2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ദേവികുളങ്ങര ഭഗവതി ക്ഷേത്രം



ദേവികുളങ്ങര ഭഗവതി ക്ഷേത്രം
കായംകുളത്തു നിന്നും ഏകദേശം 3.5 കിലോ മീറ്റർ തെക്ക് പടിഞ്ഞാറ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി 900 വർഷം പഴക്കമുള്ള ദേവികുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു ...
കിഴക്കോട്ട്‌ ദർശനമായിട്ടുള്ള ക്ഷേത്രത്തിൽ ശാന്തസ്വരൂപിണിയായ ഭദ്രാഭഗവതി കുടികൊള്ളുന്നു .
ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ അശ്വതി ആട്ടവിശേഷമായി ആഘോഷിക്കുന്നു ....
ക്ഷേത്രോല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ...
**********************************
വടക്കേ മലബാറിലെ പൊന്നാനി താലൂക്കിൽ വടക്കേക്കാട്‌ അംശം കൗക്കാനംചെട്ടി ദേശത്ത് ചെങ്കോട്ടു എന്നും പടിഞ്ഞാറേകുന്നും എന്നും തോട്ടുപുറം എന്നും ഇല്ലപ്പേരുകളുള്ള തണ്ണന്നൂരുമനയ്ക്കലെഒരു ബ്രാഹ്മണശ്രേഷ്ടൻ ഭദ്രകാളീ ഉപാസകനായിരുന്നു.
തികഞ്ഞ ഈ ശ്രേഷ്ഠബ്രാഹ്മണൻ പൂജയും , ധ്യാനവുമായ്‌ കഴിഞ്ഞു വന്നു .
എന്നിട്ടും ദേവി ദർശനം ഉണ്ടാകാത്തതിനാൽ മനംനൊന്ത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തി ധ്യാനത്തിൽ ഏർപ്പെട്ടു .
വളരെക്കാലം കഴിഞ്ഞിട്ടും ദേവിദർശനം സിദ്ധിക്കാത്തതിനാൽ തീവ്രദുഖത്തോടുകൂടി ദേവിയെ വിളിച്ച് ഉള്ളുരുകി പ്രാർഥിച്ചു.
ഈ സമയത്ത് ഒരു അശിരീരി ഉണ്ടായി .
" നീ ഇവിടെ ധ്യാനവും ,പൂജയുമായിരുന്നാൽ എന്നെ കാണാൻ കഴിയില്ല. നിന്റെ ആഗ്രഹം സഭലമാകണമെങ്കിൽ ദക്ഷിണദിക്കിലുള്ള മണ്ടയ്ക്കാട്ട് എത്തിച്ചേരുക"
ഇതു കേട്ട ബ്രാഹ്മണൻ ദക്ഷിണദിക്കിലേക്ക് യാത്ര തിരിച്ചു .
അതീവ ക്ലേശകരമായിരുന്നു യാത്ര .എല്ലാ ക്ലേശവും സഹിച്ചു തോടും ,പുഴയും ,കാടും കടന്നു വിജനമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു .ഘോരവനവും , ചതുപ്പു പ്രദേശവുമായിരുന്ന ഈ സ്ഥലം ഓടനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു .
തുടർന്നുള്ള യാത്ര ദുഷ്കരമായതിനാലും അതികഠിനമായ വിശപ്പും , ദാഹവുമുള്ളതിനാലും ഈ രാത്രി ഇവിടെ കഴിച്ചുകൂട്ടാം എന്നു തീരുമാനിച്ചു.
സന്ധ്യാവന്ദനം കഴിഞ്ഞു തിരിച്ചെത്തിയ ബ്രാഹ്മണൻ യാത്രാ ക്ഷീണത്താൽ ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങിപ്പോയി ...
അന്നൊരു പൗർണമി ദിവസമായിരുന്നു .
രാത്രിയുടെ അർദ്ധയാമത്തിൽ അതിഭയങ്കരമായ കാറ്റും, മഴയും ഉണ്ടായി .ഗാഢനിദ്രയിൽ നിന്നും ഞെട്ടിയുണർന്ന ബ്രാഹ്മണൻ ഉഗ്രരൂപിണിയായ ദേവീരൂപം കണ്ടു ഭയന്നു വിറച്ചു .
