2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം,കോട്ടയം ജില്ലയിൽ പുതുപ്പള്ളിയ്ക്കടുത്ത്



വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
================================
കേരളത്തിലെ കോട്ടയം ജില്ലയിൽ പുതുപ്പള്ളിയ്ക്കടുത്ത് വെന്നിമലയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനുംലക്ഷ്മണനും ഒന്നിച്ച് സാന്നിദ്ധ്യമരുളുന്ന അപൂർവ്വക്ഷേത്രമാണ് ഇവിടം. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രം നോക്കിനടത്തുന്നത്. ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശ്രീരാമലക്ഷ്മണന്മാർക്കൊപ്പം ഹനുമാനും അദൃശ്യനായി ക്ഷേത്രത്തിൽ മരുവുന്നു. കൂടാതെ ഗണപതി, ശിവൻ, ശാസ്താവ്, ശ്രീകൃഷ്ണൻ, ഭഗവതി, സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവരും ഉപദേവതകളായുണ്ട്.
ഐതിഹ്യം
സ്ഥലനാമം
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് ഘോരവനമായിരുന്നു. കപില മഹർഷിയടക്കമുള്ള പല പുണ്യ ഋഷീശ്വരന്മാരും ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു. സമീപത്തുതന്നെയുള്ള ഒരു ഗുഹയിലാണ് ഇവർ തപസ്സനുഷ്ഠിച്ചിരുന്നത്. എന്നാൽ, പലകാലത്തായി ഇവിടെയെത്തിച്ചേർന്ന രാക്ഷസന്മാർ അവർക്ക് ധാരാളം ഉപദ്രവങ്ങൾ ഉണ്ടാക്കി. ആ സമയത്താണ് ശ്രീരാമലക്ഷ്മണന്മാർ ഇതുവഴി കടന്നുപോയത്. സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഇരുവരും ഇവിടെയെത്തിയത്. വിവരമറിഞ്ഞ കപിലമഹർഷി മറ്റ് ഋഷിമാർക്കൊപ്പം വന്ന് ഇരുവരെയും യഥാവിധി പൂജിച്ച് ആനയിച്ചു. തങ്ങളെ ഉപദ്രവിയ്ക്കുന്ന രാക്ഷസന്മാരെപ്പറ്റി അവർ ഇരുവരെയും ബോധിപ്പിച്ചു. തുടർന്ന്, രാക്ഷസന്മാരെ വകവരുത്താനായി ശ്രീരാമൻ അനുജനെ പറഞ്ഞുവിട്ടു. മഹർഷിമാർ ലക്ഷ്മണനെ അനുഗമിച്ചു. രാക്ഷസന്മാർ വളരെ ദൂരെനിന്നുതന്നെ അവരുടെ വരവ് കണ്ടു. ലക്ഷ്മണനെ കണ്ടതോടെ രാക്ഷസന്മാർ ആയുധമെടുത്ത് പോരാടാൻ തുടങ്ങി. എന്നാൽ, നിമിഷനേരം കൊണ്ട് ലക്ഷ്മണൻ അവരെയെല്ലാം വകവരുത്തി. മുനിമാർ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ വിജയക്കൊടി പാറിച്ച സ്ഥലം 'വിജയാദ്രി' എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്, വിജയാദ്രി മലയാളീകരിച്ച് വെന്നിമലയായി.
