ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ
പ്രാചീന വൈദ്യപ്രതിഭയായിരുന്ന ധന്വന്തരി പ്രതിഷ്‌ഠയായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ സ്ഥിതിചെയ്യുന്ന ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം[അവലംബം ആവശ്യമാണ്]. കുന്തിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ശിവന്റെ പ്രതിഷ്‌ഠയാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്
ഐതിഹ്യം
തിരുവിതാംകൂർ മഹാരാജാവിനു കലശലായ വയറു വേദന പിടിപെടുകയും വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല. മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ പുലാമന്തോൾ മൂസ്സിന്റെ മനയിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്തു മനയിൽ ഉപനയനം കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു സന്യാസി രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശിവ ഭഗവാൻ , മൂന്നു ഗുളികകൾ ബാലന് നൽകി ,ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന കുന്തി പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു ശിവവിഗ്രഹത്തിനടുത്തു പ്രതിഷ്‌ഠിച്ചു ക്ഷേത്രം പണി കഴിച്ചു