ദേവി കന്യാകുമാരി
കേരള മണ്ണിന്‍റെ കാവലാളായി കേരളത്തിലെ നൂറ്റെട്ട് ദുര്‍ഗാലയങ്ങളിലെ പ്രഥമ സ്ഥാനീയയായി കേരളിയരുടെ മനസ്സില്‍ അന്നും ഇന്നും എന്നും ദേവി കന്യാകുമാരി നിലനില്‍ക്കും. ഇന്ത്യ മഹാ സമുദ്രത്തിന്റെയും അറബി കടലിന്‍റെയും ബംഗാള്‍ ഉള്‍കടലിന്‍റെയും സംഗമസ്ഥനമാണ് കന്യാകുമാരി. സാഗര സംഗമം താണ്ടി ഉദിച്ചുയരുന്ന സൂര്യന് അഭിമുഖമായാണ് കുമാരി പ്രതിഷ്ഠ, പക്ഷെ കാഴ്ചയില്‍ പ്രാധാന്യം വടക്കേ നടയ്ക്കാണ്, മുഖ്യ പ്രവേശന കവാടവും വടക്ക് വശത്താണ്. കമനീയമായ ദേവി വിഗ്രഹം അഞ്ജനകല്ലാണെന്നും കൃഷണശിലയാണെന്നും രുദ്രാഷശിലയാണെന്നും പല അഭിപ്രായങ്ങള്‍ ഉണ്ട്, അതെന്തായാലും ദേവിയുടെ മുന്‍പില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു നിന്നാല്‍ തിരികെ പോരാന്‍ തോന്നാതത്ര വശ്യതയുണ്ട്, ലോക പ്രശസ്തമായ ദേവിയുടെ മുക്കുത്തി ആ വശ്യതയ്ക്ക് മാറ്റ് കൂട്ടുന്നുവോ. പണ്ടൊരിക്കല്‍ കിഴക്കേ നട തുറന്നിരുന്നപ്പോള്‍ ദേവിയുടെ പ്രഭ കണ്ടു കടല്‍ കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറി എന്നും ദേവി അവരെ ഓടിച്ചിട്ട് കിഴക്കേ നട അടച്ചുവെന്നും ഒരു കഥയുണ്ട്. അതെന്തായാലും ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ആറാട്ട്, കാര്‍ത്തിക, വിജയദശമി, മകരത്തിലെയും കര്‍ക്കിടകത്തിലെയും അമാവാസി എന്നീ അഞ്ചു ദിവസങ്ങളില്‍ മാത്രമേ കിഴക്കേ നട തുറക്കാറോള്ളൂ.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇടവമാസം തിരുവാതിരനാള്‍ കൊടിയേറി ചോതിനാള്‍ ആറാട്ടോടെയാണ്. ചിത്തിരനാളും ചോതിനാളും രഥഘോഷയാത്രയും നഗര പ്രതിക്ഷണവും ഉണ്ട്, തേര് വലിക്കാന്‍ അസംഖ്യം ഭക്തജനങ്ങള്‍ ഉണ്ടാവും. ആറാട്ട് സമുദ്രത്തിലാനെന്നു പറയേണ്ടല്ലോ. നവരാത്രിയാണ് മറ്റൊരു ഉത്സവം, അപ്പോള്‍ ജഗദംബികയുടെ വിവിധ രൂപങ്ങളിലായി ദേവിയെ അണിയിച്ചോരുക്കും. വിജയദശമി നാളില്‍ ദേവി വെള്ള കുതിരയിലെറി പത്തു കിലോമീറ്റര്‍ അകലെയുള്ള മഹാദാനപുരം വരെ പോകുന്നു ബാണാസുര വധത്തെ അനുസ്മരിക്കുന്ന ചടങ്ങാണിത്. ശീവേലിക്ക് എഴുന്നുള്ളിക്കാനുള്ള വെള്ളി നിര്‍മ്മിതമായ തിടമ്പ് വിഗ്രഹത്തിനു സമീപം തന്നെയുണ്ട്, പഞ്ചലോഹ നിര്‍മ്മിതമായ ഉത്സവബിംബം പ്രത്യേക മുറിയിലാണ്. വടക്കേ നടവഴി ആദ്യം ദേവിയുടെ സംരക്ഷകനായ കാലഭൈരവ പ്രതിഷ്ഠയാണ്, കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി സൂര്യ ദേവനും നാഗ ദൈവങ്ങളുമുണ്ട്. ദേവിയുടെ പ്രധാന തോഴിയായ ബാലസുന്ദരി പ്രതിഷ്ഠയുമുണ്ട്.