2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ആഴിതീരം_തങ്ങി_ശ്രീ_ചാമുണ്ഡേശ്വരി_ക്ഷേത്ര൦, #ആയിരം_തെങ്ങ്, #ചെറുകുന്ന്, കണ്ണൂർ






☛ഐതീഹ്യപ്പെരുമ കൊണ്ടും പൗരാണികതകൊണ്ടും വേറിട്ടു നിൽക്കുന്ന ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.
☛''കാശിപുരാതേശ്വരിയായ അന്നപൂർണ്ണേശ്വരി
കാശിയില് നിന്ന് കപ്പല് വഴി വന്ന് ആദ്യം തങ്ങിയ
സ്ഥലം ആഴിതീരം തങ്ങി കാലാന്തരത്താല്
ആയിരം തെങ്ങായി മാറി''
ആരിയർ നാട്ടിൽ നിന്നും ആരിയ കപ്പൽ തന്നിൽ
ആദിപരമേശ്വരി ആഴിയിൽ കൂടി നേരെ
കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം
അന്നപൂർണേശ്വരി അമ്മ ആഴി തീരത്തിൽ തങ്ങി.
ആരിയർ നാട്ടിൽ നിന്നും ആരിയ കപ്പലിൽ അന്നപൂർണേശ്വരി ആഴിയിൽ കൂടി കോലത്തു നാടിൻ മദ്ധ്യേ തളിയാരു കടപ്പുറം എഴുന്നള്ളി ഇരുന്നുവെന്നത് ചരിത്രം. ആ സ്ഥലം പിന്നീട് ആഴിതീരം തങ്ങി എന്നറിയപ്പെട്ടു. പിൽക്കാലം ആഴിതീരം തങ്ങി ആയിരംതെങ്ങായി മാറി. ഏകദേശം 1600 വർഷത്തിലധികം പഴക്കമുള്ള മഹാ ക്ഷേത്രമാണ് ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. അന്നപൂർണേശ്വരി അമ്മ കാശിയിൽ നിന്നും എഴുന്നള്ളി ഇരുന്ന സ്ഥലം. അന്നപൂർണേശ്വരിയുടെ ആരൂഢസ്ഥാനം. ചെറുകുന്നിലെ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഇത്. നാലു വശത്തേക്കും മുഖമുള്ള ക്ഷേത്രങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്.
പരാശക്തി ഭക്തനായിരുന്ന കോലത്തിരി ഉദയവർമ്മൻ രാജാവിന്‍റെ പ്രാർത്ഥനയിൽ സന്തുഷ്ടയായ ദേവി തനിക്ക് വേണ്ടുന്നതൊക്കെ തരാൻ പ്രാപ്തനായ ഭക്തനിൽ സന്തോഷിച്ച് കോലത്തുനാട്ടിൽ എഴുന്നള്ളാൻ തീരുമാനിക്കുകയും, പരിവാര സമേതം മരകപ്പലിൽ കടൽ മാർഗ്ഗം പുറപ്പെടുകയും ചെയ്യുന്നു. കോലത്തുനാടിന്‍റെ മദ്ധ്യത്തിലാണ് ദേവി എഴുന്നള്ളുന്നതെന്നു മനസിലാക്കിയ രാജാവ് ഇവിടെ അമ്മയ്ക്ക് വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കാൻ ആളെ അയച്ചു. ഇന്ന് അന്നപൂർണ്ണേശ്വരീക്ഷേത്രം ഉള്ള സ്ഥലത്ത് അന്ന് ഒരു നമ്പൂതിരി ഇല്ലവും ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ടായിരുന്നു. അതിന്‍റെ ചുറ്റുപാട് മാത്രമേ വീടും ആൾ താമസവും ഉണ്ടായിരുന്നുള്ളു. ഇന്ന് ആയിരംതെങ്ങിൽ താമസിക്കുന്നവരുടെ മുൻഗാമികൾ അവിടെയാണ് താമസിച്ചിരുന്നത്. അവരെയാണ് അന്നത്തെ രാജാവ് അന്നപൂർണ്ണേശ്വരിക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊക്കെഒരുക്കിക്കൊടുക്കാൻ നിയോഗിച്ചത്. അവരാണ് കടൽക്കരയിൽ പച്ചോല കൊണ്ട് പന്തൽ നിർമ്മിച്ച് പട്ട് വിതാനിച്ച് പീഠവും വിളക്കും വെച്ച് കാശിമഹേശ്വരിയെ എതിരേറ്റത്.
