2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

മുതുകുളം ശ്രീ പാണ്ഡവര്‍കാവ് ദേവീ ക്ഷേത്രം



മുതുകുളം ശ്രീ പാണ്ഡവര്‍കാവ് ദേവീ ക്ഷേത്രം

കൊട്ടാരങ്ങള്‍ക്കു പുകള്‍ പെറ്റ മൈസൂര്‍ പോലെയോ, ജയ് പൂര്‍ പോലെയോ ക്ഷേത്രങ്ങള്‍ക്ക് കീര്‍ത്തി കേട്ട കാശി,വാരണാസി,മധുര പോലെയോ പ്രശസ്തമാണ് ക്ഷേത്രങ്ങളുടെ കലവറയായ ഓണാട്ടുകര എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ മധ്യ തിരുവിതാംകൂര്‍ പ്രദേശം ... കായകുളം രാജവംശത്തിന്റെ ആസ്ഥാനമെന്ന കാരണവും , വേണാട്,തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആധിപത്യവുമാകാം ഈ പ്രദേശത്തെ കേരളത്തിന്‍റെ ക്ഷേത്ര ഭൂമികയായി പരിപോഷിപ്പിക്കപ്പെട്ടത്‌..ഐതീഹ്യങ്ങള്‍ക്ക്‌ അതിനേക്കാള്‍ കാലപ്പഴക്കം അവകാശപ്പെടാനുണ്ടെങ്കിലും ക്ഷേത്രങ്ങളുടെ സ്ഥിതിയും, നിര്‍മ്മാണ രീതികളിലെ സാദൃശ്യങ്ങള്‍ക്കും പിന്നില്‍ ഈ ഒരു കാരണവും ഉണ്ടായിരിക്കണം. കായംകുളം,ഹരിപ്പാട്ടു പട്ടണങ്ങളില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ തുല്യ ദൂരത്തില്‍ കാര്‍ത്തികപ്പള്ളി റൂട്ടില്‍ സഞ്ചരിച്ചാല്‍ മുതുകുളത്തെത്താം.മുത്തുക്കുളം എന്ന പേര്‍ ലോപിച്ചാണ് മുതുകുളം ഉണ്ടായത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.ഒരു കാലത്ത് മുത്തുകള്‍ നിറഞ്ഞ കുളങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമമായിരുന്നിരിക്കാം (ഇന്നത്തെ ശ്രീലങ്ക പോലെ)ഈ പ്രദേശം. പഴമയുടെ വായ്മൊഴികളില്‍ നിറഞ്ഞു നിന്നിരുന്ന കാവുകളും,കുളങ്ങളും മനുഷ്യാധിനിവേശത്താല്‍ മറഞ്ഞു കൊണ്ടിരിക്കുന്നെങ്കിലും ഗ്രാമീണതയുടെ നൈര്‍മ്മല്യം ഇന്നും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നു.