ക്ഷേത്രം
എന്നാൽ, ക്ഷേത്രമുണ്ടായത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞ് കലിയുഗത്തിൽ ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിലാണ്. അതിനുപിന്നിലുമുണ്ട് ഒരു കഥ: ഒരു രാത്രിയിൽ ചേരമാൻ പെരുമാൾ കോട്ടയത്തിന് പടിഞ്ഞാറുള്ള വേമ്പനാട്ട് കായലിലൂടെ തോണിയിൽ സഞ്ചരിയ്ക്കുകയായിരുന്നു. കിഴക്കുഭാഗത്തെ ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നത് അദ്ദേഹം ആസ്വദിച്ചുനിന്നു. എന്നാൽ, അവയിൽ സപ്തർഷികൾ മാത്രം കറങ്ങുന്നതും നാമം ജപിയ്ക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഈ അത്ഭുതം മനസ്സിലാക്കിയ അദ്ദേഹം തോണിക്കാരനോട് തോണി കിഴക്കുഭാഗത്തേയ്ക്ക് തിരിയ്ക്കാൻ ആജ്ഞാപിച്ചു. തുടർന്ന് ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗം വരെയെത്തിയ അദ്ദേഹം ആ ദൃശ്യത്തിൽ വീണ്ടും മതിമറന്നുനിന്നു. പെരുമാൾ അവിടെയെത്തിയ വിവരമറിഞ്ഞ സ്ഥലത്തെ ഒരു പ്രമാണിയായ പാഴൂർ പണിക്കർ അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചു. താൻ കണ്ട അത്ഭുതദ്ദൃശ്യത്തിന്റെ കാര്യം പെരുമാൾ പണിക്കരോട് പറഞ്ഞു. അപ്പോൾ പണിക്കർ പെരുമാളോട് ഇങ്ങനെ പറഞ്ഞു: കിഴക്കുഭാഗത്തെ മലയിൽ അതിദിവ്യമായ ഒരു ഈശ്വരസാന്നിദ്ധ്യമുണ്ട്. പണ്ട് കപിലമഹർഷി പൂജിച്ചിരുന്ന അതിദിവ്യമായ വൈഷ്ണവസാന്നിദ്ധ്യമാണത്. അതാണ് അങ്ങ് കണ്ട ദർശനത്തിന്റെ തത്ത്വം. ഈയിടെ ഇരവി എന്നുപേരുള്ള ഒരു വേടൻ മല കിഴങ്ങുപറിയ്ക്കാനായി അവിടം കുഴിച്ചുനോക്കിയപ്പോൾ പെട്ടെന്ന് രക്തപ്രവാഹമുണ്ടായി. സംഭവമെന്താണെന്ന് മനസ്സിലാക്കാനായി അയാൾ നോക്കിയപ്പോഴാണ് അവിടത്തെ ദൈവികസാന്നിദ്ധ്യം മനസ്സിലായത്. ഇപ്പോൾ ആ സ്ഥലം ഇരവിയുടെ കൈവശമാണ് ഇത്രയും കേട്ടറിഞ്ഞ പെരുമാൾ ഉടനെത്തന്നെ പണിക്കരെയും കൂട്ടി കിഴക്കൻമല ലക്ഷ്യമാക്കി യാത്ര തിരിച്ചു. അന്നിവിടം ഘോരവനമായിരുന്നു. വളരെ ബുദ്ധിമുട്ടി മല കയറിയെത്തിയ പെരുമാൾ ഉടനെത്തന്നെ ഇരവിയെ കണ്ടെത്തുകയും അയാളിൽ നിന്ന് കാര്യം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹം ആ സ്ഥലം മൂന്നുതവണ വലം വയ്ക്കുകയും സ്ഥലം ഇനിമുതൽ വെന്നിമലക്കോട്ട എന്നറിയപ്പെടുമെന്നും ഇനി ഇവിടെ ആദിവാസികൾ താമസിയ്ക്കേണ്ടതില്ലെന്നും എന്നാൽ, അവർക്ക് മലയടിവാരത്ത് താമസിയ്ക്കാമെന്ന് വിളംബരം ചെയ്യുകയും ചെയ്തു.
തുടർന്ന് വെന്നിമലക്കോട്ടയ്ക്കകത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കാനായി പെരുമാൾ തീരുമാനമെടുത്തു. അതിന് മുന്നോടിയായി അദ്ദേഹം ഒരു വിഷ്ണുവിഗ്രഹം പണികഴിപ്പിച്ചു. ക്ഷേത്രത്തിന്റെ പണി പൂർത്തിയായി. പ്രതിഷ്ഠാകർമ്മത്തിനും ദിവസങ്ങൾക്കുമുമ്പുതന്നെ തന്ത്രി, ശാന്തിക്കാർ, കഴകക്കാർ, വാദ്യ-മേളപ്രമാണിമാർ തുടങ്ങിയവരെല്ലാം പെരുമാളുടെ കൊട്ടാരത്തിലെത്തി. എന്നാൽ, പ്രതിഷ്ഠയ്ക്ക് രണ്ടുദിവസം മാത്രം മുമ്പ് ഇതുവഴി ഒരു താപസൻ കടന്നുവന്നു. പെരുമാൾ പണികഴിപ്പിച്ച വിഗ്രഹം പ്രതിഷ്ഠയ്ക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ പെരുമാൾ ഇത് അംഗീകരിച്ചില്ല. തുടർന്ന് താപസൻ, തന്റെ കയ്യിലുള്ള ഒരു കൂറ്റൻ വടി കൊണ്ട് വിഗ്രഹം രണ്ടാക്കിമാറ്റി. അപ്പോൾ അതിൽ നിന്ന് മലിനജലം ഒഴുകുകയും തുടർന്ന് ഒരു തവള പുറത്തുചാടുകയും ചെയ്തു. ഇതിൽ പെരുമാൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. തുടർന്ന് താപസൻ ഇങ്ങനെ അരുൾ ചെയ്തു, അല്ലയോ മഹാരാജൻ, ഇവിടെനിന്ന് അല്പം മാറി ഒരു തീർത്ഥക്കുളമുണ്ട്. അവിടെ അതിദിവ്യമായ ഒരു വിഷ്ണുവിഗ്രഹം വർഷങ്ങളായി കിടപ്പുണ്ട്. ആ വിഗ്രഹത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ ചൈതന്യം ആവാഹിച്ച് പ്രതിഷ്ഠ നടത്തണം. അതുവഴി എല്ലാ ശ്രേയസ്സുമുണ്ടാകും
പിറ്റേന്ന് രാവിലെത്തന്നെ പെരുമാൾ എല്ലാവരെയും കൂട്ടി തീർത്ഥക്കുളത്തിലേയ്ക്ക് പുറപ്പെട്ടു. കുളത്തിലിറങ്ങാൻ നോക്കിയ സമയത്ത് ചില അപശബ്ദങ്ങൾ കേട്ടു. തൊട്ടുപിന്നാലെ, അവിടെ ആരും ഇറങ്ങരുതെന്ന അശരീരിയും മുഴങ്ങി. അപ്പോൾ തലേന്ന് കൊട്ടാരത്തിൽ വച്ചുകണ്ട അതേ താപസൻ വീണ്ടും പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: പണ്ട്, ഇവിടെ വിഗ്രഹം പൂജിച്ചിരുന്ന താപസന്മാർ വിഷ്ണുവിഗ്രഹത്തിനൊപ്പം ഒരു ദേവീവിഗ്രഹവും പൂജിച്ചിരുന്നു. ആ വിഗ്രഹവും ഇന്നിവിടെ കിടപ്പുണ്ട്. തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ചുവേണം വിഷ്ണുവിഗ്രഹമെടുക്കാൻ. ക്ഷേത്രത്തിൽ ഭഗവാന്റെ വാമാംഗത്തിൽ തെക്കുകിഴക്കേ മൂലയിൽ ദേവിയെ പ്രതിഷ്ഠിയ്ക്കണം. പ്രതിഷ്ഠാമുഹൂർത്തമാകുമ്പോൾ ഒരു കൃഷ്ണപ്പരുന്ത് ഇവിടെ പ്രത്യക്ഷപ്പെട്ട് വട്ടമിട്ടുപറന്ന് താഴികക്കുടത്തിൽ വന്നിരിയ്ക്കും. ആ സമയത്ത് വിഗ്രഹം പ്രതിഷ്ഠിയ്ക്കണം ഇത്രയും പറഞ്ഞശേഷം ആ താപസൻ അപ്രത്യക്ഷനായി. അദ്ദേഹം കപിലമഹർഷിയാണെന്ന് വിശ്വസിയ്ക്കുന്നു.
പെരുമാൾ താപസൻ പറഞ്ഞതുപോലെത്തന്നെ ആദ്യം തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ച് വിഗ്രഹങ്ങൾ മുങ്ങിയെടുത്തു. പിറ്റേന്ന് പ്രതിഷ്ഠാമുഹൂർത്തമടുത്തപ്പോൾ താപസൻ പറഞ്ഞതുപോലെ ഒരു കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടു. എന്നാൽ അത് വട്ടമിട്ടുപറന്നെങ്കിലും താഴികക്കുടത്തിലിരിയ്ക്കുന്നില്ലെന്നുകണ്ട പെരുമാൾ വിഷമിച്ചു. എങ്കിലും, കൃഷ്ണപ്പരുന്തിന്റെ ആഗമനം ശുഭസൂചകമായിക്കണ്ട അദ്ദേഹം ഉടനെത്തന്നെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു. തുടർന്ന്, ക്ഷേത്രത്തിന്റെ ചുമതല നാട്ടുകാരെ ഏല്പിച്ചശേഷം അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു.
ക്ഷേത്രനിർമ്മിതി
മതിലകം
വെന്നിമല ഗ്രാമത്തിന്റെ ഒത്ത നടുക്ക് സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പട്ടണത്തിൽ നിന്ന് കുമളിയിലേയ്ക്കുള്ള വഴിയിൽ ഒരു 12 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനടുത്തെത്താം. അവിടെ നിന്ന് നൂറുമീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറേക്കറോളം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് വെന്നിമല ക്ഷേത്രത്തിന്. പടിഞ്ഞാട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ആ ഭാഗത്ത് ഒരു ഗോപുരം പണിതീർത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്ത് അല്പം വടക്കുമാറി വലിയ ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. തെക്കുഭാഗത്ത് ദേവസ്വം ഓഫീസും മറ്റുമാണ്. ക്ഷേത്രമൈതാനത്ത് തന്നെയാണ് വാഹന പാർക്കിംഗ് സൗകര്യവും മറ്റുമൊരുക്കിയിരിയ്ക്കുന്നത്. ഐതിഹ്യപ്രസിദ്ധമായ കപിലഗുഹ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഒരല്പം മാറിയാണ്. ഇതിലേയ്ക്ക് പോകുന്ന വഴിയിൽ തന്നെയാണ് തീർത്ഥക്കുളവും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് നാലുവശവും റബ്ബർത്തോട്ടങ്ങൾ കാണാം. കിഴക്കുഭാഗത്ത് പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നുണ്ട്.
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ആറാനകളെ എഴുന്നള്ളിയ്ക്കാം. ഇതിനപ്പുറം രണ്ട് ചെമ്പുകൊടിമരങ്ങൾ കാണാം. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന, സാമാന്യം ഉയരമുള്ള കൊടിമരങ്ങളാണ് രണ്ടും. ഇവയുടെ നിർമ്മാണരീതി ഒരു പ്രത്യേകതയാണ്. രണ്ടും ഒരേ തറയിലാണ് ഉയർന്നുനിൽക്കുന്നത്. പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ നിന്നുനോക്കുമ്പോൾ ഒരു കൊടിമരം മാത്രമേ കാണാൻ കഴിയൂ. അടുത്തെത്തുമ്പോഴാണ് രണ്ടെണ്ണം കാണാൻ കഴിയുക. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണിത്. ഇത് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്. ബലിക്കൽപ്പുരയിൽ അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മച്ചിനെ താങ്ങിനിർത്തുന്നത് ഗജപീഠത്തിൽ നിൽക്കുന്ന മഹർഷിമാരാണ്. കൂടാതെ പാലാഴിമഥനം, കിരാതാർജ്ജുനയുദ്ധം, ഭൂതമാലകൾ തുടങ്ങിയവയും ഇവിടെ ദാരുശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രവളപ്പിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണഭഗവാൻ സാന്നിദ്ധ്യമരുളുന്നു. ഒരു ഉപദേവപ്രതിഷ്ഠയാണെങ്കിലും ശ്രീകോവിലിന് മുന്നിൽ നമസ്കാരമണ്ഡപവും ബലിക്കല്ലും കാണാമെന്നത് വലിയൊരു പ്രത്യേകതയാണ്. ഇവിടെ പ്രധാനക്ഷേത്രം വരുന്നതിന് മുമ്പുതന്നെ ശ്രീകൃഷ്ണൻ കുടിയിരുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കി വരുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, ശ്രീകോവിലിന് ചുറ്റും ഗോശാലയുടെ മാതൃക പണിതിട്ടുണ്ട്. അതിമനോഹരമായ വിഗ്രഹമാണ് ശ്രീകൃഷ്ണഭഗവാന്. വടക്കുകിഴക്കേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്ന് അല്പം മാറി പാലമരച്ചുവട്ടിൽ യക്ഷിയമ്മ സാന്നിദ്ധ്യമരുളുന്നു. രൂപമില്ലാത്ത ഒരു വിഗ്രഹമാണിവിടെയുള്ളത്. യക്ഷിയമ്മയ്ക്ക് സമീപം നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്.
