വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ വലംചുഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവീക്ഷേത്രമാണ് വലംചുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രം. (Sree Bhuvaneswary Temple, Valamchuzy) ആദിപരാശക്തിയുടെ പൂർണ്ണഭാവമായ ശ്രീ ഭുവനേശ്വരി(ദുർഗ്ഗ) ആണ് പ്രതിഷ്ഠ. കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പത്തിൽ ശ്രീഭദ്രകാളി ഭാവത്തിലും വലംചുഴി അമ്മയെ ആരാധിക്കാറുണ്ട്.
പ്രത്യേകതകൾ
ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്ന് 3 കി.മി ദൂരത്തിലാണ്. ഈ അമ്പലത്തിന് ചുറ്റും കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ മൂന്നുവശവും കൂടി നദി ഒഴുകുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് വലംചുഴി എന്ന പേരു വരാനും കാരണം. ദക്ഷിണഭാരതത്തിൽ ഒരു നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്. [അവലംബം ആവശ്യമാണ്] ഒരേ നദിയുടെ വിപരീത ദിശയിലുള്ള പ്രവാഹം ദർശിക്കാൻ പറ്റുന്നതും ഇവിടെ മാത്രമാണ്. ഇതിനു ചുറ്റും പുരാതനകാലം മുതലേ നദി ഒഴുകുന്നത് കൊണ്ട് ഇതിന്റെ വശങ്ങൾ പലതും ഒഴുകി പോയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഈ ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നിന്നും മറ്റും സംരക്ഷിതമാക്കിയിട്ടുണ്ട്. ഈ സ്ഥലം ആദ്യകാലത്ത് ഒരു വനമായിരുന്നു. ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ പ്രകൃതിദത്തമായ ധാരാളം സസ്യലതാദികളും ഇഴജന്തുക്കളും ഉള്ളതായി കണക്കാക്കുന്നു.
ഐതിഹ്യം
കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്തൻ ആയ ഒരു യോഗീശ്വരൻ തപസ്സു ചെയ്യുന്നതിനായി ഇവിടെ വരികയും പരാശക്തിയെ പ്രത്യക്ഷപെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ അമ്മയുടെ പ്രതീകമായി കരുതപ്പെടുന്ന ഒരു വാളും ചിലമ്പും അദ്ദേഹം ഇവിടെ കൊണ്ടുവന്നു. ഇത് സ്ഥാപിക്കുന്നതിനു വേണ്ടി ഒരു സ്ഥലം അന്വേഷിക്കുന്നതിനിടയിൽ ഭക്തന് ഇത് അച്ചൻകോവിൽ നദിയുടെ നടുക്കുള്ള വലംചുഴിയിൽ സ്ഥാപിക്കണമെന്ന് ഒരു പ്രേരണ ലഭിക്കുകയും ചെയ്തു. ഇക്കാര്യം ഭക്തൻ ഇവിടെ താമസിച്ചിരുന്നവരോട് പറയുകയും അവർ ഒത്ത് ചേർന്ന് ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ മഹാദേവിയെ പ്രതിഷ്ഠിക്കാനും തീരുമാനിച്ചു. പണ്ടു കാലത്തു മൃഗബലിയും കോഴിബലിയും ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഉത്സവങ്ങൾ
കുംഭമാസത്തിൽ ഭരണി നാളിൽ നടക്കുന്ന രുദ്രപൊങ്കാല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്. ഇത് കൂടാതെ ഇവിടേക്ക് മകരഭരണിനാളിലും ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഇത് കൂടാതെ മീനമാസത്തിൽ ഇവിടെ പടയണിയും ഒരു പ്രധാന ആഘോഷമായി കൊണ്ടാടുന്നു. ഈ ആഘോഷങ്ങൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഇവിടേക്ക് ക്ഷണിക്കുന്നു. ഭുവനേശ്വരി ദേവിയുടെ പ്രധാന ദിവസം ഇവിടെ മകരമാസത്തിലെ ഭരണി ദിവസം കൊണ്ടാടുന്നു. മകരമാസത്തിലെ പുരുരുട്ടാതി ദിവസം കൊടിയേറുന്ന ആഘോഷങ്ങൾ 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ആറാട്ടോടെ സമാപിക്കുന്നു. മഹോത്സവം നടക്കുന്നത് ഇതിൽ അഞ്ചാം ദിവസമാണ്. മേടഭരണി ദിവസം നടക്കുന്ന ഭരണിസദ്യ പേരു കേട്ടതാണ്. ആറന്മുളയിലെ വള്ളസദ്യക്ക് സമം ആണ് ഇത്.