കുരുവംശ കുലത്തിലെ രാജ്യഭരണ ത്തിനായുള്ള പാരമ്പര്യ അവകാശ തര്‍ക്കം കൌരവ -പാണ്ഡവ നിരകളില്‍ സ്പര്‍ദ്ധയായി വളരുകയും,സന്ധി സംഭാഷണങ്ങള്‍ക്കും ,ദ്യൂതിനും ഫലമില്ലാതാവുകയും ചെയ്ത മൂര്‍ധന്യതയില്‍ കൌശല ബുദ്ധിയില്‍ ഉദിച്ച ചൂതുകളിയില്‍ പരാജയം നേരിട്ട പാണ്ഡവര്‍, തങ്ങളുടെ മാതാവ് കുന്തി ദേവിയോടും ,ദ്രൌപദിയോടും ഒപ്പം വനവാസത്തിനായി പുറപ്പെട്ടു.ഫല മൂലാദികള്‍ ഭുജിച്ചും ,ഘോര വനങ്ങളില്‍ ശയിച്ചും മുന്നേറിയ അവര്‍ വനവാസവേളയില്‍ അതിനിബിഡവനങ്ങള്‍ ഉണ്ടായിരുന്ന മുതുകുളത്തെത്തിയെന്നും, ക്ഷേത്രത്തിനു ചുറ്റുമുള്ള അഞ്ചു കാവുകളിലായി താമസിച്ചു എന്നും പറയപ്പെടുന്നു. തങ്ങളുടെ നിത്യ പ്രാര്‍ത്ഥന ക്കായി ഒരു ആരാധനാലയം ആഗ്രഹിച്ച മാതാവായ കുന്തിദേവീ അതിനായുള്ള തക്ക പ്രദേശം കണ്ടെത്തി വരുവാന്‍ ഭീമസേനനോട് ആവശ്യപ്പെട്ടു .ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സ്ഥലം അന്വേഷിച്ചിറങ്ങിയ ഭീമസേനന്‍ മണ്‍പാത്ര ങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കുശവന്റെ ആലയിലെത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തപ്പോള്‍,ജോലി തിരക്കില്‍ വ്യാപൃതനായ ആയ അദ്ദേഹം അല്പം ഹാസ്യരൂപേണ ഒരു കുടത്തിനുള്ള സ്ഥാനം എടുത്തു കൊള്ളുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. അനുവാദം കേട്ട മാത്രയില്‍ അട്ടി അട്ടിയായി അടുക്കി വച്ചിരുന്ന കുടങ്ങളില്‍ ഏറ്റവും അടിയിലിരുന്ന കുടം വര്‍ദ്ധിത ബലത്തില്‍ ഭീമ സേനന്‍ വലിച്ചു മാറ്റുകയും അങ്ങനെ പ്രതിഷ്ടക്കുള്ള സ്ഥാനം കണ്ടെത്തുകയും ചെയ്തു എന്നുമാണു ഐതീഹ്യംഇപ്പോള്‍ ക്ഷേത്രം നില്‍കുന്ന പ്രദേശത്തിന് പടിഞ്ഞാറുള്ള കാളിയേഴുത്ത് വയലിലെ സമൃദ്ധമായ പശയുള്ള ചെളിയില്‍ നിന്നും പാണ്ഡവമാതാവായ കുന്തിദേവീ രണ്ടു കൈകളാലും കൂട്ടി പിടിച്ചെടുത്ത മൃശ്ചികം, ദുര്‍ഗാ ദേവിയെ മനസ്സില്‍ ധ്യാനിച്ചു അതേ രൂപത്തില്‍ തന്നെ പ്രതിഷ്ടിക്കുകയും ചെയ്തു .. വിഗ്രഹ പ്രതിഷ്ഠ ക്കു ശേഷം കാനനത്തില്‍ സുലഭമായി ഉണ്ടായിരുന്ന കദളിപ്പഴം ദേവിക്കായി ആദ്യമായി നിവേദിക്കുകയും,തെറ്റി പൂക്കളാല്‍ പൂജിക്കുകയും ചെയ്തു.ആയതിനാല്‍ ഇന്നും ഈ ക്ഷേത്രത്തില്‍ നൈവേദ്യത്തില്‍ പ്രധാനം കദളി പ്പഴവും പൂജാപുഷ്പങ്ങളില്‍ തെറ്റിപ്പൂവും ആകുന്നു. ആ മൂലബിംബത്തെ പഞ്ചലോഹത്താല്‍ തീര്‍ത്ത കവചം കൊണ്ട് സംരക്ഷിക്കപ്പെട്ടു പോരുന്നു എന്നാണ് വിശ്വാസം.
പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ടിക്കപ്പെട്ട മറ്റു ക്ഷേത്രങ്ങള്‍ ആയ ത്രിച്ചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , തിരുവാറന്മുള ശ്രീകൃഷ്ണ ക്ഷേത്രം , തൃക്കൊടിത്താനം , തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം കണ്ടു തൊഴുതു പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴനൈവേദ്യം കഴിച്ചു പ്രാര്‍ഥിച്ചാല്‍,അഭിവൃദ്ധി,ഇഷ്ടകാര്യ ലാഭം എന്നിവയുണ്ടാകും എന്നാണു വിശ്വാസം . ഈ തീര്‍ഥയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേരുന്നു.
കുംഭ മാസത്തിലെ പൂരം നാളില്‍ നാലാം ആറാട്ട്‌ വരത്തക്ക വിധത്തില്‍ പൂയം നാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത് .നാലാം ഉത്സവനാളിലെ പ്രശസ്തമായ പൂരം കുളി അഥവാ നാലാം ആറാട്ടിന് ശേഷം മാത്രമേ ഉത്സവ സംബന്ധിയായ മറ്റു ആചാരങ്ങളും അനുഷ്ടാനങ്ങളും സമാരംഭിക്കുകയുള്ളൂ.നാലാം ഉത്സവം നാള്‍ മുതല്‍ ഒന്‍പതാം ഉത്സവ നാള്‍ വരെ ദിവസവും ആറാട്ട്‌ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെയുണ്ട് .പത്താം ഉത്സവദിവസം രാത്രിയില്‍ ആറാടി ഉത്സവം കൊടിയിറങ്ങുന്നു.ദുര്‍ഗാ ദേവിയുടെ പിതാവ് ശ്രീ പരമേശ്വരന്റെ തിരുനടയായ കരുണാമുറ്റം ക്ഷേത്രത്തിലുള്ള ആറാട്ടു കുളത്തിലാണ് ആറാട്ടിനായി ദേവിയെ എഴുന്നള്ളിക്കുന്നത്. നൂറുകണക്കിനു ചമയ വിളക്കുകളുടെ അകമ്പടിയോടു കൂടി അമ്മയെ ആറാട്ടിനായി എഴുന്നള്ളിക്കുമ്പോള്‍ താളമേളങ്ങളുടെ ഗാംഭീര്യവും, ശരണ മന്ത്രങ്ങളുമായി ഒരു ഗ്രാമമൊന്നാകെ അമ്മയെ അനുഗമിക്കുന്നു.ആഗ്രഹ സാഫല്യത്തിനും ,വിശ്വാസ ദൃഡത ക്കുമായി വൃത ശുദ്ധിയോടു കൂടി വേണം ചമയവിള ക്കെടുക്കുവാന്‍.ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന ചമയവിളക്കുകളുടെ എണ്ണം അമ്മയോടുള്ള വിശ്വാസ സമര്‍പ്പണത്തിന്റെ നേര്‍ക്കാഴ്ചയായി കണക്കാക്കാം .വാഴപ്പള്ളി,മാരൂര്‍,പൊന്നശ്ശേരി,നമ്പാട്ട്,കാടാശ്ശേരി എന്നീ കരക്കാര്‍ക്കാണ് ഉത്സവത്തിന്‍റെ ചുമതല.പത്താം ഉത്സവദിനം ക്ഷേത്ര ഉപദേശക സമിതിക്കും.ഓരോ കരക്കാരും തങ്ങളുടെ ഉത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി അമ്മയുടെ ഇഷ്ട നൈവേദ്യം ആയ കദളിക്കനികള്‍ ആഘോഷ തിമിര്‍പ്പോടെ ,കരകളെ ഇളക്കി മറിച്ചു ക്ഷേത്രത്തില്‍ എത്തി കാഴ്ച സമര്‍പ്പിക്കുന്നതോടെ അന്നത്തെ ഉത്സവം ആരംഭിക്കുകയായി.