2020, ജൂലൈ 5, ഞായറാഴ്‌ച

പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം


കാളീം മേഘസമപ്രഭാം തൃണയനാം വേതാള കണ്ഠസ്ഥിതാം
ഖര്‍ഗ്ഗം ഖേട ഗുണൌഘ ദാരുകശിര:കൃത്വാ കരാ ഗ്രേഷ്ഠച
ഭൂതപ്രേതപിശാച മാതൃസഹിതാം മൂണ്ഡാസൃജാലം കൃതാം
വന്ദേ ദുഷ്ടവസൂരികാദി സകലാം സംഹാരി കാമീശ്വരീം”



പനയറ തൃപ്പോരിട്ടക്കാവ്  ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് പനയറ തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വര്‍ക്കലയുടെ അതിര്‍ത്തി പ്രദേശം ആയ ചെമ്മരുതി
പഞ്ചായത്തിലെ പനയറ ദേശത്താണ് തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


എഴുനൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാളിയൂട്ട് നടന്നിരുന്നു. ക്ഷേത്രത്തിന്റെ തന്നെ പുനര്‍നാമകരണത്തിന് ഇടയാക്കിയ സംഭവബഹുലമായ അന്ത്യത്തോടെ കാളിയൂട്ട് അവസാനിപ്പിക്കുകയും പോരിട്ടക്കാവ് എന്ന് നാമകരണം
ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യം.




ചരിത്രവും ഐതീഹ്യങ്ങളും 


പ്രകൃതിയിലെ എല്ലാ മുക്ത ഭാവങ്ങളുടെയും നിത്യജ്യോതിസ്സായ സര്‍വ്വഭൂതാത്മികയായ തൃപ്പോരിട്ടക്കാവിലമ്മ മാതൃത്വത്തിന്റെ പ്രപഞ്ചമാതൃകയാണെന്ന് ബ്രഹ്മജ്ഞാനികള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്. ദാരികനെ വധിച്ച് ഉഗ്രരൂപിണിയായി നിന്ന ശ്രീഭദ്രകാളിയുടെ ക്രോധം ശമിപ്പിക്കുവാന്‍ ദേവഗണങ്ങള്‍ പല ഉപായങ്ങള്‍ നോക്കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. ഒടുവില്‍ സാക്ഷാല്‍ ശ്രീ പരമേശ്വരന്‍ ഒരു ഉപായം കണ്ടു. അതിശയിപ്പിക്കുന്ന തേജസ്സും നിഷ്കളന്കതയും ഉള്ള ഒരു കുഞ്ഞിന്‍റെ രൂപത്തില്‍ ശ്രീ ഭദ്ര കാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഈ അത്ഭുത ശിശുവിനെ കണ്ട മാത്രയില്‍ തന്നെ ശ്രീഭദ്രകാളിയുടെ ക്രൗര്യം അപ്പാടെ അപ്രത്യക്ഷമായി മാത്രമല്ല മാതൃത്വത്തിന്റെ അമൃത പ്രവാഹം ഉണ്ടാകുകയും ചെയ്തു. മാതൃത്വത്തിന്റെ ആ അത്ഭുതമാണ് തൃപ്പോരിട്ടകാവിലമ്മ എന്നത് ഒരു ഐതീഹ്യമായി കരുതപ്പെടുന്നു.

