2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

രാമേശ്വരം_രാമനാഥസ്വാമി_ക്ഷേത്രം, തമിഴ്നാട്.➖



തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ. ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. കാശിയോളം തന്നെ മുഖ്യമാണ്‌ രാമേശ്വരം ക്ഷേത്രവും.
ശില്‍പകലയുടെ വിസ്‌മയ ലോകമാണ്‌ ഏക്കറുകളോളം പരന്നു കിടക്കുന്ന രാമേശ്വരം ക്ഷേത്രം. 4000 അടി നീളമുള്ള ക്ഷേത്ര ഇടനാഴി ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ഇടനാഴിയായി കണക്കാക്കുന്നു. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.പ്രധാന ക്ഷേത്രത്തിനു പുറമേ ഹനുമാന്‍ ക്ഷേത്രവും രാമന്റെ കാല്‌പാടുള്ള രാമപാദവും അഞ്ചു കിലോമീറ്റര്‍ അകലെ ഉണ്ട്‌. രാമപാദം അമ്പലത്തിന്റെ മുകളില്‍ നിന്ന്‌ നോക്കിയാല്‍ ദ്വീപിനെ ചുറ്റി ഒഴുകുന്ന സമുദ്രത്തിന്റെ മനോഹര ദൃശ്യം കാണാം. ധനുഷ്‌ക്കോടിക്ക്‌ പോകുന്ന വഴിക്ക്‌ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ ക്ഷേത്രവും, ജഡായു കുളവും ഉണ്ട്‌.
ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു. ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.
ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തി ച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
പാലത്തിനെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം. രാവണ സംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
ഗന്ധമാദനപർവതം
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.
ശ്രീ ഗോദണ്ഡരാമക്ഷേത്രം
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.
ആഞ്ജനേയക്ഷേത്രം
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.
അഗ്നിതീർഥം
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
ധനുഷ്കോടി
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
രാമതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.
ലക്ഷ്മണതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.
സീതാതീർഥം
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.
ജടായുതീർഥം
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.
തങ്കച്ചിമഠം
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻ‌റി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻ‌റി.
തിരുപുല്ലാണി
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.
ദേവിപട്ടണം
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.
രാമേശ്വരവും ശിവപ്രതിഷ്ഠയും
**************************************
അദ്ധ്യാത്മരാമായണത്തില്‍ മാത്രമാണ് രാമേശ്വര കഥയുള്ളത്. അതിനെ ആധാരമാക്കി രചിച്ച കിളിപ്പാട്ടിലും കമ്പരാമായണത്തിലുമൊക്കെ പിന്നീടതു ചേര്‍ക്കപ്പെട്ടു. നാം ചെറിയൊരു വീടുപണിയാന്‍ തുടങ്ങുകയാണെങ്കില്‍ പോലും തറപൂജ നടത്തുമല്ലോ. അസാധ്യവും അതിശ്രമകരവുമായ സേതുബന്ധനം ആരംക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവപൂജ നടത്തി. അവിടെയൊരു ശിവലിംഗ പ്രതിഷ്ഠയും നടത്തി. എന്നിട്ട് ആസ്ഥലത്തിന് 'രാമേശ്വരം' എന്നുപേരിട്ടു. ശിവനെ പൂജിച്ചുകൊണ്ട് രാമന്‍ ലോകഹിതത്തിനായി പറയുന്നു.
രാമേശ്വരത്തിലെ ശിവനെ ദര്‍ശിച്ച് സേതുബന്ധനത്തെ പ്രമണിക്കുന്നവര്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍ നിന്നുപോലും മുക്തനാകുന്നു. സേതുബന്ധനത്തില്‍ സ്‌നാനം ചെയ്ത് രാമേശ്വരമഹാദേവനെ ദര്‍ശിച്ചിട്ട്, സങ്കല്‍പപൂര്‍വം കാശിയിലെത്തി അവിടെ നിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരനെ അഭിഷേകം ചെയ്തിട്ട് ആ ജലപാത്രത്തെ സമുദ്രത്തില്‍ അര്‍പ്പിക്കുകയാണെങ്കില്‍ അവന് ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുമെന്നതിനു സംശയമില്ല.
ഇന്നുമത് പല ഹിന്ദുക്കളും അനുഷ്ഠിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്നു നിരവധി ഗ്രാമീണ ഭക്തന്മാര്‍ കാശിയില്‍പോയി ദര്‍ശനം നടത്തി. ഗംഗാജലവുമായി രാമേശ്വരത്തുവന്ന് സേതുവില്‍ കുളിച്ച് രാമേശ്വരന് അഭിഷേകം നടത്തി. സമുദ്രജലവുമായി മടങ്ങിപ്പോകുന്നു.