ആ രൂപം കണ്ടു ഭയന്നു വിറച്ച ബ്രാഹ്മണൻ , ശാന്തരൂപത്തിൽ തനിക്ക്‌ ദർശനം നൽകണമെന്ന് ദേവിയോട് പ്രാർത്ഥിച്ചു .പ്രാർത്ഥന കേട്ട ദേവി ശാന്തരൂപത്തിലേക്ക്‌ മാറുകയും ഇനി നീ മണ്ടയ്ക്കാട്ടേക്ക് യാത്ര തുടരേണ്ടതില്ലെന്നും ഈ ഭൂമിയും , പ്രജകളും ഉള്ള കാലംവരെ ഈ ദേശത്തിന്റെ നാഥയായി തന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്നും അരുളി ചെയ്ത ശേഷം അപ്രത്യക്ഷമായി ..
ദേവി പ്രത്യക്ഷപ്പെട്ട സ്ഥലമാണ് ക്ഷേത്രത്തിന് കിഴക്കായി കാണുന്ന നരീഞ്ചിപുരയിടം.
നരീഞ്ചിപുരയിടത്തിലുള്ള കുന്നുംകട ഭവനത്തിലേക്കാണ് കൈനീട്ടപ്പറ സ്വീകരിക്കുന്നതിനായ് ദേവി എഴുന്നള്ളുന്നത്.
അടുത്ത പ്രഭാതത്തിൽ സ‌മിനിപവാസികളെ വിളിച്ചു കൂട്ടി ബ്രാഹ്മണൻ നടന്ന സംഭവങ്ങൾ വിശദീകരിച്ചു .
ബ്രാഹ്മണനും നാട്ടിലെ പ്രമുഖരും ചേർന്ന് രാജ്യം ഭരിച്ചിരുന്ന രാജാവിനെ മുഖം കാണിച്ച് വിവരങ്ങൾ ബോധിപ്പിച്ചു .
രാജകല്പനയനുസരിച്ച് ക്ഷേത്രം പണിയുന്നതിനുള്ള സ്ഥലം കരമൊഴിവയി നൽകുകയും , രാജാവിന്റെ അനുവാദത്തോടെയും സഹായത്തോടെയും തച്ചുശാസ്ത്രവിധി പ്രകാരം ക്ഷേത്രം പണി കഴിപ്പിച്ച് താന്ത്രിക വിധിപ്രകാരം ദേവിയെ പ്രതിഷ്ഠിച്ചു .
പിൽക്കാലത്ത് ഈ പ്രദേശം ദേവികുളങ്ങര എന്ന പേരിൽ അറിയപ്പെട്ടുവന്നു .
അതിനുശേഷം ബ്രാഹ്മണൻ സ്വദേശത്തേക്കുപോയി കുടുംബത്തെ കൊണ്ടുവന്ന് ഇവിടെ ഒരു മഠം പണിത് വാസം ഉറപ്പിച്ചു .
തോട്ടുപുറത്ത് നടേമഠം എന്നായിരുന്നു മഠത്തിന്റെ പേര് ( ഇപ്പോൾ കൃഷിഭവൻ നിൽക്കുന്ന സ്ഥലത്താണ് മഠം നിന്നിരുന്നത് )
ബ്രാഹ്മണകുടുംബത്തിന്റെ തേവാരമൂർത്തിയായിരുന്ന സരസ്വതീദേവിയെ ഉപദേവതയായി നടേമഠത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട് .
കൊല്ലവർഷം 1121 ധനുമാസം 19-)ം തീയതിവരെ ക്ഷേത്രഭരണം നിർവ്വഹിച്ചു പോന്നിരുന്നത് തൊട്ടപ്പുറത്ത്‌ മഠവും അവരുടെ അനന്തരാവകാശികളുമായിരുന്നു.
അതിന് ശേഷം പുതുപ്പള്ളിയിലെ ഹൈന്ദവർക്കുവേണ്ടി അവർ തന്നെ നോമിനേറ്റ് ചെയ്ത ഭരണസമിതിക്ക് ക്ഷേത്രവും അനുബന്ധസ്വത്തുക്കളും ദാനഉടമ്പടി പ്രകാരം വിട്ടുകൊടുത്ത് സ്വദേശത്തേക്ക്‌ മടങ്ങി.
ഈ അടുത്ത കാലം വരെ മഠത്തിലെ അനന്തരാവകാശി ആയിരുന്ന ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരി അവർകൾ ക്ഷേത്രത്തിൽ എത്താറുണ്ടായിരുന്നു.
