2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം,തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ്


അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം

മഹാവിഷ്ണുവിന്റെ മോഹിനിരൂപ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം !!!!!
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒട്ടേറെ പ്രത്യേകതകൾ പുലർത്തുന്ന അപൂർവ്വ ക്ഷേത്രം.
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരപ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് മാറി കുന്ദംകുളം റൂട്ടിലാണ് ഹരികന്യക ക്ഷേത്രം.
പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് അരിയന്നൂർ ക്ഷേത്രം.
പ്രധാനവഴിയിൽ നിന്ന് അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടവുകൾ കയറി എത്തിയാൽ കിഴക്കേ ഗോപുരവും തറയുമാണ് ആദ്യം കണ്ണിലെത്തുക
.ഇവ പഴമയുടെ പെരുമയായി നില കൊള്ളുന്നു.
നമസ്ക്കാരമണ്ഡപവും വലിയ ബലിക്കല്ലും ആഴമേറിയ കിണറുമെല്ലാം വിസ്മയം ജനിപ്പിക്കുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഢ ശൈലിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്!
ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ ആയി മാറിയത്.
നിരവധി മുനിയറകളും കുടക്കല്ലുകളുമുള്ള പ്രദേശമാണ് അരിയന്നൂർ.
ഏകദേശം 2000.വർഷത്തെ പഴക്കമുണ്ട് ഹരികന്യകാ ക്ഷേത്രത്തിന്.
പെരുന്തച്ചൻ പണിത ക്ഷേത്രം!
പറയി പെറ്റ പന്തിരുകുലത്തിലെ കേമൻ,തച്ചുശാസ്ത്രത്തിന്റെ തല തൊട്ടപ്പൻ പെരുന്തച്ചൻ ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ചതാണത്രേ ഈ മോഹിനി ക്ഷേത്രം.
കരിങ്കല്ലു കൊണ്ടുള്ള മുഴക്കോൽ പെരുന്തച്ചന്റെ കലാസൃഷ്ടിയാണ്.ക്ഷേത്രം പണിത് തീർന്നപ്പോൾ എന്തോ ഒരു കുറവ് തോന്നിയെന്നും തന്റെ ആയുധമായ ഉളി വെച്ച് ആ കുറവ് പരിഹരിച്ചുവെന്നും ഐതീഹ്യം.
പെരുന്തച്ചന്റേതെന്നു പറയപ്പെടുന്ന ഉളി ക്ഷേത്ര ശ്രീകോവിലിൽ ഇപ്പോഴുമുണ്ട്!
മുഖപ്പിലെയും കൽത്തൂണിലെയും,നമസ്ക്കാര മണ്ഡപത്തിലെയും മനോമോഹനചിത്രങ്ങൾ ശില്പചാതുരിയുടെ മാറ്റു കൂട്ടുന്നുണ്ട്.
ആനയുടെ ചിത്രങ്ങളും,കാളിയ മർദ്ദനവുമെല്ലാം അവയിൽ ചിലതാണ്.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
പഞ്ചലോഹത്തിൽ പൊതിഞ്ഞ് ഗോളകയിറക്കിയ അഞ്ജനശിലയാണ് പ്രധാന പ്രതിഷ്ഠ!
ശ്രീകോവിലിനുള്ളിൽ തന്നെ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്.
കന്നിമൂലയിൽ വിഘ്നേശ്വരനും,
തെക്കു പടിഞ്ഞാറെ മൂലയിൽ ഭദ്രകാളിയും
ഉപ പ്രതിഷ്ഠകളായുണ്ട്.
കന്യകാ സങ്കല്പമായതിനാൽ ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് കൊമ്പനാനകളെ ഉപയോഗിക്കുകയോ,കരിമരുന്ന് പ്രയോഗം നടത്തുകയോ ചെയ്യാറില്ല.
പകരം പിടിയാനകളെയാണ് എഴുന്നളളത്തിന് ഉപയോഗിക്കുന്നത്.
കാലത്തും ഉച്ചയ്ക്കും വൈകിട്ടുമായി 3 ശീവേലികളാണുള്ളത്.
അയ്യപ്പന്റെ അകമ്പടിയോടെ മാത്രം ശീവേലിക്ക് പുറത്തേക്കെഴുന്നെള്ളുന്ന ദേവിയ്ക്ക് മുന്നിലും പിന്നിലും വിളക്കേന്തി സ്ത്രീകൾ മാത്രമേ അനുഗമിക്കാവൂ എന്നതും നിർബന്ധമാണിവിടെ
പ്രതിഷ്ഠ
കന്യകയാണെന്ന കാരണം
കൊണ്ടു തന്നെ കിരീടകലകളൊന്നുമേ ഈ ക്ഷേത്രത്തിൽ അരങ്ങേറാറില്ല!
പൂജാവിധികളും വിശേഷങ്ങളും!
അത്യപൂർവ്വ താന്ത്രികാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ക്ഷേത്രത്തിൽ പ്രധാനമായും നാലു പൂജകളും മൂന്ന് ശീവേലിയുമാണുള്ളത്.
അടയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്നതും അപൂർവ്വതയാണ്.
എല്ലാ മാസവും കാർത്തിക നാളിലെ.”വാരം ഇരിക്കൽ”മുഖ്യ ചടങ്ങാണ്.
”ഋഗ്വേദത്തിലെ മന്ത്രങ്ങൾ ജപിക്കുന്ന ചടങ്ങാണ് വാരം.
ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചിക കാർത്തികയിലെ വാരം ഇരിക്കലിനൊപ്പം “വാരസദ്യ”ഉണ്ടാവും.
വാവ് ദിവസത്തിലാണ് പകൽ വാരമിരിക്കലിനു ശേഷം വൈകുന്നേരം വാരസദ്യ നടത്തുന്നത്!
മണ്ഡലകാലം,വിഷു,നവരാത്രി,തിരുവോണം,പ്രതിഷ്ഠാ ദിനമായ ഇടവത്തിലെ അനിഴം ഇവയെല്ലാം വിശേഷപ്പെട്ടതാണ്.
മീനത്തിലെ മകയിരത്തിൽ 15 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ്
,”പഠാദി,ധ്വജാദി,അങ്കുരാദി എന്നിവ.അത്യപൂർവ്വങ്ങളായ താന്ത്രിക അനുഷ്ഠാനങ്ങളാണ്
ഈ ദിവസങ്ങളിൽ നടക്കുക!ഏഴു ദിവസം ആറാട്ട് ചടങ്ങുകൾ നടക്കുന്നു.
വേല,മണ്ണാൻപാട്ട്,പാണർൻപാട്ട് തുടങ്ങിയവയും ഉത്സവസംബന്ധിയായി നടത്താറുണ്ട്.
മലയാള മാസത്തിലെ ആദ്യവെള്ളിയാഴ്ചയായ “മുറപ്പെട്ട്”വെള്ളിയാഴ്യും വിശേഷമാണ്.
പുലർകാലത്ത് നടക്കുന്ന “തന്ത്രി പുഷ്പാഞ്ജലി”വളരെ പ്രശസ്തമാണ്.
മണ്ഡലകാലത്ത് 41 ദിവസത്തിലെ 30 ദിവസവും വിശേഷാൽ പുജകളുണ്ട്.
എല്ലാദിവസവും കാലത്ത് നവകാഭിഷേകവും മുപ്പതാം ദിവസം കളഭാഭിഷേകവും ഉണ്ട്.ബാക്കി 11 ദിവസത്തെ പൂജ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലാണ് പൂർത്തിയാക്കുന്നത്.
ദർശന സമയം:കാലത്ത് 5.30 മുതൽ 9.30 വരെ
വൈകിട്ട് 5.30 മുതൽ 7.30 വരെ.