തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
തൃശൂര്‍ ജില്ലയിലെ കൊടുങ്ങലൂരില്‍ മേത്തല പഞ്ചായത്തിലെ തൃക്കുലശേഖരപുരം എന്ന ഗ്രാമത്തില്‍ ആണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി ശ്രീകൃഷ്ണന്‍.
കുലശേഖര സാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്വാര്‍ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാര്‍ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രംസ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവന്‍ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവര്‍ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങലൂര്‍ രാജകുടുംബത്തിന്‍റെ കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.ക്ഷേത്രപാലൻ, വസുദേവൻ, നന്ദഗോപൻ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൽ എന്നിവ ഉപ പ്രതിഷ്ഠകള്‍. ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.