ഹിമാലയത്തിലെ യമാനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരി എന്നീ ''ചാര്‍ധാം യാത്ര'' പുറപ്പെടുംമുമ്പ് രാമേശ്വരത്തെത്തി സമുദ്രസ്‌നാനവും ശിവദര്‍ശനവും നടത്തി സേതുവില്‍നിന്നും അല്പം മണലെടുത്ത് ഗംഗയില്‍ കൊണ്ടിടുന്ന പതിവ് ഇപ്പോഴുമുണ്ട്. ചാര്‍ധാം യാത്ര പൂര്‍ത്തിയാക്കിയശേഷം ഗംഗയില്‍ കുളിച്ച് ഗംഗാജലവുമായി വീണ്ടും രാമേശ്വരത്തെത്തി അഭിഷേകം ചെയ്യുന്നു. അപ്പോഴാണ് യാത്ര പൂര്‍ത്തിയാകുന്നത് എന്നാണ് ചിലരുടെ വിശ്വാസം.
രാമേശ്വരവും ഹനുമാനും
******************************
കമ്പരാമായണത്തിലേതാണ് ഇക്കഥ. അണക്കെട്ടുനിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സര്‍വ്വരുടെയും നന്മക്കായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീരാമന്‍ നിശ്ചയിച്ചു. നളന്റെ മേല്‍നോട്ടത്തില്‍ കരിങ്കല്‍ ഒരു ക്ഷേത്രം പണിയാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശിച്ചു. ദേവശില്പിയുടെ പുത്രന്‍ മനോഹരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠയ്ക്കു മുഹൂര്‍ത്തവും നിശ്ചയിച്ചു. കൈലാസത്തില്‍ ചെന്ന് ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആഞ്ജനേയനോടു പറഞ്ഞു. വായുപുത്രന്‍ കൈലാസത്തിലേക്കു പാഞ്ഞു.
എന്നാല്‍ മുഹൂര്‍ത്തസമയത്ത് ഹനുമാന് വിഗ്രഹവുമായി മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. മുഹൂര്‍ത്തം തെറ്റരുതല്ലോ. ശ്രീരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട പീഠത്തിനു മുന്നില്‍ചെന്ന് ധ്യാനനിരതനായി നിന്നു. ആ സമയത്ത് അവിടെയൊരു ദിവ്യചൈതന്യം ആവേശിച്ചു. പീഠത്തില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അങ്ങനെ പ്രതിഷ്ഠ കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹനുമാന്‍ വിഗ്രഹവുമായി എത്തിച്ചേര്‍ന്നു. പക്ഷേ പ്രതിഷ്ഠ കഴിഞ്ഞതുകൊണ്ട് ഹനുമാന്‍ കുണ്ഠിതപ്പെട്ടു. ഭക്തന്റെ കുണ്ഠിതം ഭഗവാനു സഹിക്കില്ലല്ലോ.
സ്വയംഭൂശിവലിംഗം പീഠത്തില്‍ നിന്നളക്കിമാറ്റിയിട്ട് ഹനുമാന്‍ കൊണ്ടുവന്ന ലിംഗം പ്രതിഷ്ഠിക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അതിശക്തനായ ഹനുമാന്‍ എത്ര ശ്രമിച്ചിട്ടും ആദ്യശിവലിംഗം ഇളക്കാന്‍ കഴിഞ്ഞില്ല. വിഷണ്ണനായ മാരുതിയോട് കൊണ്ടുവന്ന വിഗ്രഹം ഈ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും മഹിമയ്ക്കുമായി കിഴക്കേ ഗോപുരത്തിന്റെ മുന്‍ഭാഗത്തു പ്രതിഷ്ഠിക്കാനാവശ്യപ്പെട്ടു.
മാരുതി ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശ്രീരാമന്‍ അനുഗ്രഹിച്ചു. ”ഈ ശിവലിംഗം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം അകത്തുകയറി ക്ഷേത്രാധിപനായ ശിവലിംഗത്തെ ദര്‍ശിക്കുന്നവര്‍ക്ക് സകല അഭീഷ്ടവും സാധിക്കും” ഇപ്പോള്‍ രാമേശ്വരത്ത് പോകുന്നവര്‍ക്ക് ഈ രണ്ടു ശിവലിംഗവും ദര്‍ശിക്കാം. വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തിന്റെ സൂചനയില്ല.
രാമേശ്വരവും സീതയും
*************************
സ്ഥലപുരാണത്തില്‍ രാമേശ്വരത്തെ കുറിച്ച് പറയുന്ന കഥയ്ക്ക് മേല്‍പറഞ്ഞ കഥയില്‍ നിന്നും കുറച്ച് വ്യത്യാസമുണ്ട്.രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കുണ്ഠിതപ്പെട്ടു. ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.