ഉരുളിച്ച എന്ന പേരില്‍ ഈ സമര്‍പ്പണ ഘോഷയാത്ര അറിയപ്പെടുന്നു. പത്താം ഉത്സവനാളില്‍ സമീപ ക്ഷേത്രങ്ങളിലെ ദേവതമാരുമായുള്ള കൂടിക്കാഴ്ചയായ കൂട്ടംകോട്ട് നടക്കുന്നു.ഇതിനായി പ്രത്യേകം കെട്ടി അലങ്കരിച്ച ജീവതകള്‍ ആണ് ഉപയോഗിക്കുന്നത്.അതാതു ക്ഷേത്രങ്ങളിലെ ദേവാംശം ജീവതയിലേക്ക് ആവാഹിച്ചു രണ്ടു വാഹകര്‍ തോളില്‍ വച്ച് പ്രത്യേക താള മേള ങ്ങള്‍ പ്പം ചുവടു വച്ച് കളിക്കുന്നു. മധ്യതിരുവിതാംകൂറിലെ തനതായ ഈ ജീവത നൃത്തത്തിനു പ്രാദേശിക ഭേദങ്ങല്‍ക്കനുസരിച്ചു ചില വ്യത്യാസങ്ങളുമുണ്ട്. വൃശ്ചിക മാസം ഒന്നാം തീയതി മുതല്‍ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള ചിറപ്പ്,വൃശ്ചികം,ധനു മാസങ്ങളിലെ കാര്‍ത്തിക നക്ഷത്രത്തില്‍ അമ്മയുടെ പുറത്തെഴുന്നള്ളിപ്പും പുഷ്പാഭിഷേകവും ലക്ഷം ദീപക്കാഴ്ചയും ,നവരാത്രി ആഘോഷം,സപ്താഹയജ്ഞം തുടങ്ങി ആഘോഷങ്ങളും ആചരിച്ചു പോരുന്നു. ഹരിപ്പാട് കിഴക്കേ പുല്ലാം വഴി ഇല്ലത്തിനാണ് ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം.പാരമ്പര്യ മുറപ്രകാരം തട്ടാമുറി,കോയിക്കല്‍ കുടുംബത്തിനു മേളത്തിന്റെയും ,മണി വേലില്‍ വാര്യത്തിനുമാണ് കഴകത്തിന്റെയും അവകാശം.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഹരിപ്പാട്‌ ഗ്രൂപ്പില്‍ പെട്ട ഈ ക്ഷേത്രത്തിന്‍റെ ക്രമാനുഗതമായ വികസനത്തില്‍ ബോര്‍ഡിനേക്കാള്‍ വിശ്വാസികളായ നാട്ടുകാര്‍ അതീവതാല്‍പര്യം പ്രകടിപ്പിക്കുന്നു.സ്വര്‍ണ ധ്വജം,ഗോപുരം തുടങ്ങിയവ അതിനു തെളിവുകള്‍ ആയി നില കൊള്ളുന്നു.
മാതൃനിര്‍വിശേഷ മനസ്സോടെ കുന്തി ദേവിയാല്‍ പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ ഇവിടുത്തെ ദുര്‍ഗാ ദേവിക്ക് അമ്മയുടെ സ്നേഹവും കരുതലുമാണെന്നു വിശ്വാസികള്‍ ഉറച്ചു വിശ്വസിക്കുന്നു.തന്റെ വിശ്വാസികളായ ഭക്തന്മാരെ സ്വന്തം മക്കളെ പോലെ കാത്തു സംരക്ഷിക്കുന്ന അമ്മയുടെ പാദാരവിന്ദങ്ങളില്‍ ഒരു കദളി കനിയായി മനസ്സര്‍പ്പിച്ചു ,ഒരു തെച്ചിപൂവായി ജന്മം സമര്‍പ്പിച്ചു അമ്മയുടെ അനുഗ്രഹം ലഭിക്കുവാന്‍ എല്ലാ ഭക്തന്മാര്‍ക്കും ഭാഗ്യമുണ്ടാകട്ടെ...