2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ചൊവ്വല്ലൂർ ശിവക്ഷേത്രം തൃശൂർ ജില്ല



ചൊവ്വല്ലൂർ ശിവക്ഷേത്രം


തൃശൂർ ജില്ലയിലെ ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമേറിയ ഈ ശിവക്ഷേത്രമാണ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽഒന്നാണിത്.
ചൊവ്വല്ലൂർ ശിവക്ഷേത്രം

    ഐതിഹ്യം

    എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.

    ക്ഷേത്രനിർമ്മിതി

    ക്ഷേത്രപരിസരവും മതിലകവും

    ചൊവ്വല്ലൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പ്രശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമാണ് ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാൻ കഴിയുന്നത്. പടിഞ്ഞാറുഭാഗത്ത് വഴിയുടെ ഇരുവശത്തും ധാരാളം വീടുകൾ കാണാം. അവ പിന്നിട്ടുകഴിഞ്ഞാൽ ഒരു അരയാൽമരംകാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവുംനടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ വടക്കുഭാഗത്താണ് വാഹനപാർക്കിങ് സൗകര്യമുള്ളത്. തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രം കാണാം. ഇത് 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്നു. ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിനിൽക്കുന്ന ശ്രീകൃഷ്ണഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. മുന്നിലെ അരയാൽ വിട്ട് അല്പദൂരം കൂടി നടന്നാൽ മറ്റൊരു അരയാൽ കാണാം. ഇതിനടുത്ത് ചില കരിങ്കൽപ്പടികളുണ്ട്. അവ കയറിയാൽ ക്ഷേത്രമതിലകത്തെത്താം.
    ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിന്റേത്. ഇതിന്റെ ചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. പടിഞ്ഞാറേ നടയിൽ ആനക്കൊട്ടിലും ബലിക്കൽപ്പുരയുമുണ്ട്. താരതമ്യേന ചെറുതാണ് ആനക്കൊട്ടിൽ. ഇത് താരതമ്യേന പുതിയതാണ്. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ബലിക്കൽപ്പുരയിലുള്ള പ്രധാന ബലിക്കല്ലിന് ഏകദേശം പത്തടി ഉയരമുണ്ട്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ഒരു ശ്രീകോവിലുണ്ട്. 2001-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ടായത്. രണ്ടുകൈകളോടുകൂടിയ ബാലസുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ.
    ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വൻ കാടാണ്. ധാരാളം മരങ്ങൾ അവിടെ വളർന്നുവരുന്നുണ്ട്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്ത് നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. 2011-ലാണ് ഈ ക്ഷേത്രം പണിതത്. ഒറ്റക്കല്ലിൽ വിവിധ ദിക്കുകളിലേയ്ക്ക് ദർശനമായി നിൽക്കുന്ന നവഗ്രഹങ്ങളുടെ വിഗ്രഹങ്ങൾ ധ്യാനശ്ലോകപ്രകാരം തന്നെ നിർമ്മിച്ചിരിയ്ക്കുന്നു. നടുക്ക് സൂര്യൻ, കിഴക്ക് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്നിവരാണ് ഈ പ്രതിഷ്ഠയിൽ. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ബുധനും വ്യാഴവും വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.