ആലത്തിയൂർ ഹനുമാൻ ക്ഷേത്രം
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെഅവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായ ഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻകാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽ നിവേദ്യമാണ് മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
ഐതിഹ്യം
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിന്റെ ഇന്നത്തെ സ്ഥിതി
ഇന്ത്യാ സർക്കാർ ക്ഷേത്രങ്ങളെ ദേശസാൽക്കരിച്ചതിനു പിന്നാലെ ഈ ക്ഷേത്രം വളരെ വർഷങ്ങളോളം അവഗണിക്കപ്പെട്ടു. ക്ഷേത്രത്തിന് വലിയ കേടുപാടുകൾ വരുന്നതിന് ഈ അവഗണന കാരണമായി. ഇന്ന് ക്ഷേത്ര അധികാരിയുടെയും പൊതുജനങ്ങളുടെയും ഭക്തരുടെയും സഹായത്തോടെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു.