2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം,പത്തനംതിട്ട ജില്ല

   തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം,പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം  കവാടം  


ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്‍റെ  വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്‍റെ  രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്‍റെ  ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.                                                                                                       

         തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം




കിഴക്കോട്ട് ദർശനമായി ശ്രീ വല്ലഭനേയും, പടിഞ്ഞാറേക്ക് ദർശനമായി സുദർശ്ശന മൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ മഹാലക്ഷ്മി, വരാഹമൂർത്തി, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ സങ്കല്പിച്ച് അഞ്ച് പൂജകൾ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയിൽ ബാലനായും എതൃത്തുപൂജയിൽ ബ്രഹ്മചാരിയായും പന്തീരടിപൂജയിൽ വനവാസിയായും ഉച്ചപൂജയിൽ ഗൃഹസ്ഥനായും അത്താഴപൂജയിൽ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുർവാസാവ് മഹർഷി ക്ഷേത്രത്തിൽ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വിഷ്ണുവിഗ്രഹത്തിന് ആറടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സുദർശനമൂർത്തിയുടെ വിഗ്രഹവും ഏതാണ്ടിതേപോലെയാണ്. എന്നാൽ കൈകളുടെ എണ്ണത്തിലും അവയിൽ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങളിലും വ്യത്യാസമുണ്ട്. വിഷ്ണുവിഗ്രഹം നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുമ്പോൾ സുദർശനവിഗ്രഹം എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, ത്രിശൂലം, ഉലക്ക, കയർ തുടങ്ങിയവ ധരിച്ചിരിയ്ക്കുന്നു.                                                                                     


             മാടത്തിനു മുകളിലെ ഗരുഡൻ

ഈ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ ക്രി മു 59 ൽ ചേര ചക്രവർത്തിമാരാലാണ്‌‍‍ എന്ന് അനുമാനിക്കാം. 1915-ൽ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന കൂത്തമ്പലത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന അവസരത്തിൽ ലഭിച്ച പാലി ലിപിയിലെഴുതിയ ശാസനത്തിൽ ഇതിനെക്കുറിച്ച് പരാമര്ശം ഉണ്ട്.                                                                                

ക്ഷേത്ര മതിലിനുള്ളിലെ വിസ്‌തൃതി എട്ട്‌ ഏക്കർ മുപ്പത്‌ സെന്റ്‌ ആണ്‌. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളത്തിന്‌ രണ്ട്‌ ഏക്കറോളം വിസ്താരമുണ്ട്‌. ചെങ്കല്ലിൽ തീർത്ത ഭീമാകാരമായ ഒരു കോട്ടയാണ്‌ ഈ ക്ഷേത്രത്തിന്‍റെ  ചുറ്റുമതിൽ. ഇതിന്‍റെ ഒരു വശത്തിന്‌ 562 അടി നീളവും, പന്ത്രണ്ട്‌ അടി ഉയരവും ഉണ്ട്. തറ നിരപ്പിൽ നാലടി ഒരിഞ്ച്‌ വണ്ണമുള്ള ഈ മതിലിന്‍റെ  അസ്ഥിവാരം രണ്ടേകാൽ അടി താഴ്ച്ചയിൽ ഏഴ്‌ അടി മൂന്ന് ഇഞ്ച്‌ വണ്ണമുണ്ട്‌. മതിലിന്‍റെ  മദ്ധ്യഭാഗത്തായി നാലു വശത്തും ദാരുവിൽ നിർമ്മിച്ച ഇരുനില ഗോപുരങ്ങളുണ്ട്‌.                                                                                               
                                                                                          
                                 തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം  ദൂരകാഴ്ച



ക്ഷേത്രത്തിനുള്ളിൽ കിഴക്കു വശത്താണ്‌ ക്രി മു 57 ൽ  നിർമ്മിച്ച ഗരുഡമാടത്തറ. ഇത്‌ അറുപത്തിയഞ്ച്‌ അടി നീളവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കൽ തൂണാണ്‌. (ഇതിന്‍റെ  ഒരറ്റം ഭൂഗർഭ ജലവിതാനത്തിൽ മുട്ടി നിൽക്കുന്നു എന്ന് വിശ്വാസികൾ കരുതുന്നു) ഈ ധ്വജാഗ്രത്തിൽ വിടർത്തിപ്പിടിച്ച പക്ഷങ്ങളും, മനുഷ്യ രൂപവും, മൂന്നടിയോളം ഉയരവുമുള്ള ഗരുഡന്‍റെ  പഞ്ചലോഹവിഗ്രഹവുമുണ്ട് (ഇത് പെരുന്തച്ചൻ നിർമ്മിച്ച‌താണെന്നാണ്‌ ഐതിഹ്യം)                                                                                                                    .                   
                                                                                                             