ക്ഷേത്രത്തിൽ മൊത്തം നിരവധി മരങ്ങളും ചെടികളും പൂക്കളുമൊരുക്കുന്ന ദൃശ്യവിരുന്നുണ്ടെങ്കിലും കിഴക്കുഭാഗത്ത് താഴ്ചയിലുള്ള കാഴ്ച അത്യാകർഷകമാണ്. ഹരിതസമൃദ്ധമായ അന്തരീക്ഷവും മുകളിലെ നീലാകാശവും ആരുടെയും മനസ്സിന് കുളിർമ്മ പകരും. കിഴക്കുഭാഗത്തുള്ള പല കൊച്ചുഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും വിദൂരദൃശ്യങ്ങളും ഇവിടെയുണ്ട്. ഇതിനപ്പുറത്ത് നേരെ കിഴക്കുഭാഗത്ത് അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യമുണ്ട്. വനശാസ്താസങ്കല്പമാണ് ഇവിടെ ഭഗവാന്. അതിനാൽ മേൽക്കൂരയിട്ടിട്ടില്ല. മുന്നിൽ മണ്ഡപമുണ്ട്. വനശാസ്താവിനടുത്ത് മറ്റൊരു നാഗദേവതാപ്രതിഷ്ഠയുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് പിതൃമണ്ഡപം സ്ഥിതിചെയ്യുന്നു. ദിവസേന ഇവിടെ ബലിതർപ്പണമുണ്ട്.
ശ്രീകോവിൽ
കേരളത്തിൽ മറ്റെങ്ങും കാണാൻ കഴിയാത്ത വിധത്തിലുള്ള ഒരു നിർമ്മാണരീതിയാണ് ഇവിടെ ശ്രീകോവിലിന് അവലംബിച്ചിരിയ്ക്കുന്നത്'ഘടപ്രസാദം ' എന്നാണ് ഈ രീതിയുടെ പേര്. മുഖമണ്ഡപത്തോടുകൂടിയ വട്ടശ്രീകോവിലിന് പറയുന്ന പേരാണിത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഒരു നില മാത്രമേയുള്ളൂ. അത് ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വാസ്തവത്തിൽ ഇവിടെ സങ്കല്പം ലക്ഷ്മണന്റേത് മാത്രമാണ്, എന്നാൽ ശ്രീരാമനും വിഗ്രഹത്തിൽ കുടികൊള്ളുന്നതായി വിശ്വസിച്ചുവരുന്നു. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. ആടയാഭരണങ്ങളും ചന്ദനമുഴുക്കാപ്പും വിഗ്രഹത്തിന്റെ സ്വതവേയുള്ള ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വൈകുണ്ഠനാഥൻ വെന്നിമല പെരുമാളായി വാഴുന്നു.
ശ്രീകോവിലിന് മുന്നിലും ഇരുവശത്തും സോപാനപ്പടികളുണ്ട്. പടിഞ്ഞാറേ നടയിലുള്ള പ്രധാന സോപാനപ്പടികൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. മുഖമണ്ഡപത്തിന്റെ പുറം ചുവരുകളിൽ വായു അറകൾ പണിതുവച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ കഴുക്കോലുകൾ ഓരോന്നും താങ്ങിനിർത്തുന്നത് ദാരുശില്പങ്ങളാണ്. മുഖമണ്ഡപത്തിന്റെ വടക്കേ വാതിലിനടുത്ത് ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണഭഗവാന്റെയും തെക്കേ വാതിലിനടുത്ത് മഹാലക്ഷ്മീദേവിയുടെയും ശില്പങ്ങൾ കാണാം. കൂടാതെ കിരാതഭാവത്തിലുള്ള ശിവപാർവ്വതിമാർ, തപസ്സനുഷ്ഠിയ്ക്കുന്ന അർജ്ജുനൻ, വെണ്ണക്കണ്ണൻ, ധന്വന്തരിമൂർത്തി, പുണ്യഋഷീശ്വരന്മാർ, ശ്രീരാമലക്ഷ്മണന്മാർ, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണഭഗവാൻ തുടങ്ങിയവരെയും ശില്പരൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഈ ശില്പങ്ങളെല്ലാം നിൽക്കുന്നത് ഗജമസ്തകത്തിലാണ്. ശ്രീകോവിലിന്റെ കഴുക്കോലുകൾ താങ്ങിനിർത്തുന്ന ഭാവത്തിലാണ് ഇവയെല്ലാം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരുവശത്ത് രണ്ട് മയിലുകളെയും അവയ്ക്കിടയിൽ നിൽക്കുന്ന ആനയെയും കാണാം. വടക്കുഭാഗത്ത് ഓവ് മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഇതിനടുത്ത് ഒരു തുളസിത്തറയുമുണ്ട്.