പുനരുദ്ധാരണത്തോടനുബന്ധിച്ചു നടന്ന ദേവപ്രശ്നത്തില്‍ ദേവി ഇപ്പോഴത്തെ സ്ഥാനത്ത് എത്തി ചേര്‍ന്നതിന്റെ ചരിത്രം പരാമര്‍ശിക്കപ്പെടുകയുണ്ടായി . വടക്കന്‍ കേരളത്തിലുള്ള വടക്കുംനാഥക്ഷേത്ര സമീപം എന്ന് കരുതപ്പെടുന്ന ഒരു സ്ഥലത്ത് നിന്ന് ദേവിയെ ഉപാസിച്ചു സ്വീകരിക്കുകയും ഒരു ഗൃഹത്തിന്റെ ഭാഗത്ത് കുറേകാലം സേവിക്കുകയും ശേഷം ദേവിയുടെ ഇച്ഛക്ക് അനുസരിച്ച് ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി ആലയം നിര്‍മ്മിച്ചുവെന്നു പറയുന്നു. കാടുപിടിച്ച് കിടന്നിരുന്ന ഈ പ്രദേശം ദേവിയുടെ പ്രകാശ ധോരണി ആവിര്‍ഭവിച്ചതിന്റെ ഫലമായി മാറിയിട്ടുള്ള തായ മറ്റൊരു കുടുംബവുമായി ദേവി ബന്ധപ്പെട്ടിരിക്കുന്നു. പൂര്‍വ്വാനുസ്മരണമെന്നോണം  മീനമാസത്തില്‍ ഭരണി നാളില്‍ ദേവിയെ എഴുന്നെള്ളിച്ചു പോയി ഇറക്കി പൂജിക്കുന്ന ഒരു സങ്കല്പ  സാങ്കേതമുണ്ട്. കളരി പരദേവത ബന്ധത്തിലുള്ള ഒരു കുടുംബവുമായും അഭേദ്യ ബന്ധമുള്ളതാണ്.  അങ്ങനെ ഏതാണ്ട് മൂന്നു കുടുംബവുമായും ബന്ധം സൂചിപ്പിക്കുന്നതായിരുന്നു ദേവ പ്രശ്നത്തില്‍ നിന്ന് വ്യക്തമാക്കപെട്ട ചരിത്രം. ഉഗ്ര ഭദ്രകാളി ഭാവത്തില്‍ കാളിയൂട്ടും കുരുതിയും വരെ നടന്നതായും ദേവ പ്രശ്നത്തില്‍ വ്യക്തമാക്കുകയുണ്ടായി എന്നത് ഒരു ഭദ്രകാളി ക്ഷേത്രം മാത്രം ആയിരുന്ന ഈ ക്ഷേത്രം തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം ആയി പുനനാമകരണം ചെയ്യപ്പെട്ട ഐതീഹ്യത്തെ കൂടുതല്‍ ഊട്ടിഉറപ്പിക്കുന്നതാണ്. ആ ഐതീഹ്യം പറയപ്പെടുന്നതിങ്ങനെ, 

കാളിയൂട്ട് നടന്ന ഒരു നാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനുവിളിച്ചു. താള മേള വാദ്യങ്ങള്‍ മുറുകി പെട്ടന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തി ജ്വലിച്ചത്. തന്നെ പിടിചിരുന്നവരെ തട്ടി മാറ്റി വാളുമായി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു കാളിയൂട്ട് കണ്ടു നിന്ന ജനങ്ങള്‍ അമ്പരന്നു. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങ് പടിഞ്ഞാറു അറബികടലില്‍ വച്ച് ഭദ്രകാളി ദാരികന്റെ കഴുത്തറുത്തു ചോര കുടിച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങള്‍ ആയിരുന്നു. സ്വന്തം സഹോദരനെയാണ് താന്‍ വധിച്ചെതെന്നു തിരുമുടി തലയില്‍നിന്ന് എടുത്തപ്പോള്‍ ആണ് ഭദ്രകാളിയുടെ വേഷം കെട്ടിയ ആള്‍ മനസിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരിട്ട (യുദ്ധം ചെയ്ത) കാവ്‌ തൃപോരിട്ടക്കാവ് ആയി. അന്ന് മുതല്‍ കാളിയൂട്ട് നിര്‍ത്തിയെങ്കിലും ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ചു പൊന്നറസ്തുതിഗീതം പാടിയും കുംഭമാസത്തില്‍ പ്രതീകാത്മക കുരുതി നടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്യുന്നു.

പുനരുദ്ധാരണവും അനുബന്ധപ്രവര്‍ത്തനങ്ങളും 


തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ കാലപ്പഴക്കം കൊണ്ട് ഉണ്ടായ ന്യൂനതകള്‍ മാറ്റുവാനും ക്ഷേത്രഖ്യാതി വിളംബരം ചെയ്യുവാനുമായി  ഒരുകൂട്ടം ക്ഷേത്ര വിശ്വാസികള്‍ സംഘടിക്കുകയും ഒരു കമ്മിറ്റി 2011 ഓഗസ്റ്റ്‌ മാസം രൂപികരിക്കുകയുണ്ടായി. തത്ഭലമായി ഓഗസ്റ്റ്‌ മാസം തനെ തലയോലപരമ്പ് പരമേശ്വരന്‍ മേനോന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തുകയും അമ്പലത്തിന്റെ ജീര്‍ണതകള്‍ പരിഹരിക്കുന്നതിന് ഏഴു ദിവസം നീണ്ടു നിന്ന പരിഹാരക്രിയകള്‍ നീലമന ഇല്ലത്തെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുക ഉണ്ടായി. തുടര്‍ന്ന് വിശ്വാസികളുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ അഖന്ധ നാമ ജപവും നടന്നു. 
ക്ഷേത്ര പഴമ നിലനിര്‍ത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി ക്ഷേത്ര ഭാരവാഹി ഉള്‍പ്പെട്ടു രൂപികരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. ക്ഷേത്രത്തിലെ നുനതകള്‍ പരിഹരിക്കാം വിധം ദേവപ്രശ്നത്തില്‍ തയ്യാറാക്കിയ പരിഹാരക്രിയകള്‍ക്കു തുടര്‍ച്ചയെന്നോണം നവീകരണ പ്രവര്‍ത്തനങ്ങളായ

൧. ക്ഷേത്ര ചുറ്റുമതില്‍ പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കുക.

