2020, ജൂലൈ 15, ബുധനാഴ്‌ച

അറക്കൽ ക്ഷേത്രം


     

അറക്കൽ ക്ഷേത്രം.കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്കേ അതിരിൽ ഒഞ്ചിയം പഞ്ചായത്ത് ഊരാളുങ്കൽ അംശം മടപ്പളളി ദേശം. ഇങ്ങിനെയാണു കറുകച്ചാൽ മുക്കാൽ വട്ടം (ഇപ്പോൾ മടപ്പളളി) കടപ്പുറത്ത് അതിവിശാലമായ മണൽപരപ്പിൽ ഉയർന്നു നിൽക്കുന്ന അറക്കൽ കടപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിന്റെ ഔദ്യോഗിക മേൽവിലാസം. 
ദേശീയപാത 17 ൽ വടകരക്കും തലശ്ശേരിക്കും ഇടയിൽ നാദാപുരം റോഡ്, മടപ്പളളി, കേളുബസാർ എന്നിവിടങ്ങളിൽ നിന്നും തീരേദേശ റോഡിലേക്ക് ഒന്നു ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഉദ്ദേശം അഞ്ഞൂറു വർഷത്തെ പഴക്കം, തൈക്കടപ്പുറം-നീലേശ്വരം (കാസർഗോഡ് ജില്ല) ആണു മൂലസ്ഥാനം. നീലേശ്വരത്ത് ഏളത്തവും മടപ്പളളിയിൽ പൂരവുമാണ് പ്രധാന ഉൽസവങ്ങൾ.
അറക്കൽ ഭഗവതിക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ അമ്മ, മകൾ ഭഗവതിമാരാണ്. ആദ്യം അമ്മ ഭഗവതി, തൊട്ട് വലതു വശം മകൾ ഭഗവതി. ദൈവത്താർ, ശ്രീപോതി (കൂടെയുളളോർ), കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു, നാഗം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നീ ഉപദേവതമാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്.
ആദ്യകാലത്ത് പടിഞ്ഞാറ് മുഖമായിരുന്നു. പിന്നീട് ജ്യോതിഷ പ്രശ്‌നവിധി പ്രകാരം കിഴക്ക് മുഖമായി മാറ്റി പ്രതിഷ്ഠിച്ചു. അങ്ങിനെ ഉഗ്രസ്വരൂപിണിയായ ഭഗവതിമാർ ശാന്തഭാവം കൈവരിച്ചു. സൃഷ്ടിയുടെ അടിസ്ഥാനമാണ് അമ്മ. അമ്മ ഭഗവതിയെ ആരാധിക്കുന്നത് പൗരാണിക കാലം മുതലുളള സമ്പ്രദായമാണ്. അമ്മ എന്നാൽ ആദിപരാശക്തി. പ്രപഞ്ചത്തിനും കാണപ്പെട്ട സർവ്വചരാചരങ്ങൾക്കും അവയുടെ ജീവിത വിധികൾക്കും കാരണഭൂതയാണ് ആദിപരാശക്തി. അമ്മ ദുർഗ്ഗയായും കാളിയായും ഭുവനേശ്വരിയായും മഹാലക്ഷ്മിയായും സരസ്വതിയായും ഭാവം കൈക്കൊളളും. എല്ലാ ശക്തികളും ദേവിക്കധീനമാണ്. സ്ഥാനം തോറും പുരം തോറും വനം തോറും ഗൃഹം തോറും ദേവി ആരാധിക്കപ്പെടുന്നു.
ഉപദേവതമാർ
ദൈവത്താർ
മകൾ ഭഗവതിയുടെ തൊട്ടുവലത് ഭാഗത്താണു ദൈവത്താർ സ്ഥാനം. കിഴക്കുമുഖം. കിരാതമൂർത്തിയാണു ദൈവത്താർ. പരമശിവന്റെ കാട്ടാളരൂപമാണ് കിരാതമൂർത്തി.ഭഗവതിമാരുടെ യാത്രയിൽ വഴിതടഞ്ഞ ദൈവത്താറുമായി ഏറ്റുമുട്ടലുണ്ടായി. പിന്നോട്ട് നടന്നു പ്രതിരോധിച്ച ദൈവത്താറിനു രാജ്യാതിർത്തിയായ രാമന്തളി കടന്നതോടെ ശക്തിക്ഷയം സംഭവിച്ചു. തിരിച്ചറിവുണ്ടായ ദൈവത്താർ കൂടെപ്പോന്നോട്ടെയന്ന ആഗ്രഹത്തിന് മൗനമായി പിന്തുടർന്നോളാൻ അനുവദിച്ചു. വിട്ടുപിരിയാത്ത സൗഹൃദത്തിന്റെ അടയാളമായി ദൈവത്താറിനു വലത് ഭാഗത്ത് സ്ഥാനം നൽകി.
ശ്രീപോതി (കൂടെയുള്ളോർ)
ദൈവത്താറിനു വലതുഭാഗം പടിഞ്ഞാറു മുഖം. പരിചാരകസങ്കൽപത്തിലുളള ദേവതയായതിനാൽ കൂടെയുള്ളോർ എന്നും വിളിക്കുന്നു. ദേവിമാരുടെ കറുകച്ചാൽ മുക്കാൽ വട്ടത്തേക്കുളള യാത്രയിൽ അഴീക്കൽ കോടി വച്ചാണത്രേ ശ്രീപോതി കൂടെ ചേരുന്നത്. ദൈവത്താർ, ശ്രീപോതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേവതമാർ മറ്റു ക്ഷേത്രങ്ങളിലുമുണ്ട്. എന്നാൽ ദേവതാ സങ്കൽപങ്ങൾ വ്യത്യസ്തമാണ്.
കുട്ടിച്ചാത്തൻ
ദൈവത്താറിനു കിഴക്ക് ഭാഗത്തായി പടിഞ്ഞാറു മുഖം. ശിവപുത്രനാണു കുട്ടിച്ചാത്തൻ. വളളുവവേഷത്തിൽ ഭൂമിയിൽ അവതരിച്ച ശിവപാർവ്വതിമാർക്ക് പിറന്നു, മക്കളില്ലാത്ത ശിവഭക്തനായ കാളക്കാട്ട് ഇല്ലത്ത് നമ്പൂതിരി വളർത്തിയ ശാസ്തൻ ആണു കുട്ടിച്ചാത്തൻ എന്നാണ് ഐതിഹ്യം. പതിനെട്ട് ബ്രാഹ്മണകുടുംബങ്ങൾ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് ആയുധവിദ്യയിലും മായാവിദ്യയിലും അദ്വിതീയനായ കുട്ടിച്ചാത്തൻ.
ഗുളികൻ
ക്ഷേത്രസമുച്ചയത്തിന്റെ തെക്ക് കിഴക്കേ ഭാഗത്താണ് ഗുളികനു സ്ഥാനം. നാഗരൂപിയായ ഗുളികൻ ശിവാംശമാണ്. പരമശിവന്റെ ഇടത് തൃക്കാലിന്റെ പെരുവിരലിൽ നിന്നുമാണ് ഗുളികന്റെ പിറവി. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമാണ് ഗുളികൻ. നല്ലതും ചീത്തയുമായ എല്ലാ കർമ്മത്തിലും ഗുളികന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം.
ചിത്രകൂടം
ശ്രീപോതി സ്ഥാനത്തിനു പടിഞ്ഞാറു ഭാഗത്ത് വടക്ക് മുഖമായിട്ടാണു നാഗങ്ങൾക്കുളള ചിത്രകൂടം. അമ്മഭഗവതിയെ സങ്കൽപിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗദേവതകളുടെ സാന്നിദ്ധ്യമുണ്ടാവും.ആയില്യം നക്ഷത്രമാണു നാഗപൂജയ്ക്ക് ഉത്തമം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാഗപൂജ നടത്തുന്നു. സർപ്പദോഷമുളളവർ, സന്താനമില്ലായ്മക്കും ത്വക് രോഗങ്ങൾക്കും കുടുംബഛിദ്രത്തിനും പരിഹാരം തേടിയും നാഗപൂജയും വഴിപാടുകളും നടത്താറുണ്ട്. മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തൻ, ശിവന്റെ കണ്ഠത്തിനലങ്കാരമായ വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, കാളിയൻ, ശംഖപാശൻ എന്നിവയാണ് പ്രധാന നാഗദേവതകൾ.