അമ്മ പരിവാരസമേതമാണ് ആഴിതീരത്തിലെഴുന്നള്ളിയത്. കൂടെയുള്ളവരിൽ പ്രധാനി ചാമുണ്ഡേശ്വരിയാണ്, അമ്മയുടെ മകളാണെന്നും അഭിപ്രായമുണ്ട്. കൂട്ടത്തിൽ മാല കെട്ടുന്നയാളും മുങ്ങത്ത് വാര്യരും തലൂല് വീട്ടിലെ വാര്യരും പിന്നെ മൂന്ന് സ്ത്രീകളും ഉണ്ട് അവരാണ് മൂന്നില്ലത്തു വീട്ടുകാർ. കാശിയിൽ നിന്നും അമ്മയുടെ കൂടെ കപ്പിത്താനായി വന്നത് ഒരു ബൗദ്ധനാണ്. അദ്ദേഹം ചെറുകുന്ന് ഒളിയങ്കരപ്പള്ളിയിൽ അടങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്ഥലപരിമിതി കാരണം അമ്മയ്ക്കും പരിവാരങ്ങൾക്കും ഇവിടെ ഒന്നായി നിൽക്കാൻ സാധ്യമല്ലാത്തതുകൊണ്ട് അന്നപൂർണേശ്വരി അമ്മ മറ്റൊരു സ്ഥലം തേടി യാത്ര തിരിക്കുന്നു. എന്നിരുന്നാലും പരിവാരങ്ങളുടെ ക്ഷേമാന്വേഷണത്തിനു വേണ്ടി ദിവസവും ആഴിതീരത്തിലെത്തുന്ന ദേവീ സാന്നിധ്യം ഇവിടുത്തെ ഐശ്വര്യവും മാഹാത്മ്യവും വർധിപ്പിക്കുന്നു.
അന്നപൂർണ്ണേശ്വരിക്കുവേണ്ടി സ്ഥലം തേടി അമ്മയും ചാമുണ്ഡേശ്വരിയും നേരെ പോയത് കുന്നിൻ മതിലകത്തു നിന്നും വടക്കു പടിഞ്ഞാറ് അരയാൽ ചുവട്ടിലായിരുന്നു. ശിവൻ ഉള്ളതു കൊണ്ടാണ് അമ്മ അവിടെ ഇരിക്കാൻ പ്രാധാന്യം കൽപ്പിച്ചത്. ഈ സ്ഥലമാണ് മഠത്തിലരയാൽ. അവിടെ നിന്നും ചാമുണ്ഡേശ്വരി ഒരു വീട്ടിൽ കയറി അവിടെ നിന്നും കല്പവൃക്ഷമധു കുടിക്കുന്നു. എന്‍റെ കൂടെ ഒരാൾ കൂടി ഉണ്ട് എന്ന് പറഞ്ഞ് ഇളനീർ വാങ്ങി അമ്മയ്ക്കും കൊടുക്കുന്നു. ആ സങ്കൽപ്പം ഇന്നും നടത്തിവരുന്നു. അവരാണ് ആയിരം തെങ്ങ് ക്ഷേത്രത്തിലെ കലശക്കാർ. ആ യാത്രയിലാണ് ഇന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം ഉള്ള സ്ഥലം അമ്മ കാണുന്നത്, അന്ന് ഇവിടെ ഒരു നമ്പൂതിരി ഇല്ലവും അവരുടേതായ ശ്രീകൃഷ്ണ ക്ഷേത്രവും (കണ്ണപുരത്തപ്പൻ) കുളവുമാണ് ഉണ്ടായിരുന്നത്. ഈ ക്ഷേത്രത്തിന്‍റെ അഗ്രശാലയാണ് അമ്മ ഇരിക്കാനുള്ള സ്ഥലം കണ്ടത്. അതറിഞ്ഞ കോലത്തിരി രാജാവ് ആ നമ്പൂതിരി ഇല്ലവും ശ്രീകൃഷ്ണ ക്ഷേത്രവും കുളവും ഈ ക്ഷേത്രത്തിനു കിഴക്ക് പണികഴിപ്പിച്ചു കൊടുത്തു. കൂടാതെ ധനങ്ങളും കൊടുത്ത് അന്നപൂർണ്ണേശ്വരിയുടെ അഗ്രശാല പ്രവൃത്തിയും അവർക്ക് സമ്മതിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍റെ അഗ്രശാല ഉള്ള സ്ഥലമാണ് അമ്മയുടെ ശ്രീകോവിൽ. അതുകൊണ്ടാണ് അഗ്രശാലാമാതാവ് എന്നു പറയുന്നത്. അതുപോലെതന്നെ ആഴിതീരം ചാമുണ്ഡേശ്വരിക്ക് കോലത്തിരി രാജാവിന്‍റെ സഹായത്തോടുകൂടി ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ ചെയ്യിച്ചു പട്ടം കെട്ടി പരവതാനിയിലിരുത്തി ആഴിതീരം ചാമുണ്ഡി എന്ന പേര് വിളിച്ച് ഇവിടെ ഇരുത്തി. ചാമുണ്ഡേശ്വരി പരിവാര സമേതം ആഴിതീരെ കുടികൊണ്ട് അഗ്രശാലാമാതാവിന്‍റെ ആജ്ഞ പ്രകാരം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ ഇരുന്ന് ക്ഷേത്രത്തിന്‍റെ നടത്തിപ്പ് നോക്കാൻ അധികാരപ്പെടുത്തി. സന്ധ്യാവിളക്ക് അതായത് ദീപാരാധന കഴിഞ്ഞ് പടിഞ്ഞാറെ നട തുറക്കാൻ പാടില്ല ഇന്നും. അത് അന്ന് കൽപ്പിച്ചതാണ്.