ഇപ്പോഴുള്ള ഭരണസമിതി ദാനഉടമ്പടി പ്രകാരം അദ്ദേഹത്തെ സ്വീകരിക്കുകയും, എല്ലാവിധ താമസ സൗകര്യങ്ങളും , ധനവും നൽകിയിരുന്നു .
1982 മുതൽ ഹൈന്ദവരിൽ നിന്നും സാമുദായിക പ്രാതിനിധ്യമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതല നിർവഹിച്ചു വരുന്നു.
ദേവി ദർശനം സിദ്ധിച്ച ബ്രാഹ്മണനെ ആചാര്യ ബ്രഹ്മരക്ഷസ്‌ ആയി പ്രധാന ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ഠിച്ചു.
പരമശിവൻ, മഹാഗണപതി ,യക്ഷിയമ്മ ,കാമ്പിത്താൻ (വെളിച്ചപ്പാട് ),യോഗീശ്വരൻ ,മറുത ,നാഗരാജാവ്‌, നാഗയക്ഷി , ആഗമസർപ്പങ്ങൾ , എന്നീ ഉപദേവതകളെ യദാസ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചിട്ടുണ്ട്‌.
കായംകുളം രാജാവിന്റെ ഇഷ്ട ദേവത ആയിരുന്ന ദേവികുളങ്ങര ഭഗവതി ഇപ്പോഴും പൗർണ്ണമിനാളിൽ ദളവാമഠത്തിൽ എഴുന്നള്ളുന്നതായി ഒരു വിശ്വാസസമുണ്ട് .
ഈ സങ്കല്പത്തിൽ കായംകുളം രാജാവ് തേവാരക്കൊട്ടിലിൽ ഭഗവതിസേവ നടത്താറുണ്ടായിരുന്നു .
പ്രധാനവഴിപാടുകൾ
********************
നിറമാലയും വിളക്കും ,ചാന്താട്ടം ,
തെരളി ,പന്തീരാഴി, ഐശ്വര്യപുഷ്‌പാഞ്‌ജലി ,കുങ്കുമാഭിഷേകം ,ഉദയാസ്തമനപൂജ ,കളഭാഭിഷേകം എന്നിവയാണ് പ്രധാനവഴിപാട് .
വ്യാഴാഴ്ച ദിവസങ്ങളിൽ നടേമഠത്തിൽ ചമ താമൂട്ടിൽ പാല്പായസ വഴിപാട് നടത്തി വരുന്നു .
സന്താനസൗഭാഗ്യത്തിനായി കാമ്പിത്താന് പൂപ്പട നടത്തുന്നത് പതിവുണ്ട്‌.
വെള്ള നിവേദ്യമാണ് ഇഷ്ട നിവേദ്യം.
പുറത്തെഴുന്നള്ളത്
*********************
മകരഭരണി നാളിൽ ദേവി പുറത്തെഴുന്നള്ളുന്നു.
തുടർന്ന് ചൊവ്വാ , വെള്ളി ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ ആറു കരകളിലേക്ക്‌ പറയെടുപ്പിനായ് എഴുന്നള്ളും . മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ദിവസം പറക്കെഴുന്നള്ളത്ത് നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്‌ ദേവികുളങ്ങര ഭഗവതി ക്ഷേത്രം . കുംഭഭരണി നാളിലും ഭഗവതിയെ പുറത്തെഴുന്നള്ളിക്കും.
കരകളിൽ വെച്ചും ,ക്ഷേത്രത്തിൽ വെച്ചും അൻപൊലി വഴിപാട് നടത്തുന്നു .
മീനമാസത്തിലെ രേവതി ,അശ്വതി ദിവസങ്ങളിലാണ് ദേവിയുടെ തിരുവുത്സവവും ,ആട്ടവിശേഷവും .
ഈ ഗ്രാമത്തിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതയായ അഭീഷ്ടവരദായിനി " ദേവികുളങ്ങര ഭഗവതി " സർവൈശ്വര്യങ്ങളും ചൊരിഞ്ഞ് അനുഗ്രഹിച്ച് വിരാജിക്കുന്നു
*********************************
നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവത എഴുന്നള്ളത്ത്
***********************
ദേവികുളങ്ങര ക്ഷേത്രത്തിലെ പുരാതന ആചാരാനുഷ്ടാനത്തിന്റെ ഭാഗവായ ജീവത എഴുന്നള്ളത്തിൽ സജീവസാന്നിദ്ധ്യമായിരുന്ന എന്നാൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന
" വല്ലംപാടി ഓമനകുട്ടൻതിരുമേനി" പറയെടുപ്പിന്റെ ചിട്ടകളെ പറ്റി വിവരിക്കുന്നു........