നാലമ്പലം
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് നാലമ്പലം. അകത്തേയ്ക്കുള്ള വഴിയിൽ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. വടക്കേ വാതിൽമാടത്തിലാണ് കൂത്തമ്പലം പണിതിട്ടുള്ളത്. വിശേഷാവസരങ്ങളിൽ ഇവിടെ കൂത്തുംകൂടിയാട്ടവും പതിവുണ്ട്. തെക്കേ വാതിൽമാടത്തിലാണ് ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ശ്രീരാമദാസനായ ഹനുമാൻ സ്വാമിയ്ക്ക് ഇവിടെ പ്രതിഷ്ഠയില്ലെങ്കിലും രാമനാമം ജപിയ്ക്കുന്ന ദിക്കുകളിലും, രാമായണം വച്ചിട്ടുള്ള സ്ഥലത്തുമെല്ലാം അദ്ദേഹം വാഴുന്നതായി വിശ്വസിച്ചുവരുന്നതിനാൽ അദ്ദേഹത്തെ സങ്കല്പിച്ച് ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ഇവിടെ തൊഴുതിട്ടാണ് ഭക്തർ ശ്രീരാമലക്ഷ്മണന്മാരെ തൊഴുന്നത്. ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. വിവിധ ദേവതകളെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെയാണ്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും കാണാം. തിടപ്പള്ളിയ്ക്കടുത്തുള്ള ഒരു മുറിയിൽ ശിവൻ, ഭഗവതി, ഗണപതി, സരസ്വതി എന്നിവർക്ക് ഒന്നിച്ച് പ്രതിഷ്ഠയുണ്ട്.
നമസ്കാരമണ്ഡപം
ശ്രീകോവിലിന് മുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. സാമാന്യം വലിപ്പമുള്ള മണ്ഡപമാണിത്. ഓടുമേഞ്ഞ നമസ്കാരമണ്ഡപത്തിന്റെ മച്ച് അടർന്നുവീണിരിയ്ക്കുകയാണ്. എന്നാൽ, അടിയിലുള്ള ചില ശില്പരൂപങ്ങൾ വ്യക്തമായി കാണാം. നാല് കരിങ്കൽത്തൂണുകൾ മണ്ഡപത്തിലുണ്ട്. അവയിൽ പല രൂപങ്ങളും കാണാം. ഉത്സവക്കാലത്ത് ക്ഷേത്രത്തിൽ കലശവും മറ്റും പൂജിയ്ക്കുന്നത് ഈ മണ്ഡപത്തിലാണ്.
മുഖ്യപ്രതിഷ്ഠകൾ
ശ്രീരാമസ്വാമി
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഇവിടെ അദൃശ്യസാന്നിദ്ധ്യമായാണ് ശ്രീരാമസ്വാമി കുടികൊള്ളുന്നത്. എന്നാലും പൂജകളും നിവേദ്യവുമെല്ലാമുണ്ട്. ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാട്ട് ദർശനമായാണ് ശ്രീരാമസ്വാമി സാന്നിദ്ധ്യമരുളുന്നത്. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. പാൽപ്പായസം, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, കോദണ്ഡസമർപ്പണം എന്നിവയാണ് ശ്രീരാമസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.