൨. നാലമ്പലം നവീകരിക്കുക.

൩. ക്ഷേത്രശ്രീകോവില്‍ പുതുക്കിപണിയുക.

൪. മേട, ഊട്ടുപുര, ഉപദേവാലയങ്ങള്‍, കളിത്തട്ട് തുടങ്ങിയവ നവീകരണത്തിന് വിധേയമാക്കുക.

൫. ക്ഷേത്രകുളം നവീകരിക്കുക.

൬. ക്ഷേത്രത്തില്‍ പുതിയതായി കൊടിമരം സ്ഥാപിക്കുക
൭. ക്ഷേത്രത്തിനു മുന്‍ വശത്തായി നടപന്തല്‍ നിര്‍മിക്കുക

൮. കൂടാതെ ഒരു വിവാഹ സദ്യാലയം നിര്‍മ്മിക്കുക.

എന്നി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. നവീകരണങ്ങള്‍ക്ക് പര്യവസാനമായി അഷ്ടബന്ധ കലശം നടത്തി ദേവിയെ പുന പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നതോടെ മാത്രമേ പുനരുദ്ധാരണ മഹാമഹം അവസാനിക്കുകയുള്ളൂ.

ക്ഷേത്രാചാരങ്ങളും ഭരണിമഹോത്സവവും


വൃശ്ചിക വിളക്ക് :

ഉഗ്രഭദ്രകാളി ഭാവത്തില്‍ നടത്തപ്പെട്ടുകൊണ്ടിരുന്ന കാളിയൂട്ട് അവസാനിച്ചപ്പോള്‍ ഭദ്രകാളി ദേവിയുടെ കോപാഗ്നിയില്‍ നിന്നും രക്ഷനേടുന്നതിനും കോപഗ്നി ശമിപ്പിക്കുന്നതിനും വേണ്ടി വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ചു പൊന്നറസ്തുതിഗീതം പാടിയും ദേവിയെ പ്രീതിപ്പെടുത്തുന്നു. മാസത്തിന്റെ അവസാന ദിവസം കാളി-ദാരിക വധം അനുസ്മരിക്കും വിധം കാളിയൂട്ടിന്റെ പൂര്‍ണരൂപം വരച്ചും, സ്തുതിഗീതം പാടിയും, പ്രത്യേക ദേവിപൂജകള്‍ നടത്തിയും ദേവിയുടെ കോപാഗ്നി ശമിപ്പിച്ചു വരുന്ന ചടങ്ങ് ഇന്നും വളരെ പൂര്‍ണ്ണതയോടെ ആചരിക്കപ്പെടുന്നു.


കുംഭമാസത്തിലെ കുരുതി :

കാളി-ദാരിക വധത്തിനു പ്രതീകാത്മകമായി നടത്തിവരുന്ന മറ്റൊരു ചടങ്ങാണ് കുംഭമാസത്തില്‍ അര്‍പ്പിക്കപ്പെടുന്ന കുരുതി. അവസാനമായി നടന്ന കളിയൂട്ടിന്റെ അനുസ്മരണ ചടങ്ങായും ഈ ആചാരത്തെ പ്രകീര്‍ത്തിക്കാറുണ്ട്. പണ്ട് കാലങ്ങളില്‍ മൃഗബലി നടത്തി പോന്നിരുന്നതായി പറയപ്പെടുന്ന ഈ ആചാരത്തിന് ഇന്ന്തികച്ചും വ്യത്യസ്തമായ രീതിയില്‍ ഭഗവതിയുടെ മാതൃത്വത്തിനു   ഇണങ്ങും വിധം രക്തരൂക്ഷിതമല്ലാതെയുള്ള കുരുതിയാണ്  ഇന്നു നടന്നുവരുന്നത്. തുടര്‍ന്ന് തൃപ്പോരിട്ടക്കാവിലമ്മ മീനമാസത്തിലെ ജന്മനക്ഷത്രമായ ഭരണിനാള്‍ ആഘോഷിക്കുന്നതിനുള്ള അനുവാദം കല്‍പ്പിച്ചു നല്‍കുന്ന ചടങ്ങും ഇതിനോടൊപ്പം നടത്തപ്പെടുന്നു.