അന്നപൂർണ്ണേശ്വരി എഴുന്നള്ളി ഇരിക്കൂന്ന സ്ഥലത്ത് ചില വിഷേശതകൾ ഇന്നൂം നമുക്ക് കാണാൻ സാധിക്കുന്നതാണ്. അന്നപൂർണ്ണേശ്വരി അമ്മയുടെ തലയിൽ നിന്നും ഒരു പുഷ്പം (ചെക്കി) വീണു മുളച്ചതായി പറയുന്ന ചെക്കി, അതിപ്പൊഴും തെഴുത്തു കിളിർത്തു നിൽക്കുന്നു. ഇത് എല്ലായപ്പോഴും പുഷ്പിച്ചു നിൽക്കുന്നു. ഇതിനു വെള്ളം ഒഴിക്കാറില്ല. മറ്റൊരു വിശേഷം അമ്മ എഴൂന്നള്ളിയ കപ്പൽ വന്ന വഴി ഈ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്ത് ഇന്നും കാണാം. നയനമനോഹരവും ഭക്തിനിർഭരവുമായ കാഴ്ചയ്ക്കപ്പുറം ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളായി ഇവ തലയുയർത്തി നിൽക്കുന്നു. അമ്മയ്ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമായതിനാലാകാം ഇവിടെയാണ് അമ്മ അന്നദാനം നടത്താൻ വേണ്ടി ഉപയോഗിച്ച കുഴി അടുപ്പ് സ്ഥാപിച്ചിട്ടുള്ളത്. അന്നപൂർണ്ണേശ്വരി ഈ സ്ഥലത്തു വച്ച് അന്നദാനം നടത്തിയിട്ടുണ്ടായിരുന്നു. അന്ന് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച കുഴിയടുപ്പ് ഇന്നും ഇവിടെ സംരക്ഷിക്കുന്നു. കളിയാട്ടം കഴിയുന്ന ദിവസം പുറത്തെടുക്കുന്ന ഈ അടുപ്പിൽ നിന്നും ഒരു ചെമ്പിൽ ചോറു വെക്കണം. അതാണ് 'ഹവിസ്സ് വാരൽ'. അത് പ്രധാനമാണ്
അത് പ്രധാനമാണ്. അതു കൂടാതെ പരിവാരങ്ങളുടെ ക്ഷേമാന്വേഷണത്തിനു വേണ്ടി എല്ലാ ദിവസവും അഴിതീരത്തിലെത്തുന്ന അമ്മയുടെ സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം വർദ്ധിപ്പിക്കുന്നു.
അതുപോലെ അന്നപൂർണേശ്വരി അമ്മയും ചാമുണ്ഡേശ്വരി അമ്മയും തമ്മിലുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്ന തെളിവുകൾ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇന്നും നമുക്ക് കാണാൻ സാധിക്കുന്നതാണ്.അന്നപൂർണേശ്വരിയുടെ പുറത്തെ ധരിക്ക് വെള്ളെഴുത്തിന് കൊത്തിവച്ച ശില്പങ്ങൾ ഇതിനുദാഹരണമാണ് ശ്രീകൃഷ്ണ ഭഗവാൻ, നടുക്ക് അന്നപൂർണേശ്വരി, ഇടത് ഭാഗം ചാമുണ്ഡേശ്വരി ഈ മൂന്ന് ശക്തിയേയും അവിടെ കാണാം. അമ്മയുടെ ശ്രീകോവിലിന്‍റെ കട്ടിളക്കും ചാമുണ്ഡേശ്വരിയുടെ ശില്പമുണ്ട്. അതൊന്നും കൂടാതെ മനുഷ്യാധീനത്തിൽഅമ്മയുടെ ഉത്സവം അറാം നാൾ ആഴിതീരത്തിൽ എഴുന്നള്ളിച്ച് വരണം.
ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂര വിളക്ക് ഉത്സവം വളരെ പ്രസിദ്ധമാണ്. അന്നപൂർണേശ്വരീ ക്ഷേത്ര ചിറയിൽ നിന്നാണ് ചാമുണ്ഡേശ്വരിയുടേയും പരിവാരങ്ങളുടേയും പൂരം കുളി. അന്നപൂർണ്ണേശ്വരീ ക്ഷേത്ര ചിറയുടെ കന്നിമൂല കടവിൽ നിന്നാണ് പൂരം കുളിക്കേണ്ടത്. ഈ ചിറയിൽതന്നെ രണ്ട് കിണറും ഒരു കുളവുമുണ്ട്. ഈ ചിറയുടെ മദ്ധ്യത്തിലുള്ള കിണറിൽ നിന്നാണ് ചാമുണ്ഡേശ്വരി പൂരം കുളിക്കുക. ആ കിണറിനു കുറച്ച് കിഴക്ക് തെക്കായി മറ്റൊരു കിണറുമുണ്ട്. അതിൽ നിന്നാണ് മുണ്ടയാം പറമ്പിൽ ഭഗവതിയുടെ പൂരം കുളി. ഇത് വളരെ പ്രധാനമാണ്. കുളി കഴിഞ്ഞ് അന്നപൂർണ്ണേശ്വരീക്ഷേത്രത്തിൽ പ്രവേശിച്ച് പടിഞ്ഞാറു ഭാഗത്തുള്ള വാതിലിൽകൂടി പ്രദക്ഷിണം വെച്ച് അമ്മയുടെ മുമ്പിൽ ചാമുണ്ഡേശ്വരിയും പരിവാരങ്ങളും എത്തുമ്പോൾ മേൽശാന്തി ശ്രീകോവിലിൽ നിന്നും പുറത്തിറങ്ങി നിൽക്കണം. അമ്മയ്ക്ക് കാണിക്കവെച്ചാൽ അതെടുത്ത് ശ്രീകോവിലിൽ കൊണ്ടുവെച്ച് അമ്മയുടെ പ്രസാദം തരണം. പ്രസാദം എല്ലാവരും എടുത്ത് പരിവാരങ്ങൾക്ക് പുറത്തെ നടയിലേക്ക് വന്നതിനു ശേഷം ചാമുണ്ഡേശ്വരി അമ്മയുമായി കൂടിക്കണ്ട് നട അറിയിപ്പ് കഴിഞ്ഞതിനു ശേഷം അഗ്രശാലയിൽ കയറി മേൽനോട്ടം നടത്തി പുറത്ത് വന്ന് മേൽശാന്തിയേയും ക്ഷേത്ര നടത്തിപ്പുകാരെയും വിളിച്ച് ശാസനാരൂപത്തിൽ അരുളപ്പാട് കഴിഞ്ഞതിനു ശേഷം അമ്മയുടെ വക പതിനൊന്ന് ഇളനീര്‍ ചാമുണ്ഡേശ്വരിക്ക് കൊടുക്കണം. അത് പരിവാരങ്ങളോടുകൂടി കൊത്തിക്കുടിച്ച് അവിടുന്നും പുറപ്പെട്ട് അമ്മയുടെ പരിചാരകൻമാരുടെ വീടുകളിൽ കയറി പാലക്കീൽ കളരിക്ഷേത്രത്തിൽ കയറി ആഴിതീരത്തിലേക്ക് മടങ്ങുന്നു.
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ തിരുവായുധം കൊണ്ട് മറ്റാർക്കും കയറാൻ പാടില്ല. അതുപോലെ ചെറുകുന്നിലുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടു പോകണം. ആയിരം തെങ്ങ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് കൊണ്ടു വരേണ്ട. ഇവിടെ നിന്നും അങ്ങോട്ടു പോയതാണല്ലൊ.
അന്നപൂർണേശ്വരിയും പരിവാരങ്ങളും മരകപ്പലിൽ ആഴിതീരത്തിൽ വന്നപ്പോൾ കടൽക്കരയിൽ പച്ചോല കൊണ്ട് പന്തൽ നിർമ്മിച്ച് പട്ട് വിതാനിച്ച് പീഠവും വിളക്കും വെച്ച് എതിരേറ്റ് ക്ഷേത്രവും പണികഴിപ്പിച്ച് പ്രതിഷ്ഠ കഴിപ്പിച്ചു, എല്ലാം ചെയ്തതായ ഗുരുവര്യന്മാരാണ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‍റെ കുറച്ച് തെക്ക് ഗുരുക്കളാൽത്തറയിൽ കുടികൊള്ളുന്നത്. അവരെ ഇന്നും പൂജിക്കുന്നു. കൂടാതെ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ എന്തു കർമ്മം നടത്തണമെങ്കിലുംഗുരുക്കളാൽത്തറയിൽ ആദ്യം പൂജിച്ചതിനു ശേഷമേ നടത്താൻ പാടുള്ളൂ.
എത്തിച്ചേരാൻ:
കണ്ണൂർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിനു പിറകിൽ ഒരു കിലോമീറ്ററിനു ശേഷം ആയിരം തെങ്ങ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം.