മാടായിക്കാവ് ഭദ്രകാളിക്ഷേത്രം
കണ്ണൂർജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരിൽനിന്നും പഴയങ്ങാടിവഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം. ജില്ലാതലസ്ഥാനമായ കണ്ണൂരിൽനിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കൽ കോവിലകത്തിന്‍റെ പരദേവതയാണ് മാടായിക്കാവിലമ്മ.
മാടായിക്കാവ് ഭദ്രകാളിക്ഷേത്രം
മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കടുശർക്കരയോഗവിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം.