കന്ദരിയമഹാദേവക്ഷേത്രം, ഖജുരാഹോ
മദ്ധ്യപ്രദേശിലെ ഖജുരാഹോയിലെ ഒരു ക്ഷേത്രമാണ് കന്ദരിയമഹാദേവക്ഷേത്രം (ദേവനാഗിരി:कंदरिया महादेव, IAST:Kandariyā Mahādeva). മദ്ധ്യകാലക്ഷേത്രങ്ങളിൽ ഏറ്റവും വലുതും, അലംകൃതവുമായ ക്ഷേത്രമാണ് ഇത്.
999-ൽ ചന്ദേല രജപുത്രരാജവംശത്തിലെ ധൻഗദേവരാജാവാണ് ഈ ശിവക്ഷേത്രം പണി കഴിപ്പിച്ചത്[1]. ഖജുരാഹോ ചന്ദേലരജപുത്രരുടെ മതപരമായ തലസ്ഥാനമായിരുന്നു. ഇന്ന് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രവുമാണ്.
ഘടന
ക്ഷേത്രത്തിന്റെ പ്രധാനശിഖരം 31 മീറ്റർ ഉയരത്തിൽ നിൽക്കുന്നു. ഇത് ശിവന്റെ മഹാമേരുവിന്റെ പ്രധിനിധാനം ചെയ്യുന്നു. പ്രധാനശിഖരത്തെച്ചുറ്റി 84 ചെറിയ ശിഖരങ്ങളും ക്ഷേത്രത്തിനുണ്ട്.
അലംകൃതമായ ഒരു കവാടം, തുടർന്ന് ഒരു പ്രവേശനമണ്ഡപം, അതിനുശേഷം മഹാമണ്ഡപം എന്നറിയപ്പെടുന്ന വിശാലമായ അറയും, ഏറ്റവും ഒടുവിൽ ഗർഭഗൃഹം എന്നറിയപ്പെടുന്ന അറയും ഉൾപ്പെട്ടതാണ് ക്ഷേത്രത്തിന്റെ അന്തർഭാഗം. മഹാമണ്ഡപത്തിൽ നൃത്തവും മറ്റും അവതരിപ്പിക്കപ്പെട്ടിരുന്നു[1]. മഹാമണ്ഡപം കഴിഞ്ഞുള്ള ഗർഭഗൃഹത്തിലാണ് മാർബിളിലുള്ള ശിവലിംഗപ്രതിഷ്ട.
രജപുത്രരുടെ കാലത്ത് രാജാവിനും രാജാവിന്റെ അടുത്ത ബന്ധുക്കൾക്കും, പൂജാരികൾക്കും മാത്രമേ ഗർഭഗൃഹത്തിൽ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലെ രാജകീഴക്ഷേത്രങ്ങളിൽ സാധാരണക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
സംരക്ഷണം
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ക്ഷേത്രം, യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ്.