മണിയൂർ മഹാദേവക്ഷേത്രം
മലപ്പുറം ജില്ലയിൽ, ഏറനാട് താലൂക്കിൽ, മണിയൂർ ദേശത്താണ് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മണിയൂരാണ് ഈ മഹാദേവക്ഷേത്രം. പ്രകൃതി രമണീയമായ കടലുണ്ടിപ്പുഴയുടെ കരവലയങ്ങളിലമർന്ന് കുന്നുകളും ചെരിവുകളും നെൽവയലുകളും ചിറകളും കൊണ്ട് സമൃദ്ധമായ മണിയൂർ ദേശത്തിന്റെ ദേശനാഥനായി മണിയൂരപ്പൻ ഇവിടെ നിലകൊള്ളുന്നു. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന്വിശ്വസിക്കുന്നു..
ചരിത്രം
മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ ശിവക്ഷേത്രം തകർക്കുവാൻ അദ്ദേഹത്തിന്റെ സൈന്യം ഇവിടെയെത്തിപ്പോൾ, മണിയൂരിലെ മുസ്ളീങ്ങൾ ക്ഷേത്രം സംരക്ഷിക്കുവാൻ വേണ്ടി ക്ഷേത്രത്തിനകത്ത് കയറി വാങ്ക് വിളിക്കുകയുണ്ടായി. വാങ്ക് വിളികേട്ട് ക്ഷേത്രം ആക്രമിക്കാൻ വന്ന പടയാളികൾ ഇത് പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് തിരിച്ചുപോയെന്നും, അങ്ങനെ മണിയൂർ ശിവക്ഷേത്രം നശിപ്പിക്കപ്പെടാതെ രക്ഷപെട്ടു എന്നു ചരിത്രം. അന്നു മുതൽക്കുള്ള ഇവിടുത്തെ മത സൗഹാർദ്ദത്തിനു ഇത് ഉത്തമ ഉദാഹരണമാണ്.
ക്ഷേത്രം
മണിയൂർ മഹാദേവക്ഷേത്രത്തിലെ ശിവ ദർശനം പടിഞ്ഞാറേക്കാണ്. അതുപോലെതന്നെ ഇവിടുത്തെ ശിവലിംഗം രുദ്രാക്ഷശിലകൊണ്ട് ഉണ്ടാക്കിയതാണന്ന് കരുതുന്നു. കേരള തനിമയുടെ ഉദാഹരണാമാണ് മണിയൂർ ശിവക്ഷേത്രം.
പൂജാ വിധികളും വിശേഷങ്ങളും
നിത്യ പൂജകൾ
നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി ഉണ്ട്.
- ഉഷപൂജ
- ഉച്ച പൂജ
- അത്താഴ പൂജ
വിശേഷ ദിവസങ്ങൾ
- ശിവരാത്രി
- വിനായക ചതുർത്ഥി
- അഷ്ടമിരോഹിണി
ക്ഷേത്രത്തിൽ എത്തിചേരാൻ
മലപ്പുറം - മഞ്ചേരി റൂട്ടിൽ ആനക്കയം ജംഗ്ഷനിൽ നിന്നും പെരിന്തൽമണ്ണ റൂട്ടിലുള്ള മങ്കട ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തിരൂർ