ശ്രീലക്ഷ്മണസ്വാമി
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഇവിടെ പ്രധാനസങ്കല്പമായാണ് ശ്രീലക്ഷ്മണസ്വാമി കുടികൊള്ളുന്നത്. ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാട്ട് ദർശനമായാണ് ശ്രീലക്ഷ്മണസ്വാമി സാന്നിദ്ധ്യമരുളുന്നത്. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. പാൽപ്പായസം, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, കോദണ്ഡസമർപ്പണം എന്നിവയാണ് ശ്രീലക്ഷ്മണസ്വാമിയ്ക്കും പ്രധാന വഴിപാടുകൾ.
ഉപദേവതകൾ
ഗണപതി
ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുകിഴക്കേ മൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. സാധാരണയിലും ഉയരം കുറഞ്ഞ വിഗ്രഹമാണ് ഇവിടെയുള്ളത്. ഒരു തേവാരമൂർത്തിയായാണ് സങ്കല്പം. വിഘ്നേശ്വരപ്രീതിയ്ക്ക് നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവാണ് ഗണപതിയ്ക്ക് മറ്റ് പ്രധാന വഴിപാടുകൾ.
ഭഗവതി
ഗണപതിപ്രതിഷ്ഠയ്ക്കടുത്തുതന്നെയാണ് ഭഗവതിയുടെയും പ്രതിഷ്ഠ. ദുർഗ്ഗ, ലക്ഷ്മി, പാർവ്വതി എന്നീ ഭാവങ്ങളിലാണ് ഇവിടെ ഭഗവതിപ്രതിഷ്ഠ. ഭഗവതിസേവ, കുങ്കുമാർച്ചന, പട്ടും താലിയും ചാർത്തൽ തുടങ്ങിയവാണ് ഭഗവതിയ്ക്ക് പ്രധാന വഴിപാടുകൾ.
ശിവൻ
ഗണപതിയ്ക്കും ഭഗവതിയ്ക്കുമൊപ്പമാണ് ശിവന്റെ പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം വരുന്ന അതീവശക്തിയോടെയുള്ള ശിവനാണ് ഇവിടെയുള്ളത്. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. ശിവന് നിത്യേന ധാരയുണ്ട്. കൂവളമാല, തുമ്പപ്പൂമാല, ഭസ്മാഭിഷേകം തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.
ഹനുമാൻ
ശ്രീരാമദാസനായ ഹനുമാൻ സ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും രാമലക്ഷ്മണന്മാരുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ അദ്ദേഹത്തിന്റെ അദൃശ്യസാന്നിദ്ധ്യം ഇവിടെയുള്ളതായി വിശ്വസിച്ചുവരുന്നു. നാലമ്പലത്തിന്റെ തെക്കേ വാതിൽമാടത്തിൽ കത്തിച്ചുവച്ചിരിയ്ക്കുന്ന നിലവിളക്കാണ് ഹനുമദ്സാന്നിദ്ധ്യത്തിന്റെ പ്രതീകം. ഇവിടെ തൊഴുതിട്ടേ പ്രധാന ക്ഷേത്രത്തിൽ ഭക്തർ പോകാറുള്ളൂ.
അയ്യപ്പൻ
നാലമ്പലത്തിന് പുറത്ത് കിഴക്കുഭാഗത്താണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. വനശാസ്താസങ്കല്പത്തിലാണ് പ്രതിഷ്ഠ. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. അരയടി ഉയരം വരുന്ന ശിവലിംഗസമാനമായ വിഗ്രഹമാണിവിടെ. മുന്നിൽ ഒരു മുഖപ്പിട്ടിട്ടുണ്ട്. ഈ നടയ്ക്കുമുന്നിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. നീരാജനമാണ് അയ്യപ്പസ്വാമിയ്ക്ക് പ്രധാന വഴിപാട്.