വിഷ്ണുമൂർത്തി
ക്ഷേത്രസമുച്ചയത്തിനു വടക്ക് പടിഞ്ഞാറെ ഭാഗത്താണു വിഷ്ണുമൂർത്തി സ്ഥാനം. കിഴക്ക് മുഖം. വൈഷ്ണവാംശമാണ് നരസിംഹരൂപിയായ വിഷ്ണുമൂർത്തി. പാലന്തായി കണ്ണൻ ആണ് മംഗലാപുരത്ത് നിന്നും വിഷ്ണുമൂർത്തിയെ തന്റെ ചുരികയിൽ ആവാഹിച്ച് അളളടനാട്ടിൽ എത്തിച്ചത്. നീലേശ്വരം കോട്ടപ്പുറം വൈകുണ്‌ഠേശ്വരക്ഷേത്രമാണു വിഷ്ണുമൂർത്തിയുടെ പ്രധാന ദേവസ്ഥാനം. അളളട സ്വരൂപവുമായുളള പൂർവ്വ ബന്ധമാണ് വിഷ്ണുമൂർത്തിയും ദേവിമാരെ അനുഗമിച്ചെത്താനുളള ഇവിടെ സ്ഥാനം കൽപ്പിക്കാനുമുളള കാരണം.
ക്ഷേത്രപാലകൻ
ക്ഷേത്രത്തിന്റെ കാവൽക്കാരനാണ് ക്ഷേത്രപാലകൻ. ക്ഷേത്രസമുച്ചയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ആണ് ക്ഷേത്രപാലന് സ്ഥാനം കൽപിച്ചിട്ടുളളത്. അളളട സ്വരൂപത്തിന്റെ കുലദൈവം ആണ് ക്ഷേത്രപാലകൻ. ആദിപരാശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഇടങ്ങളിൽ ക്ഷേത്രസംരക്ഷനായി കാലഭൈവരവൻ ആയ ക്ഷേത്രപാലകൻ ഉണ്ട്.
കൊടുങ്ങല്ലൂരിൽ നിന്നുമാണ് ദേവകൽപനപ്രകാരം ക്ഷേത്രപാലകൻ നെടിയിരുപ്പ് സ്വരൂപത്തിലെത്തുന്നത്. സഹചാരികളായ വൈരജാതൻ, വേട്ടക്കൊരു മകൻ എന്നിവരുമൊത്ത് പന്ത്രണ്ട് വർഷക്കാലം പയ്യന്നൂർ പെരുമാളിനെ തപസ്സ് ചെയ്ത് അളളട സ്വരൂപം കീഴടക്കി. അളളട സ്വരൂപവുമായുളള ബന്ധവും അറക്കൽ ക്ഷേത്രത്തിൽ ക്ഷേത്രപാലകന് സ്ഥാനം കൽപ്പിക്കുവാൻ അടിസ്ഥാനമായി.
ധ്വജം
1998 മാർച്ച് അഞ്ചിനു ഉച്ചക്ക് 2.37 നും 3.23 നും ഇടയിൽ ആണു ധ്വജപ്രതിഷ്ഠ നടത്തിയത്. പ്രശസ്ത വാസ്തുശിൽപി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണു ധ്വജത്തിനു സ്ഥാനനിർണ്ണയം നടത്തിയത് തന്ത്രി വാരിക്കാട്ടില്ലത്ത് പദ്മനാഭൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തി.
ഗുരു
ദേവിമാർ കറുകച്ചാൽ മുക്കാൽ വട്ടത്ത് എത്തിച്ചേരാൻ കാരണഭൂതനായ മഹാത്മാവ് ആണ് ഗുരു. ക്ഷേത്രസമുച്ചയത്തിന്റെ തെക്കു പടിഞ്ഞാറെ കോണിലാണ് ഗുരുവിന്റെ സ്ഥാനം.
ആമ്പൽപൊയ്ക
ക്ഷേത്രത്തിനും കടലിനുമിടയിൽ നിറയെ വെളളത്താമര വിരിഞ്ഞു നിൽക്കുന്ന ജലാശയമാണ് ആമ്പൽപൊയ്ക. കടലിനു തൊട്ടടുത്താണെങ്കിലും വെളളത്തിനു ഉപ്പുരസമില്ല. ആമ്പൽപൊയ്കക്ക് ക്ഷേത്രഐതിഹ്യവുമായി അഭേദ്യബന്ധമാണുളളത്. ആദിയിൽ ഒഞ്ചിയം മുകയനു ദർശനനിയോഗമുണ്ടായത് ആമ്പൽപൊയ് തീരത്ത് വെച്ചാണ്. ആറാട്ടുനാളിൽ അതിപ്രധാന ചടങ്ങായ താലപ്പൊലി പുറപ്പെടുന്നത് ഈ സ്ഥലത്ത് നിന്നുമാണ്. ആമ്പൽ പൊയ്കയുടെ വടക്കേ ചാലിലാണ് തർപ്പണം നടക്കുന്ന പൊടിക്കളം.

Home/