############################
ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിലെ എഴുന്നുള്ളത് രാമപുരം ചിട്ടയെന്നും , കാരാണ്മ ചിട്ടയെന്നും രണ്ടായി തിരിച്ചാണ് ഓരോ ക്ഷേത്രങ്ങളിലും നടത്തുന്നത് .
രാമപുരം ചിട്ടയിലാണ് ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ജീവിത എഴുന്നുള്ളത്ത് നടത്തപ്പെടുന്നത്
ജീവതകളെ ഉറ ജീവിതയെന്നും ,കെട്ടുജീവിതയെന്നും രണ്ടായിതിരിച്ചിട്ടുണ്ട്‌ ; ദേവികുളങ്ങര ക്ഷേത്രത്തിലെ ഉറജീവിതയും , രാമപുരം ക്ഷേത്രത്തിലെ കെട്ടുജീവിതയുമാണ് .
ജീവിത എഴുന്നുള്ളതിനെ ഒരു നല്ല കലാരൂപമാക്കുന്നതിൽ മാങ്കുളം ഇല്ലം, മാന്പുറം കുടുംബം എന്നിവ വഹിച്ച പങ്ക് വളരെ വലുതാണ് .
മാങ്കുളം തിരുമേനിയും , മാന്പറ പണിക്കരും കൂടി ഒത്തുചേർന്നുചിട്ടപ്പെടുത്തി എടുത്തതാണ് രാമപുരം ചിട്ട.
താളവട്ടമായി അവതരിപ്പിച്ചു വരുന്ന ഈ കല ലക്ഷ്മിതാളം ,ശംഭ , അടന്ത ,പഞ്ചാരി , വർമ്മം -തൃപട , കുന്നളാച്ചി -വിഷമകുന്നലം എന്നീ 8 താളവട്ടങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. കൂടതെ താലപ്പൊലി ,അൻപൊലി എന്നിങ്ങനെ രണ്ടായി എഴുന്നുള്ളതിനെ തരം തിരിച്ചിരിക്കുന്നു . മകര ഭരണി ദിവസം ദേവികുളങ്ങര ഭഗവതിയെ ആദ്യമായി പുറത്തേക്കെഴുന്നള്ളിക്കുന്നതും കുംഭഭരണി എഴുന്നുള്ളതും മീനമാസത്തിലെ അശ്വതിക്ക് വലിയകാണിക്കയായ് എഴുന്നുള്ളിക്കുകയും ചെയ്യുന്നു ;ഇവയെ താലപ്പൊലി എഴുന്നുള്ളത്തായി കൊണ്ടാടുന്നു .
അൻപൊലിപ്പറ നടത്തുന്നിടത്ത് അൻപൊലി പന്തൽ നാട്ടി , തൂക്കുവിളക്കും ,പറകളും ,പുഷ്പവും ,അലങ്കാരങ്ങളും ഉപയോഗിച്ച് ദേവിയെ സ്വീകരിക്കുന്നു .
ഇതാണ് അൻപൊലിചിട്ട.
ദേവികുളങ്ങര ക്ഷേത്രത്തിലെ ആദ്യകാല ജീവിത എഴുന്നുള്ളത്ത് നടത്തിയത് പത്തിയൂർ മേൽശാന്തിയായിരുന്ന ഗോപാലകൃഷ്ണൻ തിരുമേനിയാണ് .
ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മേളപ്രമാണികളായ കുട്ടപ്പ പണിക്കർ , ശിവരാമപ്പണിക്കർ ,കുട്ടപ്പപ്പണിക്കാരുടെ മകനായ പ്ലാവിലെത്തുകിഴക്കത്തിൽ രാമചന്ദ്രൻ , കൂടാതെ പ്ലാവിലെത്തു കിഴക്കത്തിൽ ശങ്കരൻകുട്ടി എന്നിവരുടെ പങ്ക് ശ്ലാഹനീയമാണ് ......
കടപ്പാട് :