തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ അന്നൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കാവാണ് തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്. പൂരോത്സവത്തിന്റെഭാഗമായുള്ള പ്രത്യേക ചടങ്ങുകളാലും ആചാരങ്ങളാലും പ്രസിദ്ധമാണ് ഈ ആരാധനാലയം. മീനമാസത്തിലെ പൂരം നാളിലാണ് പൂരോത്സവം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി പൂരക്കളിയും പരിസമാപ്തിയായി മറത്തുകളിയും നടന്നുവരുന്നു.
പേരിനു പിന്നിൽ
പ്രാചീന കേരളത്തിലെ സുപ്രധാന കഴകങ്ങളിൽ ഒന്നായിരുന്നു പയ്യന്നൂർ. പയ്യന്നൂരിൽ പെരുമ്പുഴയുടെ വടക്കു ഭാഗത്തെ സമൃദ്ധമായി അന്നം വിളയുന്ന ദേശമായാണു അന്നൂർ അറിയപ്പെട്ടത്. അന്നൂരിൽ തലയന്നത്തെ അരിയിലൂടെ ദേവി വന്ന സ്ഥലം എന്നാണ് തലയന്നേരിയെ കുറിച്ചുള്ള പുരാവൃത്തം. തുളു ഭാഷയിൽ ശ്രേഷ്ഠമായ കാവ് എന്നർത്ഥം വരുന്ന തലയ നേരി പിന്നീട് തലയന്നേരി എന്നായതും ആകാം.
ഐതിഹ്യം
നൂറ്റാണ്ടുകൾക്ക് മുൻപ് കോലത്തിരി രാജാവിന്റെ സാമന്തനായി അന്നൂരിന്റെ നാട്ടുകൂട്ടം അഗീകരിച്ച മന്നനായിരുന്നു വേലമംഗലത്ത് (വേലോത്ത്)നമ്പി. നമ്പിക്കൊപ്പം കോലത്തിരിക്കുവേണ്ട നികുതി പിരിക്കാറുള്ളത് അന്നൂരിലെ കല്ലിടിൽ, ചൂവാട്ട, ആനിടിൽ, കുപ്ലേരി, വെള്ളോറ, ഉത്തമന്തിൽ എന്നീ ആറു പൊതുവാൾ തറവാടുകളിൽ നിന്നുള്ളവരായിരുന്നു. കുട്ടമംഗലത്തെ കുപ്പത്തി തറവാട്ടിലെ ഒരു കന്യകയെ അന്നൂരിലെ മുണ്ടയാട്ട് എന്ന തീയ്യ തറവാട്ടിലെ ഒരു പുരുഷൻ വിവാഹം കഴിച്ചു. എല്ലാ വർഷവും കുട്ടമത്തു കാവിലെ പൂമാല ഭഗവതിയുടെ പാട്ടുത്സവത്തിനു തന്റെ ഉണക്കലരി നേർച്ചയുമായി ആ സ്ത്രീ പോകുമായിരുന്നു. തനിക്കൊരു മകൻ പിറന്ന വർഷവും കാൽ നട യാത്ര ചെയ്ത് അരിയുമായി കുട്ടമത്ത് കാവിലെത്തിയ ആ ഭക്തയുടെ നേർച്ച നേരം വൈകി എന്ന കാരണത്താൽ നിരസിക്കപ്പെട്ടു. നിരാശയായി അന്നവിടെ താമസിച്ച അവൾ ഇനിയങ്ങോട്ടില്ലെന്ന പ്രതിജ്ഞയുമായി പിറേറന്നു മടങ്ങി. കണ്ണീരോടെ അന്നൂരിൽ തിരിച്ചെത്തിയ അവൾ ഭർത്താവിനോടൊപ്പം നമ്പിയെ മുഖം കാണിച്ച് സങ്കടം ഉണർത്തിച്ചു. ആ സ്ത്രീയുടെ തലേന്നത്തെ അരിയ്ക്കൊപ്പം പൂമാല ഭഗവതിയും എഴുന്നള്ളിയിരിക്കുന്നുവെന്നു ലക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കിയ നമ്പി തന്റെ മേൽനോട്ടത്തിൽ ഒരു കാവു പണിത് ഭഗവതിയെ ആ കാവിൽ പ്രതിഷ്ഠ ചെയ്തു. അന്നു കാവിന്റെ നിർമമാണത്തിൽ സഹകരിച്ച ആറു പൊതുവാൾ സമുദായത്തിലെ തറവാട്ടുകാർക്കാണു കോയ്മക്കാർ എന്ന നിലയിൽ ഇന്നു തലയന്നേരിക്കാവിൽ സ്ഥാനമുള്ളത്.