ശ്രീകൃഷ്ണൻ
വടക്കുപടിഞ്ഞാറുഭാഗത്താണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് സങ്കല്പം. അതിനാൽ ശ്രീകോവിലിനുചുറ്റും ഗോശാല പണിതിട്ടുണ്ട്. മൂന്നടി ഉയരം വരുന്ന മനോഹരമായ വിഗ്രഹമാണിവിടെ. മുന്നിൽ ഒരു മണ്ഡപവും ബലിക്കല്ലുമുള്ളതിനാൽ ആദ്യം ഈ പ്രതിഷ്ഠയാണുണ്ടായിരുന്നതെന്ന് വ്യക്തം. പാൽപ്പായസം, തൃക്കൈവെണ്ണ, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾ
ക്ഷേത്രത്തിൽ രണ്ടിടത്തായി പ്രത്യേകം നാഗപ്രതിഷ്ഠകളുണ്ട്. ഒന്ന്, വടക്കുകിഴക്കുഭാഗത്തും മറ്റേത് തെക്കുകിഴക്കുഭാഗത്തുമാണ്. രണ്ടിടത്തും നാഗരാജാവായി അനന്തനാണ് കുടികൊള്ളുന്നത്. കൂടാതെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം തുടങ്ങിയവയുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, പാൽപ്പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
യക്ഷിയമ്മ
നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്ത് പാലമരച്ചുവട്ടിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. രൂപമില്ലാത്ത ഒരു സ്വയംഭൂശിലയിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്. ഇളനീരും വറപൊടിയുമാണ് പ്രധാന വഴിപാട്.
നിത്യപൂജകളും വഴിപാടുകളും
നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം. വെളുപ്പിന് അഞ്ചുമണിയ്ക്ക് നടതുറന്നാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. തുടർന്ന് ആറുമണിയ്ക്ക് ഉഷഃപൂജയും ആറരയ്ക്ക് ഉഷഃശീവേലിയും നടത്തുന്നു. പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
മുമ്പ് ക്ഷേത്രത്തിൽ അഞ്ചുപൂജകൾ പതിവുണ്ടായിരുന്നു. ഇന്ന് അവ പുനരാരംഭിയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് അനുഗൃഹീതമായ താഴമൺ മഠത്തിനാണ് ഇവിടെയും തന്ത്രാധികാരം. മേൽശാന്തി ദേവസ്വം നിയമിയ്ക്കുന്ന വ്യക്തിയാണ്.
വിശേഷദിവസങ്ങൾ
കൊടിയേറ്റുത്സവം
കുംഭമാസത്തിൽ രോഹിണി നക്ഷത്രം ആറാട്ടായി പത്തുദിവസം ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഉത്സവത്തിന് മുന്നോടിയായി ആദ്യദിവസം (സാധാരണയായി തിരുവോണം നക്ഷത്രദിവസം) ക്ഷേത്രത്തിലെ കൊടിമരങ്ങളിൽ കൊടിയേറ്റുന്നു. തുടർന്ന് പത്തുദിവസം വെന്നിമല ഗ്രാമം ആഘോഷത്തിമിർപ്പിലാറാടും. പത്തുദിവസവും ക്ഷേത്രാഭിവൃദ്ധിയ്ക്കായുള്ള താന്ത്രികക്രിയകളും കലാപരിപാടികളുമുണ്ടാകും. എട്ടാം ദിവസം ക്ഷേത്രത്തിലെ ഉത്സവബലി നടത്തുന്നു. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. ഭഗവാന്മാർ മൂന്നാനകളുടെ അകമ്പടിയോടെ അടുത്തുള്ള പറമ്പിലേയ്ക്ക് ചെന്ന് അമ്പെയ്തുവീഴ്ത്തുന്ന ചടങ്ങാണിത്. പത്താം ദിവസം ആറാട്ട് നടക്കുന്നു. വിഗ്രഹം കണ്ടെടുത്ത കുളത്തിലാണ് ആറാട്ട്. ആറാട്ടിനും മൂന്നാനകളുടെ അകമ്പടിയുണ്ടാകും. അവയിൽ ഒരാന ചേരമാൻ പെരുമാളിന്റെ കോലമാണ് എഴുന്നള്ളിയ്ക്കുന്നത്.
പണ്ടുകാലത്ത്, മകരമാസത്തിൽ രോഹിണി മുതൽ കുംഭമാസത്തിൽ രോഹിണി വരെ 28 ദിവസം ക്ഷേത്രത്തിൽ ഉത്സവമുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ടും ചുരുങ്ങിയാണ് അത് പത്തുദിവസമായത്.
ശ്രീരാമനവമിതിരുത്തുകരാമായണമാസം, ഗണപതിഹോമം, ഇല്ലംനിറ, തൃപ്പുത്തരിതിരുത്തുക