എത്രത്തൊളം പ്രാധാന്യം ഉണ്ടോ അത്രത്തോളം പ്രാധാന്യം വിഗ്രഹത്തിൽ മന്ത്ര ദേവതക്കും ഉണ്ട്...ശരീരം സ്ഥൂലമാണു..ജീവന് സൂക്ഷ്മവുമാണു..അതുപോലെ വിഗ്രഹം സ്ഥൂലമാണു..മന്ത്ര ചൈതന്യം സൂക്ഷ്മവുമാണു.അതായത് പ്രതിഷ്ഠ ഒരു പ്രതീകമായി മാറുകയാണു...രണ്ട് ഉപാധികളിലും ചൈതന്യം ശരീരത്തിലോ വിഗ്രഹത്തിലോ അല്ല..മറിച്ച് ജീവനിലും മന്ത്രപ്രഭാവത്തിലും ആണു..നിലകൊള്ളുന്നത്.."മന്ത്ര ഏവതു ദേവതഃ (മേരു തന്ത്രം) മന്ത്ര പ്രഭാവവും ദേവതാസ്വരൂപവും ഒന്നു തന്നെ ആണു.ദേവതയുടെ നാമധേയമാണു മന്ത്രം.
.
.
"ആചാര്യ തപസ്സാ അമുനായ ജപേന നിയമേന ച ഉത്സവേനാന്നദാനേ ക്ഷേത്രവൃദ്ധി സ്തു പഞ്ചധാ"
ക്ഷേത്രങ്ങളിൽ ദേവതയുടെ ചൈതന്യത്തിനു മാറ്റുകുറക്കുന്ന ആവരണങ്ങളെ ഇല്ലാതാക്കുന്ന ക്രിയാപദ്ധതിയാണു കലശങ്ങൾ..അതോടൊപ്പം ക്ഷേത്ര തന്ത്ര ആചാര്യന്റെയും ക്ഷേത്രം ശാന്തിയുടെയും ഭക്തന്റെയും ഭക്തിയും തപസ്സും സ്വാദ്ധ്യായവും കൂടെ ഉത്സവങ്ങളും ഒക്കെ ചൈതന്യ വർദ്ധനവിനു കാരണമാകുന്നു... അതോടൊപ്പം തന്നെ ക്ഷേത്രം തന്ത്രി ,പൂജാരി, ജീവനക്കാർ., ഭരണാധികാരികൾ ഭക്തർ ഇവരുടെ പ്രവർത്തിദോഷങ്ങളും ആചാരഭംഗങ്ങളും ക്ഷേത്ര ദേവതയുടെ ചൈതന്യത്തിനു ക്ഷയം സംഭവിക്കുന്ന ഘടകങ്ങളുമാണ്
.
എന്നാൽ ഭക്തനിലും പൂജകനിലും ആചാര്യനിലും എല്ലാം ഈശ്വര ചൈതന്യത്തിന്റെ.മാറ്റുകുറക്കുന്നത്...കാമം ,ക്രോധം ,ലോഭം (അത്യാഗ്രഹം) ,മോഹം(ഇല്ലാത്തത് ഉണ്ടന്ന് കല്പിക്കൽ) ,മദം (അവിവേകമായ തന്റ്റെടം കാണിക്കൽ, സകലതിലും തെറ്റുകുറ്റങ്ങൾ മാത്രം കാണുന്ന അവസ്ഥ) ,മാത്സര്യം (മത്സരത്തിൽ നിന്ന് വ്യക്തി വിദ്വേഷം ഉണ്ടാകുന്നു)ഡംഭം (ഞാനെന്ന് ഭാവം,, എല്ലാം എനിക്ക് എന്റെത്, എന്റെ സ്വന്തം എന്ന അവസ്ഥ) ,അസൂയ എന്നീ അഷ്ടരാഗങ്ങളും..
ഘൃണാ ലജ്ജാ ഭയാ ശോകം
ജുഗുപ്സാ ചേതി പഞ്ചമം
ശീലം കുലം തഥാ ജാതി
.. അഷ്ടപാശഃ പ്രകീർത്തിതഃ (കുലാർണ്ണവ തന്ത്രം)
ഘൃണ (നിന്ദ) , ലജ്ജ ,ഭയം ,ശോകം ജുഗുപ്സ (വെറുപ്പ് ,ആക്ഷേപം) ,ശീലം (ദുർഗുണം) ,കുലം (ആഭിജാത്യ അഭിമാനം) ജാതി (വേർതിരിവ്) ഈ എട്ട് വിഷയങ്ങളും പാശങ്ങൾ എന്ന് അറിയപ്പെടുന്നു...ഇവയാണ് ചൈതന്യ ക്ഷയത്തിന്റെ കാരണക്കാർ... ഈ അഷ്ട പാശങ്ങളാൽ ബന്ധിക്കപെട്ട ജീവനെ പശു എന്നറിയപ്പെടുന്നു...പാശത്തിൽ നിന്ന് മുക്തനാകുമ്പോൾ ജീവൻ ശിവനായി മാറുന്നു...
ഈ അഷ്ടപാശങ്ങളും ഷഡ് വൈരികളോടു കൂടിയ അഷ്ട രാഗങ്ങളുമാണു...മനുഷ്യന്റെ യഥാർത്ഥ ശത്രുക്കൾ..ഇതാണു യഥാർത്ഥ ശത്രുദോഷം...ഇവ സ്വയം തിരിച്ചറിഞ്ഞു മാറ്റാനായി പൂർവ്വ സൂരികൾ വിധിക്കപെട്ട പല സാത്വിക കർമ്മങ്ങളും മന്ത്രങ്ങളും കാലഘട്ടത്തിന്റെ ഗതി മാറ്റത്തിനനുസരിച്ച് ശാസ്ത്ര ഗോഷ്ഠികാട്ടി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും ഈശ്വരാംശം കുടികൊള്ളുന്ന സഹജീവികളുടെ നാശത്തിനു കാരണമാക്കിയും ഇതിന്റെ പേരിൽ പരസ്പര വിദ്വേഷം ഉണ്ടാക്കിയും സ്വയം പാപികളായി മാറുന്ന ഒരു തലമുറയാണു ഇന്ന് കൂടുതലും കാണുന്നത്..സ്വയം ആത്മ പരിശോധന നടത്തി ശത്രുതയുടെ കാരണം (മുകളിൽ പറഞ്ഞവ) തന്റെ ഉള്ളിൽ ഉണ്ടൊ എന്ന് ചിന്തിച്ച് ബോധ്യപെടുന്നതാണു കൂടുതൽ ഉചിതം..
വിധിപൂർവ്വം ദോഷനിവാരണത്തിനു ഈശ്വര പ്രാർത്ഥന ചെയ്യുന്നവർ..മറ്റുള്ളവർ ശത്രുക്കൾ ആകാതിരിക്കാൻ അനുയോജ്യമായ പ്രവർത്തികൾ സ്വയം ചെയ്യുക എന്നതാണു അഭികാമ്യം..അല്ലാതെ പ്രാർത്ഥനകളും സ്മരണകളും കർമ്മങ്ങളും ആഭിചാര രീതിയിൽ പോകരുത് എന്ന ധ്വനി ആണു വ്യക്തമാക്കുന്നത്
ദേവനിൽ ചൈതന്യലോപം വന്നാൽ തത്പരിഹാരം വ്യക്തമായി തന്ത്രശാസ്ത്രം വ്യക്തമാക്കുന്നുണ്ട്..അതുകൊണ്ട് എല്ലാമാണു....തന്ത്രശാസ്ത്രത്തിനെ "സര്വഃ അർത്ഥയേന തന്യന്തേത്രായന്തേ ച തന്ത്രം" എന്നു പറയുന്നത്....എല്ലാ പുരുഷാർത്ഥങ്ങളാലും വ്യാപിക്കപെടുകയും രക്ഷിക്കപെടുകയും ചെയ്യുന്നതാണു തന്ത്രം...കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രങ്ങളുടെ കൂട്ടായ്മയായ തന്ത്രശാസ്ത്രത്തിന്റെ പരിശുദ്ധിയും പ്രസക്തിും നഷ്ടപെടാതിരിക്കാൻ ഓരോ ആചര്യനും ശ്രദ്ധാലു ആകേണ്ടതാണ്. ..ഇതിൽ പ്രധാനമായും ആചാര്യന്മാർ ജ്യോതിഷം ,പൂജ തുടങ്ങിയ ശാസ്ത്രവിധികളെ അക്കാഡമിക് ലെവൽ മാനദണ്ഡങ്ങളുടെ അളവുകോൽ സ്വീകരിക്കാത്തെ..."പാല് പായസം ഒഴിച്ചുകൊടുക്കന്ന പാത്രങ്ങൾ വൃത്തി ഉള്ളതാണോ എന്ന് നിരീക്ഷിക്കുക....വൃത്തി ഇല്ലങ്കിൽ കഴുകി വൃത്തി ആക്കാൻ ശ്രമിക്കുക...എന്നിട്ടും വൃത്തിയായില്ലങ്കിൽ വൃത്തി ആക്കാൻ പറ്റുന്ന പാത്രങ്ങളിലെക്ക് മാത്രം ഒഴിച്ചു കൊടുക്കുക....ഇല്ലങ്കിൽ വിദൂരഭാവിയിൽ ഈ ശാസ്ത്രങ്ങൾ ശസ്ത്രങ്ങളായി പരിണമിക്കും..... ഇല്ലങ്കിൽ സാധാരണക്കാരായ ഭക്ത്ജനങ്ങളായിരിക്കും ഇതിനു വലിയ വില നൽകേണ്ടിവരുക.
.. ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു..ഭക്തി..ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല..മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല...തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി.(.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)...
സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃ
ഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം)
സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ സകല പ്രപഞ്ച പദാർത്ഥങ്ങളും വർത്തിക്കുന്നവനായി കാണുന്നവനാണു ഉത്തമ ഭക്തൻ
അതേ പോലെ തന്നെ
അർച്ചയാമേവ ഹരയേ- പൂജാം യഃ ശ്രദ്ധയേഹതേ,
ന തദ്ഭക്തേഷു ചാന്യേഷു- സഭക്തഃ പ്രാകൃത സ്മൃതഃ (വിഷ്ണു ഭാഗവതം)
എല്ലാറ്റിലും പരമാത്മാവു ഉണ്ടന്നറിയാതെ ഏതൊരുവൻ പ്രതിമാദികളിൽ മാത്രം ഈശ്വരനെ ശ്രദ്ധയോടെ പൂജിക്കുകയും ഭഗവത് ഭക്തന്മാരിലും മറ്റും സ്നേഹമില്ലാതെ അവരെ അന്യരായി കരുതുകയും ചെയ്യുന്നുവോ അവനാണ് പ്രാകൃത ഭക്തൻ..ഇന്നു കൂടുതലും ഇവരിൽ ഏത് ഗണത്തിൽ പെടുന്നവർ ആണ് ഉള്ളത്..ഭക്തത ജന ചിന്ത്യം..
ശ്രദ്ധ ,ഭക്തി, വിശ്വാസം എന്നീ ഭാവങ്ങളെ പുറത്തേക്ക് നയിക്കുമ്പോൾ ഭക്തി പ്രകടാത്മകമായി മാറും ,,പക്ഷെ ഈ മൂന്ന് ഭാവങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചു വിടുമ്പോൾ അത് ആത്മ സമർപ്പണമായിത്തീരുന്നു..ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങളുടെ വിലയനവും സമർപ്പണവും ആണു..യഥാർത്ഥ ഭക്തി...തന്റെ ഉള്ളിലുള്ള ഈശ്വര സാന്നിദ്ധ്യത്തെ ഏറ്റവും അടുത്തറിയാനുള്ള മാർഗ്ഗമാണു ഉത്തമ ഭക്തി.. പക്ഷെ ഇന്ന്
ഇതിൽ പ്രധാന തടസ്സം
ബഹു പൂജനീയ ഗുരുപാദത്തിന്റെ അഭിപ്രായങ്ങൾ ഇവിടെ വളരെ പ്രസക്തമാണു..
ദേവീ കലോത്തരത്തിലെ....
"ലോക ഗോഷ്ഠീം ന കുർവ്വീത
ശാസ്ത്ര ഗോഷ്ഠീം ന കാരയേൻ"
അതായത് ശാസ്ത്രത്തെ ശാസ്ത്ര തത്ത്വങ്ങൾക്ക് വിപരീതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനെ ആണു ശാസ്ത്ര ഗോഷ്ഠി എന്നു പറയുന്നത്... മറ്റൊരാൾ കാട്ടിയത് അതുപോലെ കാട്ടുകയാണു ലോക ഗോഷ്ഠി...അതിന്റെ പൊരുൾ എന്താണന്നോ യുക്തി സഹമാണൊ എന്നൊന്നും ഗൌനിക്കാതെ അന്ധമായി അനുകരിക്കുന്നതിനെ ലോക ഗോഷ്ഠി എന്നുപറയുന്നത്..
തത്ത്വനിഷ്ഠയോടെയും ആത്മ നിഷ്ഠയോടെയും ആചാര്യന്മാരും ഭക്തരും പരിഹാരം കാണേണ്ടുന്ന വിഷയം തന്നെ
പ്രാരബ്ധം, സഞ്ചിതം ,ആഗമികം എന്നീ മൂന്ന് ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ വന്നുപെടുന്നു...ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ പ്രാരബ്ധവും...ചെയ്ത കർമ്മങ്ങളിലൂടെ ഭാവി ജന്മങ്ങളിലെക്ക് സഞ്ചരിക്കുന്ന ദുഃഖം ആഗമികവും പൂർവ്വജന്മങ്ങളിലൂടെ സൂക്ഷ്മ ശരീരത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ദുഃഖഭാരം സഞ്ചിതവും ആകുന്നു..ഇവയിൽ പരിഹരിക്കാൻ പറ്റുന്നതും പരിഹരിക്കാൻ പറ്റാത്തതുമായ കർമ്മഫലങ്ങൾ ഉണ്ട്...ഇവ ഏത് താപ ത്രയങ്ങളിൽ വരും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ജ്യോതിഷിയെ ആണു ദൈവജ്ഞന് എന്ന നാമത്തിൽ വിളിക്കുന്നത്... അതുക്കൊണ്ടാണു ഇങ്ങനെയുള്ള ജ്ഞാന ശാഖകളെ ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്... ശാസ്ത്രങ്ങൾ രണ്ട് തരം ഉണ്ട്..ജ്ഞാനവും വിജ്ഞാനവും...വിജ്ഞാനത്തിൽ അധിഷ്ടിത്തമായവ എല്ലാം ഭൌതികമ്മാണു..അതാണു ഇന്ന് സർവ്വ സാധാരണ ഉപയോഗിച്ചു കാണുന്നത്.....പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് പുസ്തകരുപത്തിൽ ധാരാളാം ഉണ്ട്......ഇന്ന് ഇന്നതെന്ന് തീർച്ചപെടുത്തിയത് നാളെ അതല്ലാതായി മാറാം.... ജ്ഞാനം പരമാർത്ഥികമായ അറിവ് ആണു..... അത് ജന്മനാൽ പൂർവ്വ ജന്മാർജ്ജിതമായി കൂടെ ലഭിക്കുന്നതാണു ഗുരുപദേശത്താലും ശാസ്ത്ര നിത്യ പരിചയത്തതാലും ആണു അത് പരിപോഷിക്കുന്നത്...മോക്ഷ വിഷയമായ അറിവു..ജ്ഞാനം തന്നെ രണ്ട് വിധം ഉണ്ട്///വൃത്തി ജ്ഞാനവും സ്വരൂപജ്ഞാനവും... ഭഗവത് ഗീത 16/23,24 ഭാഗങ്ങൾ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
"ശാസനാദനിശം ദേവി വർണ്ണാശ്രമനിവാസിനാം
താരണാത് സർവ്വ പാപേഭ്യഃ ശാസ്ത്ര മിത്യഭിധീയ.. (കുലാർണ്ണവ തന്ത്രം)
വർണ്ണാശ്രമ ധർമ്മം അനുസരിച്ച് ജീവിക്കുന്നവർക്ക് സദാമാർഗ്ഗ ദർശനം നൽകികൊണ്ട്..അവരെ സർവ്വ പാപങ്ങളിൽ നിന്നും തരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശാസ്ത്രം എന്നു പറയുന്നു...ഇവിടെ വർണ്ണാശ്രമ ധർമ്മങ്ങൾ എന്ന് പറയുന്നതിന് വളരെ പ്രാധാന്യം ഉണ്ട്..അതിലെ ധർമ്മ ശബ്ദത്തിനാണു കൂടുതൽ പ്രാധാന്യം.....ഇങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് ഭക്തിയും പരിഹാരവും എല്ലാം താമരയിലയിൽ വീഴുന്ന വെള്ളം പോലെയണ്....
ഹൃദിജ്ഞാനേന മഖിലം
പവിത്രമിഹ വിദ്യതേ (ഗീത)
ഹൃദയത്തിൽ ജ്ഞാന സൂര്യൻ പ്രകാശിക്കുമ്പോൾ എല്ലാം പവിത്രമായിത്തീരുന്നു..ഇതു തന്നെ യാണു ഹൃദയശുദ്ധി..ഇങ്ങനെ യുള്ള ശുദ്ധാത്മാക്കൾ ഈശ്വരനെ ദർശിക്കുന്നു...
ആഗതം പഞ്ച വക്ത്രതാത്തു ഗ തം ച ഗിരിജാനനേ
മ തം ച വാസുദേവസ്യ തസ്മാദാഗമമുച്യതെ....
“ലോകാ സമസ്ത സുഖിനോ ഭവന്തു”
ഓം… ശാന്തി... ശാന്തി..... ശാന്തി