2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി ദേവി





കാളരാത്രി ദേവി


*
കാളരാത്രി ദേവി
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.
കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.
ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.
ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.
യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കെപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.
ജപിക്കേണ്ട മന്ത്രം:-
ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി