2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ഇഷ്ടദേവതയുടെ ആവശ്യകത





ഇഷ്ടദേവതയുടെ ആവശ്യകത


ഇഷ്ടദേവതയുടെ ആവശ്യകത
ആധുനിക മനുഷ്യന്‍ വളരെ എളുപ്പം പറയുന്നു: ‘ഈശ്വരന്‍ സര്‍വ്വദിക്കിലുമുണ്ട്‌.’ എന്നാല്‍ ഈശ്വരൂപം ചിന്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തനിക്ക്‌ വ്യക്തമായ ധാരണയൊന്നുമില്ല. മിക്ക ആളുകള്‍ക്കും ഈശ്വരനെപ്പറ്റി വളരെ അവ്യക്തമായ ആശയം മാത്രമാണുള്ളത്‌. നിരാകാരനായ ഈശ്വരനെ ആരാധിക്കുന്ന വ്യക്തി വീട്ടില്‍ തന്റെ ശരീരവും അതിനോട്‌ ബന്ധപ്പെട്ട വ്യക്തികളുമായി തിരക്കുപിടിച്ച്‌ കഴിയുന്നു. ചൈതന്യത്തിന്റെ മണ്ഡലത്തിലേക്ക്‌ ഉയര്‍ന്ന്‌ അവ്യക്തവും സൂക്ഷ്മവുമായ ഒരു സത്യത്തോട്‌ ഇടപെടാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല. എന്നാല്‍ അയാള്‍ അതിനെക്കുറിച്ച്‌ ഒരുപാട്‌ സംസാരിക്കും. നമുക്ക്‌ ശരിയായ ശരീരബോധം ഉള്ളപ്പോള്‍, നാം നമ്മുടെ വ്യക്തിത്വത്തെമാത്രം ഏകസത്യമെന്ന്‌ കരുമ്പോള്‍, നമ്മുടെ ആദ്ധ്യാത്മക സാധനയ്ക്കും വളര്‍ച്ചയ്ക്കും ഒരിഷ്ടദേവത ആവശ്യമാണ്‌.
ഒരു താണതലത്തില്‍ കേവലസത്യം അവ്യക്തമായിത്തീരുന്നു. ഒരു ഉയര്‍ന്നതലത്തില്‍ അത്‌ സത്യമാണെങ്കിലും രൂപത്തിന്റെയും വ്യക്തിത്വത്തിന്റെയും താണതലത്തില്‍ നമ്മുടെ മനസ്സില്‍ പൊന്തുന്ന ദുഷിച്ചതും നാം ആഗ്രഹിക്കാത്തതുമായ ചിത്രങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രതികരണം ചെയ്യാന്‍ സാധിക്കുന്നില്ല, അതിന്‌ നമുക്ക്‌ പവിത്രവും നല്ലതുമായ ചിന്തകളും ചിത്രങ്ങളും ആവശ്യമാണ്‌. ഇവിടെയാണ്‌ ഇഷ്ടദേവതയുടെ ആവശ്യകത. നമ്മുടെ ഏറ്റവും സമുന്നതാശയങ്ങള്‍ ഇഷ്ടദേവതയില്‍ നാം സാക്ഷാത്കരിക്കുന്നു. നമ്മുടെ എല്ലാം രൂപങ്ങള്‍ സത്യമാണെന്ന്‌ കരുതുന്നിടത്തോളം കാലം നമുക്ക്‌ നിശ്ചിതമായ ഒരിഷ്ടദേവതയും ആവശ്യമാണ്‌. എന്നാല്‍ അതേ സമയം രൂപത്തിനെയും രൂപമില്ലാത്തതിനെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണികൂടി നമുക്ക്‌ ആവശ്യമാണ്‌. രൂപം അരൂപത്തിന്റെ ഒരു പ്രകടനം മാത്രമാണ്‌. ഇഷ്ടദേവത എല്ലാറ്റിനും താങ്ങായി നില്‍ക്കുന്ന അരൂപസത്യത്തിന്റെ ഒരു പ്രതീകമാണ്‌.
ഇഷ്ടദേവത പരിമിതത്തെയും അപരിമിതത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായി നിലകൊള്ളുന്നു. ഇങ്ങനെ കരുതിയാല്‍ അത്‌ ബുദ്ധിയേയും ഹൃദയത്തേയും തൃപ്തിപ്പെടുത്തും. ബുദ്ധിക്ക്‌ അപരിമിതം വേണം; വികാരങ്ങള്‍ക്ക്‌ പരിമിതസത്യം വേണം. ശരിയായ വെളിച്ചത്തില്‍, തത്ത്വത്തിന്റെ പ്രകടമായ വൃഷ്ടിരൂപമാണ്‌ ഇഷ്ടദേവത എന്ന്‌ കരുതുന്നുവെങ്കില്‍ ഇതു രണ്ടും നാം അതില്‍ കാണുന്നു.
ഈ രൂപം മനസ്സില്‍ കൊണ്ടുവരുന്നതില്‍ ശബ്ദപ്രതീകമായ ‘ഓം’കാരത്തെ ആശ്രയിക്കാവുന്നതാണ്‌. ആദ്യം രൂപത്തെക്കുറിച്ചും പിന്നെ അരൂപത്തെക്കുറിക്കും ഇതുപോയഗിക്കാവുന്നതാണ്‌. എന്നാല്‍ സാധാരണയായി അധികാരമുള്ള ഒരു ഗുരു നല്‍കിയിട്ടുള്ള കൂടുതല്‍ വാക്കുള്ള ഒരു മന്ത്രമാണ്‌ ഉപയോഗിക്കാറുള്ളത്‌. സാധകന്‌ ഗുരുവിലും മന്ത്രശക്തിയും വിശ്വാസം വേണം. ജപിക്കുമ്പോള്‍ മന്ത്രജപത്തോടൊപ്പം സാധകന്‍ ഇഷ്ടദേവതയുടെ രൂപമോ ശബ്ദപ്രതീകത്തോട്‌ ബന്ധപ്പെട്ട അരൂപഭാവമോ കൂടി ചന്തിക്കണം. നമ്മുടെ ബോധകേന്ദ്രം നമ്മെ ആകപ്പാടെ, അല്ല, പ്രപഞ്ചത്തെ ആകെയും യാതൊരു പരിമിതിയുമില്ലാതെ അതിനപ്പുറവും വ്യാപിച്ചുനില്‍ക്കുന്ന അനന്തചൈതന്യത്തിന്റെ ഒരുഭാഗമാണ്‌. ആദ്യം ശബ്ദവും ചിന്തയും ഒന്നിച്ചുപോകുന്നു. പിന്നെ ശബ്ദം ഈശ്വരചിന്തയിലും ബോധത്തിലും ലയിക്കുന്നു. സാധന ചെയ്ത്‌ പുരോഗമിക്കുമ്പോള്‍ ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന്‌ കൂടുതല്‍ മനസ്സിലാക്കും.
– യതിശ്വരാനന്ദ സ്വാമികള്‍