കരിങ്കല്ലു കൊണ്ട്‌ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത്‌ അടി സമചതുരമാണ്‌. ഇതിന്‌ പതിനൊന്ന് അടി വീതിയുണ്ട്‌. നലമ്പലത്തിന്‍റെ  കിഴക്കുവശം ഇരുനിലകളോടു കൂടിയ ഗോപുരമാണ്‌. ഇത്‌ പഴയ കാലത്ത്‌ ഗ്രന്ഥപ്പുരകളായിരുന്നു. തെക്കു കിഴക്കായുണ്ടായിരുന്ന കൂത്തു പുരയുടെ അവശിഷ്ടങ്ങൾ 1915 ൽ നീക്കം ചെയ്യപ്പെട്ടു. നാലമ്പലത്തിന്‍റെ തെക്കുപടിഞ്ഞാറുള്ള  മുറിയിലൂടെയാണ്‌ ഒരു ടെന്നീസ്‌ കോർട്ടിനോളം വലിപ്പമുള്ള ഇവിടുത്തെ ഭൂഗർഭ ഭണ്ഡാരത്തിലേക്കുള്ള വഴി. ഇത്‌ ആയിരം വർഷത്തോളമായി തുറന്നീട്ടില്ല.( രാമയ്യൻ ദളവ ഇത്‌ തുറന്ന്‌ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും തിരുവനന്തപുരത്തേക്കു കൊണ്ടു പോയി എന്നും പറയപ്പെടുന്നു.) നാലമ്പലത്തിന്‍റെ  പടിഞ്ഞാറെ ഭിത്തിൽ ഉൾവശത്തായി ഏതാനും ചുവർചിത്രങ്ങൾ ഉണ്ട്‌.ഇവിടുത്തെ വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‌ 160 അടി ചുറ്റളവുണ്ട്‌. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ ഗർഭ ഗൃഹം കിഴക്കോട്ട്‌ വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറേയ്ക്ക്‌ സുദർശന പ്രതിഷ്ഠയുമാണ്‌. ശ്രീകോവിലിന്‍റെ  പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.

  തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രക്കുളം 

ഉത്സവം 


ഉത്ര ശ്രീബലി

സമീപ പ്രദേശത്തുള്ള ആലംതുരുത്തി,കരുനാട്ടുകാവ്, പടപ്പാട്ട് എന്നീ ക്ഷേത്രങ്ങളിലെ ദേവിമാർ മീനമാസത്തിലെ ഉത്രം നാളിൽ ശ്രീ വല്ലഭ ക്ഷേത്രത്തിലെക്കു എഴുന്നളുന്ന ചടങ്ങാണ് ഉത്രശ്രീബലി.ഈ ക്ഷേത്രങ്ങളിലെ ഉത്സവത്തിന്‍റെ  എട്ടാം ദിവസം ആറാട്ട് എഴുന്നളത്തിനു മധ്യേ ശ്രീ വല്ലഭ ക്ഷേത്രത്തിൽ ഈ ദേവിമാർ എത്തുമ്പോൾ അതുവരെ അടഞ്ഞ് കിടക്കുന്ന ക്ഷേത്രത്തിന്‍റെ  വടക്കേ ഗോപുര നട തുറന്ന് ദേവിമാരെ സ്വീകരിക്കുന്നു. തുടർന്നു ഈ മൂന്നു ദേവിമാരും ഗരുഡവാഹനത്തിൽ എത്തുന്ന ശ്രീവല്ലഭനും, മഹാ സുദർശന മൂർത്തിയും കൂടി ചെർന്നു അഞ്ചീശസംഗമം നടക്കുന്നു.അതിനു ശേഷം ആലംതുരുത്തി ഭഗവതിയെ ശ്രീ വല്ലഭനോടൊപ്പം ശ്രീ കോവിലിലേക്ക് എഴുന്നളിച്ചിരുത്തുന്നു. പിന്നീട് കിഴക്കേ ഗോപുരം വഴി ദേവിമാർ തുകലശ്ശേരി ചക്രക്ഷാളനക്കടവിലേക്ക് ആറാട്ടിനായ് പോകുന്നു.ആറാടി തിരിച്ചെത്തുന്ന പടപ്പാട്, കാവിൽ ഭഗവതിമാർ വടക്കേ ഗോപുരം വഴി തന്നെ തിരിച്ചു പോകുന്നു. അതിനു ശേഷം ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നളുന്ന ആലംതുരുത്തി ഭഗവതി ഉച്ചശ്രീബലിക്ക് എഴുന്നള്ളിയിരിക്കുന്ന ശ്രീവല്ലഭ, സുദർശ്ശനമൂർത്തികളെ ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തു വച്ച് കണ്ട് മുട്ടുന്നു. ശ്രീ വല്ലഭ വാഹകനായ കീഴ്ശാന്തി തലയിൽ എഴുന്നളിച്ചിരിക്കുന്ന ബിംബത്തിൽ നിന്നും കൈവിട്ട് ഭക്തരിൽ നിന്നും സ്വീകരിക്കുന്ന കാണിക്ക ഭഗവതിക്കു നൽകി യാത്രയയക്കുന്നതോടെ ഉത്രശ്രീബലി മഹോത്സവം അവസാനിക്കുന്നു.

കഥകളിയുടെ ആരംഭ കാലം മുതൽ തന്നെ ഈ ക്ഷേത്രത്തിൽ കഥകളി പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പിൽക്കാലത്ത്‌ സവിശേഷപ്രാധാന്യവും, ഇപ്പോൾ പ്രധാന വഴിപാടുമാണ്‌ കഥകളി.


തിരുവല്ല നിന്നും മാവേലിക്കര റോട്ടിൽ 4 കിമി പോയാൽ ശ്രീവല്ലഭക്ഷേത്രം കവല ആയി. അവിടെ നിന്ന് സുമാർ 500 മീറ്റർ പോയാൽ അമ്പലമായി