2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം പത്തനംതിട്ട ജില്ല




കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം


എ.ഡി. എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

ചരിത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണീ ക്ഷേത്രം. ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. 1931 ജൂലൈ 17ലെ റവന്യു ഉത്തരവിൻ പ്രകാരം ഇവിടെ നിത്യദാനം നടത്താൻ 99രൂപ 20ചക്രം നാല്കാശും 21പറ ഒമ്പത് ഇടങ്ങഴി നെല്ലും അനുവദിച്ച ഉത്തരവുണ്ട്. പുരാവസ്തു വിദഗ്ദ്ധനായ കൃഷ്ണചൈതന്യ ഇവിടെയുള്ളതുപോലെ ദ്വാരപാലക ശില്പങ്ങൾ ഇൻഡ്യയിൽ മറ്റൊരു സ്ഥലത്തും കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.

ഘടന

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം
പാറതുരന്ന് 20 അടി വ്യാസത്തിൽ ഗർഭഗ്രഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയിൽ 20 അടി നീളത്തിൽ അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. അർദ്ധ മണ്ഡപത്തിന്റെ ചുവരുകളിൽ ഗർഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകൻമ്മാർ. വടക്കേ ചുവരിൽ ഗണപതി തെക്കേ ചുവരിൽ ജഡാധാരിയായ മുനി എന്നിവരുടെ ശില്പങ്ങളും കാണാം. ആയുധങ്ങൾ അണിയാതെ ഇരുകൈകളും കെട്ടി വീര്യബലങ്ങളടക്കി നിൽക്കുന്ന ദ്വാരപാലകശില്പവും ഗഥാധാരിയായ ദ്വാരപാലകശില്പവും കമണ്ഡലവുമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയുടെ ശില്പവും മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യം പുലർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്

ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഇതെന്ന് ഐതിഹ്യത്തിൽ പറയുന്നു. വനനിബിഡമായ തൃക്കക്കുടി ഗുഹാപരിസരത്ത് ഒളിവിൽ കഴിഞ്ഞ പാണ്ഡവർ പ്രദേശ സൗന്ദര്യത്തിൽ ആകൃഷ്ടരായി ഇവിടെ ശിവലിംഗ പ്രതിഷ്ഠയോടുകൂടിയ ഗുഹാക്ഷേത്രം നിർമ്മിച്ചുവെന്നാണ് വിശ്വാസം. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ സഹോദരനായ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി അറിയിച്ചതിനാലാണ് ഇന്നും ക്ഷേത്ര നിർമ്മാണം പൂർണ്ണതയിൽ എത്താത്തതെന്ന് വിശ്വസിക്കപ്പെടുന്നു.