2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

ആവണങ്ങാട്ടിൽ കളരിയും ശ്രീ വിഷ്ണുമായ ഭഗവാനും



ആവണങ്ങാട്ടിൽ കളരിയും ശ്രീ വിഷ്ണുമായ ഭഗവാനും

നാലാം ഭാഗം
. മാതുലന്റെ നിർദ്ദേശപ്രകാരം പുഞ്ചനെല്ലൂർ ഭട്ടതിരിയുടെ അടുക്കലെത്തി ഇവർ ഇങ്കിതം അറിയിച്ചു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് “എന്ന പറഞ്ഞതുപോലെ ഈ ആവശ്യം കേട്ട് ഭട്ടതിരിപ്പാടിന്റെ മനസ്സും സന്തോഷിച്ചു.
    പക്ഷേ ഇതത്ര എളുപ്പത്തിൽ സാദ്ധിയ്ക്കാവുന്ന കാര്യമല്ലായിരുന്നു. കഠിനതപസ്സ് ചെയ്ത് ശ്രീ വിഷ്ണുമായ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി വരം സ്വീകരിച്ചാൽ മാത്രമേ ഭട്ടതിരിയുടെ ബന്ധമൊഴിഞ്ഞ്‌ ഭഗവാൻ പണിക്കന്മാർക്ക് വംശവദമാകു. ഭട്ടതിരിയിൽ നിന്ന് ഭഗവാന്റെ മൂലമന്ത്രം സ്വീകരിച്ച് പണിക്കന്മാർ കടിനതപം ചെയ്യുവാൻ തുടങ്ങി. പലരൂപത്തിലും, രൗദ്രഭാവങ്ങളിലും ശ്രീവിഷ്ണുമായ ഭക്തന്മാരായ പണിക്കന്മാരുടെ തപ:ശക്തിയെ പരിശോധിച്ചു. അവരുടെ അചഞ്ചലമായ ഭക്തി വിശ്വാസത്തിൽ ഭഗവാൻ അവർക്ക് ദർശ്ശനം നൽകി. തങ്ങളോടൊപ്പം എന്നും നിലനിൽക്കാമെന്നും സത്യത്തിനും, നീതിയ്ക്കും, ധർമ്മത്തിനും ആയി നിലകൊണ്ട് അഭീഷ്ടകാര്യനിവൃത്തി വരുത്താമെന്നും വരപ്രസാദവും നൽകി. ശ്രീ വിഷ്ണുമായ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പണിക്കന്മാർ ശത്രുക്കളെ തോൽപ്പിച്ച് വിജയം കൈവരിച്ചു. സ്വന്തം ഉപസനാമൂർത്തിയായിരുന്ന ഗണപതി ഭഗവാനെ ഭട്ടതിരിയ്ക്ക് സമർപ്പിയ്ക്കുകയും ശ്രീ വിഷ്ണുമായ ഭഗവാനെയും, ഭൂതഗണങ്ങളെയും സ്വായത്തമാക്കി പണിക്കന്മാർ ജന്മഗ്രഹത്തിലേക്ക്‌ തിരിച്ചു. നാടുവാഴിയിൽ നിന്നും സ്ഥാനമാനങ്ങളും, സമ്മാനങ്ങളും കൈപ്പറ്റി വിജയശ്രീലാളിതരായി അത്ഭുത കൃത്യങ്ങൾ സാധിച്ച് അവാച്യമായ ദൈവീക ചൈതന്യം കൊണ്ട് മാത്രമാണെന്ന് നാടുവാഴി തമ്പുരാന് ബോദ്ധ്യമായി. ഈ മഹൽ ചൈതന്യത്തെ ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠനടത്തി ആരാധിച്ചാൽ നാടിനും നാട്ടുകാർക്കും സർവ്വ രക്ഷയും ചെയ്തനുഗ്രഹിയ്ക്കുവാൻ ശക്തിയുള്ള ദേവതയാണ് ശ്രീ വിഷ്ണുമായ ഭാഗവാനെന്നും അദ്ദേഹം മനസ്സിൽ കണ്ടു. തൃപ്രയാർ ശ്രീ രാമസ്വാമിക്ഷേത്രത്തിലെ ഊരാളന്മാരുമായി ആലോചിച്ചതിനുശേഷം ആവണങ്ങാട്ടിൽ കളരിയിൽ ഭഗവാന് ഒരു ക്ഷേത്രം സമുചിതമായി പണി തീർക്കാനും, ശ്രീ വിഷ്ണുമായയേയും ആഞ്ജാനുവർത്തികളായ ചാത്തന്മാരെയും പ്രതിഷ്ഠചെയ്ത് നിത്യാനിദാനപൂജകളും, മുഖ്യമായി ആചരിച്ചു വരേണ്ടതായ മറ്റു കർമ്മങ്ങളെയും നിർവ്വഹിച്ചു തുടങ്ങി നാനാവിധ ക്ലേശങ്ങളുടെ  ഭാണ്ഡവും പേറി വന്നെത്തുന്ന ഭക്തജനങ്ങൾക്ക്‌ ഇന്നും ഇവിടം ഒരഭയകേന്ദ്രാമായ് വിരാജിയ്ക്കുന്നു.
   ജേഷ്ഠസഹോദരനായ ഉണ്ണിത്താമപണിക്കർ ബ്രഹ്മചര്യം അനുഷ്ഠിച്ച് തപോനിഷ്ഠനായി മനസ്സും ശരീരവും ശ്രീ വിഷ്ണുമായയിൽ സമർപ്പിച്ചും ഭഗവാനിൽ നിന്ന് പഞ്ചഭൂതങ്ങൾ നിലനിൽക്കും കാലത്തോളം സർവ്വാഭിഷ്ടസ്ഥാനത്ത് നിലകൊണ്ട് വംശരക്ഷചെയ്തു കൊള്ളാമെന്ന് വരം വാങ്ങി. സത്യപ്രതിജ്ഞയും ചെയ്യിച്ച് ക്ഷേത്രത്തിന് തൊട്ടടുത്ത്‌ കുക്ഷികല്പസമാധിയായി ഇന്ന് കാണപ്പെടുന്ന കരിങ്കല്ലുകൊണ്ട് തളം ചെയ്ത ആഴമേറിയ കിണറ്റിൽ ശ്രീ വിഷ്ണുമായ മന്ത്രോച്ചാരണത്തോടെ ആ തേജസ്വരൂപൻ തപോനിഷ്ഠനായി പ്രാപഞ്ചിക ബന്ധങ്ങൾ കൈവെടിഞ്ഞ് ശ്രീ വിഷ്ണുമായയിൽ വലയം പ്രാപിച്ചു. മറ്റൊരു കല്ലുകൊണ്ട് ഈ കൂപം പൂർണ്ണമായും അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ശ്രീ വിഷ്ണുമായ ക്ഷേത്രത്തിനും കളരിയ്ക്കും ഇടയിൽ വലിയ മാഞ്ചോട്ടിൽ ഇന്നും കാണുന്ന സമാധിമണ്ഡപമാണ് ” വലിയമാൻ കൊട്ടിൽ “എന്നാണ് ഈ ഗുരുസങ്കൽപം “അറിയപ്പെടുന്നത്.
ആവണങ്ങാട്ടിൽ കളരി എന്നു പേരുവരുവാനുണ്ടായ കാരണം, കളരിയും ഇന്നുള്ള ക്ഷേത്രപറബും ആവണക്കിൻ കാടുകൊണ്ട് മൂടി കെടുക്കുന്ന കാരണമായിരുന്നെത്രെ.