കാവിന്റെ ആരൂഢങ്ങൾ
- ഭണ്ഡാരപ്പുര - നാലുകെട്ടു രൂപത്തിൽ നടുമുറ്റമുള്ള ഇവിടെയാണ് തലയന്നേരിയുടെ ആദിമാരൂഢം. ഭണ്ഡാരപ്പുരയിൽ അടിച്ചുതളിക്കാരി കൊളുത്തുന്ന ദീപമാണ് ശ്രീകോവിലിൽ അന്തിത്തിരി തെളിയിക്കാൻ ഉപയോഗിക്കുന്നത്. കൊത്തു പണി കഴിപ്പിച്ച മനോഹരങ്ങളായ ചിത്രത്തൂണുകൾ നിറഞ്ഞ ഭണ്ഡാരപ്പുരയിലെ കണ്ണാടിത്തറയിലാണ് ദേവി വന്നിരുന്നതായി വിശ്വസിക്കുന്നത്.
- ശ്രീകോവിൽ - പൂമാലയുടെയും, കൂറുംബാ ഭഗവതിയുടെയും പ്രതിഷ്ഠാ പദം.
- മാടം - ശ്രീകോവിലിനു മുന്നിൽ തെക്കുവശത്തായി പൂമാരുതൻ ദേവന്റെ ഇരിപ്പിടം.
- അരിയറ - ചുറ്റമ്പലത്തിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തായി പുതിയ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡീ, കന്നിക്കൊരുമകൻ എന്നീ ദേവ സങ്കല്പങ്ങളുടെ പ്രതിഷ്ഠാ സ്ഥാനം.
- മണിക്കിണർ - കിണറിനുള്ളിലും കിണർ നിർമ്മിച്ചിരിക്കുന്ന കാവിന്റെ ജല സ്രോതസ്സ്.
- എരിഞ്ഞിത്തറ - ഭൂതത്താറുടെ ആരൂഢമായി സങ്കൽപ്പിക്കുന്നത്.
- ഇഡു - കാവിനു മുന്നിലെ അമ്പെയ്ത്തു സ്ഥലം. തിരുവോണം നാളിൽ വാല്യക്കാർ ഇവിടെയാണ് അമ്പെയ്ത്തു നടത്തുന്നത്.
- നാഗം - കാവിനു മുൻപിൽ തെക്കു കിഴക്കു ഭാഗത്തായി നാഗപ്രതിഷ്ഠ ചെയ്തിരിക്കുന്ന സ്ഥാനം.
- കിഴക്കേ പടിപ്പുര - ശ്രീകോവിലിനു മുന്നിലുള്ള ഈ സ്ഥാനത്തിന്റെ അവകാശം നമ്പിക്കു മാത്രമാണ്.
- വടക്കേ പടിപ്പുര - ശ്രീകോവിലിനു വടക്കുള്ള ഈ പടിപ്പുര യോഗിമാർക്ക് അവകാശപ്പെട്ടതാണ്.
- പടിഞ്ഞാറേ പടിപ്പുര - തെക്കേ ഊർക്കകക്കാർക്ക് മാത്രമാണിവിടെ അവകാശം.
- പടിക്കൊട്ടിൽ - ഇവിടം കോയ്മക്കാർക്ക് ഇരിക്കുവാനുള്ളതാണ്.
പ്രധാന ആഘോഷങ്ങൾ
മറ്റെല്ലാ പൂമാല കാവുകളും പോലെ തലയന്നേരിയിലും പൂരോത്സവമാണ് ഏറ്റവും പ്രധാനം. മീന മാസത്തിലെ കാർത്തിക നാൾ മുതൽ പൂരം വരെ നീളുന്ന ഒൻപത് ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. ഋതുമതികളാവുന്നതിനു മുൻപ് പെൺകുട്ടികൾ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശ്രീകോവിലിൽ പൂവിടുന്ന ആചാരവും പൂരത്തോടനുബന്ധിച്ചു നടത്തപ്പെടുന്നു. കാർത്തികയ്ക്ക് പതിനാറു നാൾ മുൻപ് വ്രതം ആരംഭിക്കുന്ന ഈ കുഞ്ഞുങ്ങൾ കാവിൽ തന്നെ താമസിച്ചു കൊള്ളണമെന്നാണ് നിഷ്കർഷ. കാർത്തികയ്ക്ക് മുൻപിൽ വരുന്ന ഏതെങ്കിലും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലൊന്നിൽ കാവിലെ പുറപ്പന്തലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി പന്തൽപ്പൊന്നു വെച്ച് ഫലം പറയുന്ന ചടങ്ങ് പൂരോൽസവത്തിനു മുന്നോടിയായി നടത്തപ്പെടുന്നു. ഇത് മകീര്യം നാൾ വരെ ആവർത്തിക്കപ്പെടുന്നു. ഉത്സവ കാലത്ത് ഒരോ ദിവസവും പുറപ്പന്തലിൽ വെച്ചു നടക്കുന്ന പൂരക്കളിയിൽ പങ്കെടുക്കുന്ന കളിക്കാർക്ക് കഞ്ഞി ഉണ്ടാക്കുവാൻ വേണ്ടി പന്തൽക്കഞ്ഞിക്കരി നൽകുക എന്നത് മറ്റൊരു പ്രാർത്ഥനയാണ്.
പൂരോത്സവത്തോടനുബന്ധിച്ച് പുറം പന്തലിലെ പൂരക്കളി പരിശീലനം കഴിഞ്ഞ് അകപ്പന്തലിലേക്ക് കയറുന്നതിനെ കഴകം കയറ്റം എന്നു പറയുന്നു. മകീര്യം നാളിലാണു തലയന്നേരിയിൽ കഴകം കയറ്റം. മകം നാളിൽ മറത്തു കളി നടത്തപ്പെടുന്നു. മറത്തു കളിയിൽ ഊർക്കകത്തെ വാല്യക്കാർ വടക്കരും തെക്കരും ആയി വിഭജിച്ച് ഒരോ പണിക്കരുടെ നേതൃത്വത്തിലാണു പങ്കെടുക്കുന്നത്. ശ്ലോകം ചൊല്ലി, പദഛേദം ചെയ്ത്, അന്വയിച്ച്, അന്വയാർതം പറഞ്ഞ്, ഭാവാർതവും ചൊല്ലി സദസ്യർക്ക് ബോദ്ധ്യപ്പെടുത്തണം. വിഷയങ്ങ്ൾ പൂർവ്വപക്ഷമായും ഉത്തരപക്ഷമായും അവതരിപ്പിക്കപ്പെടുന്ന മറത്തുകളിയിൽ തർക്കങ്ങളിലിടപെട്ട് അന്തിമ വിധി നടത്താൻ അദ്ധ്യക്ഷവേദിയേയും നിയോഗിക്കാറുണ്ട്.
പൂരം നാൾ കാവിലെ തിടമ്പ് ജലമജ്ജനം ചെയ്യിക്കുന്ന പൂരം കുളിയോടെ പൂരോത്സവം പൂർത്തിയാകുന്നു.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഏഴു ദിവസങ്ങളിലായി നടത്തപ്പെടുന്ന പാട്ടുത്സവം തുടങ്ങുന്നത്. ഭഗവതിപ്പാട്ടുകൾ എന്നറിയപ്പെടുന്ന ദേവിപ്പാട്ടുകളും കളമെഴുത്തുമാണു പാട്ടുത്സവത്തിലെ പ്രധാന ചടങ്ങുകൾ. മൂന്നാം പാട്ട് മുതൽ പെരുമാളെ സങ്കൽപ്പിച്ച് പടിക്കൽ വെറ്റില വെക്കുന്ന ചടങ്ങ് ഉണ്ട്. നാലാം പാട്ട് ദിവസം ഭഗവതിയുടെ വെളിച്ചപ്പാട് ആടയാഭരണങ്ങൾ അണിഞ്ഞ് പെരുമാളെ ദർശിക്കുവാൻ പോകുക പതിവാണ് . നാലാം പാട്ട് മുതൽ അടിച്ചുതളിക്കൊട്ട്, വിതാനക്കൊട്ട്, പെരുങ്കൊട്ട്, അടിയന്തരക്കൊട്ട് എന്നിങ്ങനെയുള്ള വിശേഷക്കൊട്ടുകൾ ആണ് ഉണ്ടാകുക. അഞ്ച് ആറ് ദിവസങ്ങളിൽ നാഗത്തിൽ പാട്ടാണ് നടക്കുന്നത്. ഊർക്കകത്തെ വാല്യക്കാർ രോഗ ശാന്തിക്കും അഭീഷ്ട്സിദ്ധിക്കുമായി നടത്തുന്ന തേങ്ങ ഏറ് ചടങ്ങോടു കൂടി ഏഴാം പാട്ട് തുടങ്ങുന്നു. എല്ലാ വാല്യക്കാർക്കും ക്ഷീരധാരാഭിഷേകം നടത്താൻ സാധിക്കുന്ന അവസരം ആണ് തേങ്ങ ഏറ്. ഏഴാം പാട്ട് ദിവസം രാത്രിയിൽ തിരുവായുധം എഴുന്നള്ളിക്കൽ നടക്കുന്നു. എഴുന്നള്ളത്തിനു ശേഷം കളത്തിലരി ചടങ്ങോടെ പാട്ടുത്സവം സമാപിക്കുന്നു.