2020, ജൂലൈ 14, ചൊവ്വാഴ്ച

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം




കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307
==================================

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകള് പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള് ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില് അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര് അന്യദേശത്തു നിന്ന് തെക്കന്കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്. അവരില് ഒരു ഭക്തന് ശ്രീ പോര്ക്കലിയില് പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള് കൊണ്ട് ഞാന് പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല് നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന് സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന് ഞെട്ടിയുണര്ന്നു നോക്കിയപ്പോള് ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്റെ തലയ്ക്കല് ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന് കൊല്ലത്തെത്തിയ അയാള് അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല് നാന്ദകം കൂടി വെച്ച് പൂജിക്കാന് തുടങ്ങി. ആ വൈശ്യന് വിഷഹാരികൂടിയായതിനാല് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള് അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന് ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര് വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്ന്ന വൈശ്യവ്യാപാരികളും തെക്കന്കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നമായ വൈശ്യരോട് കൂടുതല് നികുതി ആവശ്യപ്പെട്ടുകാണും.വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന് വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യംവിട്ടുപോകാന് കല്പിക്കുകയും ചെയ്തു. നാന്ദകം പൂജിച്ചിരുന്ന കുടുംബമുള്പ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങള് അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട്‌ ജലമാര്ഗ്ഗം യാത്രതിരിച്ചു. തങ്ങളുടെ സകല ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തില് ആവാഹിച്ചെടുക്കാനും അവര് മറന്നില്ല. ബാക്കി വൈശ്യകുടുംബങ്ങള് തെക്കോട്ട്‌ നീങ്ങി. വടക്കോട്ട്‌ യാത്രതിരിച്ചവര് യാത്രയ്ക്കിടയില് ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരു കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണമായ കാഴ്ചയില് നിന്ന് പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര് അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര് കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില് നിന്ന് ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്ക്കാവശ്യമായ വീടുകളും നിര്മ്മിച്ചു. ക്ഷേത്രത്തിനു പൂര്വ്വസ്മരണ നിലനിര്ത്താന് കൊല്ലം പിഷാരികാവ് എന്നുതന്നെ അവര് പേരിട്ടു. കൊല്ലത്ത് നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്ത്തുന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര് വൈശ്യന്മാര് തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള് തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള് അഥവാ ഊരാളന്മാര് - കീഴയില്, വാഴയില്, ഇളയിടത്ത്, ഈച്ചരാട്ടില്, പുനത്തില്, നാണോത്ത്, മുണ്ടക്കല്, എരോത്ത് എന്നീ തറവാട്ടുകാര്.

പ്രതിഷ്ഠ
ശ്രീ പിഷാരികാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്.സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി ജ്വലിച്ചു നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യദ്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.ശിവന്റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.

ശിവക്ഷേത്രം
വൈശ്യന്മാർ ഇവിടെ എത്തിയശേഷം ശിവനെയും ഭഗവതിയെയും പ്രതിഷ്ഠിച്ചു.പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടമായിരുന്നു.ഇവിടെ ആദ്യം ശിവക്ഷേത്രമായിരുന്നു എന്നും ഐതിഹ്യമുണ്ട്.

ഉപദേവന്മാർ
ഗണപതിയും,ശാസ്താവും

ക്ഷേത്രപാല പ്രതിഷ്ഠ
നാലമ്പലത്തിനു പുറത്തു ക്ഷേത്ര ചുറ്റിൽ കിഴക്കു വടക്ക് ഭാഗത്തു ക്ഷേത്രപാല പ്രതിഷ്ഠ.

ഗുരുതി
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില് നടത്താറുള്ള ഈ അനുഷ്ഠാനം പിഷാരികാവിലും നടത്തിവരുന്നു.കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില് ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്ത്ഥം .ഗുരുതിക്ക് ഇപ്പോള് ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില് കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന് എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില് വീണാല് ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്ക്കുണ്ടായിരുന്നതിനാല് ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില് കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായി.ചൊവ്വ, വെള്ളി,ഞായര് എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തില് ഗുരുതി നടത്തുക.പ്രസിദ്ധ ഭദ്രകാളിക്ഷേത്രമായ പിഷാരികാവിലെ ഒരു പ്രധാനവഴിപാടാണ് വലിയ വട്ടളം ഗുരുതി.കാളിയാട്ടം കുറിച്ചുകഴിഞ്ഞാല് വലിയ വട്ടളം ഗുരുതി കഴിക്കാന് പാടില്ല.