ചമ്രവട്ടം അയ്യപ്പക്ഷേത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.
പേരിനു പിന്നിലെ ഐതിഹ്യം
ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടംഎന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.
ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം. [2]
പ്രത്യേകത
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത് ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ആലുവ മണപ്പുറം ശിവക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.
അപകടങ്ങൾ
2013 മാർച്ച് 2ന് ഉണ്ടായ അഗ്നിബാധയിൽ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവിൽ എന്നിവ പൂർണമായി കത്തിനശിച്ചു.