മീനഭരണി മഹോത്സവം :

ഭരണി മഹോത്സവമാണ്‌ ഇന്ന് തൃപോരിട്ടക്കാവ് ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവ മഹാമഹം. പൂരാടം നാളില്‍ കൊടിയേറി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഭരണി മഹോത്സവം വിവിധ ആഘോഷങ്ങളോടെയും ആചാര അനുഷ്ടാനങ്ങളോടും കൂടി നടന്നുവരുന്നു. ഉത്സവത്തിന്റെ എട്ടാം ദിവസമായ രേവതി നാളില്‍ വൃതമെടുത്ത ഏതൊരു ഭക്തനും കുളിച്ചു ഈറനുടുത്തു സുര്യദേവനെ വണങ്ങി ആകാശത്തിനു താഴെ പഞ്ജഭൂതങ്ങളുടെ സാന്നിദ്ധ്യത്തില്‍ മനസും ശരീരവും തൃപോരിട്ടക്കാവിലമ്മക്ക് അര്‍പ്പിച്ചു പൊങ്കാല നടത്തുന്ന ചടങ്ങ് വളരെ ഗംഭീരമായി ആചരിച്ചുവരുന്നു. ആയിരക്കണക്കിന് ഭക്തരുടെ തീരാ ദുഖങ്ങളും മോഹങ്ങളും പൊങ്കാലയില്‍ അര്‍പ്പിക്കപ്പെടുന്നു എന്നാണ് ഈ ചടങ്ങിലൂടെ വിശ്വസിച്ചുപോരുന്നത്.  മീനഭരണി നാളില്‍ സുര്യോദയത്തിനു മുന്പായി നടന്നുവരുന്ന ഉരുള്‍ മഹാമഹം ഇന്നും വളരെ പ്രസക്തിയോടെ നടന്നുവരുന്നു. ആയിരങ്ങളെ സാക്ഷി നിര്‍ത്തി തൃപോരിട്ടക്കാവിലമ്മയുടെ ആറാട്ട് എഴുന്നള്ളത്ത്‌ ഭരണിമഹോത്സവത്തിലെ വളരെ പ്രസക്തമായ ഒരു അനുഷ്ടാനമാണ്.  ദിവസാന്ത്യത്തില്‍ ക്ഷേത്രഅധികാരി ഉടവാള്‍ കയ്യിലേന്തി ഭഗവതിയെ  എഴുന്നെള്ളിച്ചു പോയി ഇറക്കി പൂജിക്കുന്ന സങ്കല്പ സങ്കേതത്തില്‍ ആറാട്ട് നടത്തി ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മടങ്ങിവരുന്നതുമായ അനുഷ്ടാനത്തോടെയാണ് ഭരണിമഹോത്സവം പൂര്‍ണ്ണമാകുന്നത്


പോരിട്ടക്കാവ് ക്ഷേത്രത്തില്‍ എങ്ങനെയൊക്കെ എത്തിച്ചേരാന്‍ കഴിയും

കല്ലമ്പലം, പാരിപ്പള്ളി, വര്‍ക്കല മുതലായ സ്ഥലങ്ങള്‍ ആണ് പോരിട്ടക്കാവ് ക്ഷേത്രത്തിനു വളരെ അടുത്തായി സ്ഥിതിചെയ്യുന്ന നഗരപ്രദേശങ്ങള്‍, തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം NH-47 വളരെ അടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ തിരുവനന്തപുര്തുനിന്നും കൊല്ലത്തുനിന്നും വരുന്ന ഭക്തര്‍ക്ക്‌ NH-47ന് കടന്നുപോകുന്ന കല്ലബലമോ പരിപ്പള്ളിയോ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്രദേശങ്ങളില്‍ നിന്നും എപ്പോഴും ബസ്‌ സര്‍വീസ് ലഭ്യമാണ്. വര്‍ക്കലയില്‍ നിന്നും എല്ലാ സമയവും പനയറയിലേക്ക് ബസ്‌ സര്‍വീസ് ഉള്ളതുകൊണ്ട് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ മാര്‍ഗവും ഭക്തജനങ്ങള്‍ക്ക് വളരെ പെട്ടന്ന് തന്നെ എത്തിച്ചേരാന്‍ കഴിയും.