2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം പത്തനംതിട്ട ജില്ല




പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലുക്കില്‍ മണിമലയാറിന്‍റെ തീരത്തായ്‌ കുന്നിനിശേരി എന്ന പ്രകൃതി രമണീയമായ പ്രദേശം. ഋഗ്വേദ കാലഘട്ടത്തില്‍ ഇവിടെ വായുദേവന്‍റെ ക്ഷേത്രമുണ്ടായിരുന്നെന്നും അങ്ങനെ ഈ സ്ഥലത്തിന് വായുപുരം എന്ന് പേര് ലഭിച്ചു എന്നും പിന്നീട് ഈ പേര് ലോപിച്ച് വായ്പൂരായി എന്നും, മറുപക്ഷം അനുസരിച്ച് വായ്‌ പുകള്‍ അധികമുള്ള ഊര് എന്നും വായ്‌പുകള്‍ എന്നാല്‍ വര്‍ധനവ്‌ അഥവാ ഐശ്വര്യം ഉണ്ടാകുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ വായ്പൂര് എന്ന സ്ഥലനാമമുണ്ടായി.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


മേല്പ്പറഞ്ഞ ക്ഷേത്രഭൂമിയില്‍ ശാസ്ത്രീയമായി നിര്‍മിച്ച ലക്ഷണമൊത്ത ഒരു ശിവലിംഗം കാലപ്പഴക്കത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു. കോവില്‍ അഥവാ അമ്പലം എന്നര്‍ത്ഥം വരുന്ന കോവില്‍ (കോയില്‍) എന്ന നാമരൂപത്തില്‍നിന്നും കോവിലകത്ത് എന്നും കാലക്രമത്തില്‍ ലോപം വന്ന് കോലത്ത് എന്നും നാമപരിണാമമുണ്ടായതായി ഇന്നു നാം വിശ്വസിക്കുന്നു. അതുപോലെതന്നെ കോവിലിനു വെളിയില്‍ എന്നര്‍ത്ഥം വരുന്ന കൊവില്‍പുറം എന്ന സ്ഥലം കോയിപ്പുറത്ത് എന്ന നൂതനനാമത്തില്‍ ഇന്നുമുണ്ട്. പ്രശസ്ത പാരമ്പര്യമുണ്ടായിരുന്ന ഒരു മഹാക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ഇനിയുമുണ്ട്. ഇന്നു കാണുന്ന ശിവ ലിംഗത്തിന് ഏതാണ്ട് 15 മീറ്റര്‍ കിഴക്ക് മാറി ഒരു ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനമുണ്ട് എന്നത് ശ്രദ്ദേയമാണ്.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


എണ്ണക്കുള്ള ചേര് എണ്ണച്ചേരി ആകുന്നു. മൂല ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് എണ്ണശ്ശേരില്‍ എന്നൊരു സ്ഥലവുമുണ്ട്. ഈ കുടുംബത്തിലെ കാരണവന്മാര്‍ അസാമാന്യ മാന്ത്രികശക്തി ഉള്ളവരായുരുന്നുവത്രെ. ക്ഷേത്രത്തിലേക്കുവേണ്ട എണ്ണ എടുക്കാൻ തേങ്ങ ഉണങ്ങുന്ന ചേര് അവിടെയാണ് തയ്യാര്‍ ചെയ്തിരുന്നത്. മാന്ത്രികന്മാരുടെ ശക്തി ഭയന്ന് മോഷ്ടാക്കള്‍ ഇവിടെ വരുമായിരുന്നില്ല. അതില്‍ ഏറ്റവും വലിയ ചേര് പെരുംചേരിയായി. കൂടാതെ, കുതിരപ്പാടിമണ്ണ്, മാളിയേക്കല്‍ എന്നീ സ്ഥലനാമങ്ങളും ക്ഷേത്രബന്ധമുള്ളവയാണ്. ഒരു കാലത്ത് പ്രതാപത്തിലും ഐശ്വര്യത്തിലും നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു തിരുവായ്പ്പൂരപ്പന്‍റെ  മൂലക്ഷേത്രം എന്ന് വിശ്വസിക്കാന്‍ ഇതിലധികം തെളിവുകള്‍ ആവശ്യമില്ലല്ലോ.


തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം  ബലിക്കല്‍ , കൊടിമരം 

 ഉത്സവം

തൃക്കൊടിയേറ്റ് - ശ്രീപരമശിവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിരയാണ് വായ്പൂര് ശ്രീ മഹാദേവര്‍ക്ഷേത്രത്തിലെ കൊടിയേറ്റ്. അന്നേ ദിവസം ദീപാരാധനയ്ക്കു ശേഷം കൊടിയേറ്റ് നടത്തുന്നു. ഇതിനു പ്രത്യേക മുഹൂര്‍ത്തം നോക്കാറില്ല. മറ്റു ചില ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തം നിര്‍ണയിച്ചതിനു ശേഷമാണ് കൊടിയേറുന്നത്. കൊടിയേറ്റിന് മുന്നോടിയായി കുളത്തൂര്‍ദേവിക്ഷേത്രസന്നിധിയില്‍ നിന്നും ഭക്തി നിര്‍ഭരമായ കാവടി ഘോഷയാത്രയും പതിവായി ആചരിച്ചു വരുന്നു. കൊടിയേറ്റിന് മുന്നോടിയായി മുന്‍പ് ക്ഷേത്രം നിലകൊണ്ടിരുന്ന കോലത്ത് എന്ന മൂലസ്ഥാനത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിലക്കുവയ്പ്പ് ചടങ്ങ് നടത്തുന്നു. കൊടിയേറ്റു ദിവസം ശ്രീഭൂതബലി, അത്താഴപൂജ എന്നിവയ്ക്ക് ശേഷം നടയടച്ച് ഒന്നാം ഉത്സവം സമാപിക്കുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ ഉഷപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ ഉച്ചയ്ക്കു മുന്‍പും ദീപാരാധന, ശ്രീഭൂതബലി, അത്താഴപൂജ എന്നിവ വൈകുന്നേരവും നടത്തുന്നു.

നാലാം ഉത്സവം (അഹസ്സ്)

രാത്രിയിലെ ശ്രീഭൂതബലി വരെ പതിവ് ചടങ്ങുകളും അതിനു ശേഷം അഹസ്സ് എന്ന വിശേഷാല്‍ പൂജയും നടക്കുന്നു. അഹസ്സ് എന്ന് പേരുള്ള ചടങ്ങ് ഉല്‍സവബലിക്കു സമാനമാണ്. ഈ ചടങ്ങ് രാത്രിയില്‍ മറ്റു ക്ഷേത്രങ്ങളിലെങ്ങും ഉള്ളതായി അറിവില്ല. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കള്‍ക്കരികെ പശ്ചിമാഭിമുഖമായി അലങ്കരിച്ച മണ്ഡപത്തില്‍ (പഴുക്കാമണ്ഡപം) എഴുന്നെള്ളിയിരിക്കുന്ന ഭഗവാന്റെ മുന്‍പില്‍ നടക്കുന്ന പൂജയാണ് അഹസ്സ്. ഈ ചടങ്ങ് ആണ്ടുതോറും 1771 നമ്പര്‍ മംഗളോദയം എന്‍. എസ്. എസ് കരയോഗം വഴിപാടായി നടത്തുന്നു. അഹസ്സ് ദര്‍ശനത്തിനായി അനേകം ഭക്തജനങ്ങള്‍ എത്താറുണ്ട്. ഇതോടൊപ്പംതന്നെ ഉത്സവബലിയും ഭക്തജനങ്ങള്‍ വഴിപാടായി നടത്തപ്പെടുന്നു.

ഭഗവാന്റെ അഞ്ചാം പുറപ്പാടും ആറാം പുറപ്പാടും (നല്ലുശ്ശേരി, കോവില്‍വട്ടം, കുളത്തൂര്‍പ്രയാര്‍)

ശ്രീഭൂതബലിക്ക്ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാന്‍ കിഴക്കേ ഗോപുരം കടന്ന് ആല്‍ത്തറവരെ എത്തുന്നു. തിരിച്ച് ക്ഷേത്രത്തിനകത്ത് എഴുന്നെള്ളിച്ച് ഉച്ചപൂജ നടത്തുന്നു. അന്നേ ദിവസം മുതല്‍ ദേശാധിപത്യമുള്ള കരകളിലേക്ക് ഊരുവലത്ത് ആരംഭിക്കുന്നു. നല്ലുശ്ശേരി, കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചാം ഉത്സവത്തിനും, കുളത്തൂരിനെയും താഴത്തുവടകരെയെയും വേര്‍തിരിക്കുന്ന കടലാടിപ്പാലം ഭഗവാന്റെ യാത്രയുടെ അതിരായി കണക്കാക്കി ആറാം പുറപ്പാട് കുളത്തൂര്‍പ്രയാര്‍ കരയിലേക്കും എഴുന്നെള്ളിക്കുന്നു.

ഏഴാം പുറപ്പാട് - ചെറുതോട്ടു വഴി

എഴുന്നെള്ളിപ്പു കരകളില്‍ വിസ്തീര്‍ണ്ണം കൊണ്ടും ഭക്തജനബാഹുല്യം കൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്നത് വായ്പൂര് എന്നറിയപ്പെടുന്ന ചെറുതോട്ടുവഴി പ്രദേശമാണ്. പൗരാണികവും പ്രശസ്തവുമായ മംഗലത്തുകുടുംബക്കാര്‍ ഈ ക്ഷേത്രത്തില്‍ നടത്തിവരുന്ന ശിവരാത്രിപൂജ ചെറുതോട്ടുവഴിക്കാര്‍ക്ക് ക്ഷേത്രവുമായുള്ള ബന്ധത്തിന് ഒളിമങ്ങാത്ത ഒരു തെളിവായി ഇന്നും നിലനില്ക്കുന്നു. ഓരോ വര്‍ഷവും വൃശ്ചികമാസം 28 ന് വായ്പൂര് മഹാദേവര്‍ക്ഷേത്രത്തിലെ മണ്ഡലഭജന വഴിപാട് ചെറുതോട്ടുവഴിക്കാര്‍ നടത്തിവരുന്നു. ഈ സുദിനവും ഒരു പ്രാദേശിക ഉത്സവുമായാണ്‌ ഭക്തജനങ്ങള്‍ കൊണ്ടാടുന്നത്. ഏഴാം പുറപ്പാടിനായി ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രദര്‍ശനം നടത്തി തിരുവായ്പ്പൂരപ്പനെ തങ്ങളുടെ കരയിലേക്ക് എഴുന്നെള്ളിക്കുകയും വാദ്യഘോഷങ്ങലുടെയും വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും അകമ്പടിയോടെ വഴിപാടുകള്‍ സമര്‍പ്പിച്ച് ഭക്ത്യാദരപൂര്‍വം തിരിച്ചെഴുന്നെള്ളിക്കുന്നു.


         തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രക്കവാടം


എട്ടാം പുറപ്പാട് - ആനിക്കാട്

എട്ടാം ദിവസത്തെ ഊരുവലത്തിന് ഒരു പ്രത്യേകതയുണ്ട്. പാര്‍വതി ദേവിയുടെ ദര്‍ശനാര്‍ത്ഥം ഉടയാടയും മറ്റുമായി ആനിക്കാട്ടിലമ്മക്കാവിലേക്ക് ഭഗവാന്‍ എഴുന്നെള്ളുന്നു എന്നാണു സങ്കല്‍പ്പം. ക്ഷേത്രത്തിലെത്തുന്ന മഹാദേവന്‍ ദേവീതൃപ്പൂത്തായതിനാല്‍ ശ്രീകോവിലില്‍ കടക്കാതെ നമസ്ക്കാര മണ്ഡപത്തില്‍ കഴിഞ്ഞുകൂടുകയും ഇരു ക്ഷേത്രങ്ങളിലെയും മെല്‍ശാന്തിമാര്‍ ദീപാരാധനയും അത്താഴപൂജയും നടത്തിയതിനുശേഷം നാമമാത്ര തീവെട്ടിയും ചുരുങ്ങിയ മേളത്തോടുംകൂടി തിരികെ എഴുന്നെള്ളി ശ്രീഭൂതബലിക്കുശേഷം നടയടയ്ക്കുന്നു.

ഒന്‍പതാം പുറപ്പാട് - കുന്നിനിശ്ശേരി

പള്ളിവേട്ട ദിവസമായ ഒന്‍പതാം ഉത്സവത്തിന്‌ രാവിലെത്തെ ശ്രീഭൂതബലിക്കുശേഷം കാഴ്ചശ്രീബലി, അതിനുശേഷം ഉച്ചപൂജയോടെ നടയടക്കുന്നു. സായാഹ്ന സമയത്ത് ക്ഷേത്രമിരിപ്പുകരയായ കുന്നിനിശ്ശേരി ഭാഗം ചുറ്റി തേലപ്പുഴക്കടവിലെത്തുന്ന ദേവനെ കീഴ്ത്രിക്കേല്‍ ക്ഷേത്രത്തില്‍ നിന്നും നാട്ടുകാര്‍ ഭക്തിപൂര്‍വ്വം എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

തിരുആറാട്ട്‌

ആറാട്ട്‌ ദിവസം രാവിലെ എട്ടുമണിക്ക് ശേഷമേ നടതുരക്കാറുള്ളൂ. ആ സമയത്ത് ഭഗവാന് കണിദര്‍ശനത്തിനായി പശുക്കിടാവിനെ സോപാനത്തില്‍ നിര്‍ത്തുന്നു. തലേദിവസത്തെ നായാട്ടു നടത്തി ക്രുദ്ധ ഭാവത്തോടെ പള്ളിയുറക്കമുണരുന്ന ഭഗവാനെ ശാന്ത ഭാവത്തിലേക്ക് കൊണ്ടുവരുന്നതിനാണ് കണിദര്‍ശനം എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നത്. അതിനു ശേഷം അലങ്കാര പൂജയോടുകൂടി നടയടയ്ക്കുന്നു. വൈകിട്ട് 5 മണിക്ക് നടതുറന്ന് ശ്രീഭൂതബലിയ്ക്കു ശേഷം കൊടിയിറക്കി ആറാട്ടുകടവിലേക്ക് പുറപ്പെടുന്നു. അവിടുത്തെ പൂജകള്‍ക്കും ആറാട്ടിനും ശേഷം വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും തീവെട്ടിയുടെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടി ക്ഷേത്രഗോപുരോഭാഗത്തുള്ള ആനക്കൊട്ടിലിലെത്തി വലിയകാണിയ്ക്കയ്ക്ക് ശേഷം അകത്തെഴുന്നെള്ളിച്ച്‌ ആശുകൊട്ടി നടയടയ്ക്കുകയും അല്പ്പസമയത്തിനു ശേഷം ഉത്സവാദി ചടങ്ങുകള്‍ക്ക്‌ എന്തെങ്കിലും അപാകതകള്‍ അറിഞ്ഞോ, അറിയാതെയോ ഉണ്ടായെങ്കില്‍ അതിനു മാപ്പുനല്‍കണമെന്ന് അപേഷിച്ച്‌ ക്ഷേത്രഭാരവാഹികളുടെ ദക്ഷിണയോടുകൂടി ഉത്സവം പര്യവസാനിക്കുന്നു.