2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ' ഗുളികൻ'





ഗുളികൻ


*ഗുളികൻ
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.
അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്.  കാലൻ , അന്തകൻ, യമൻ,  എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
മലബാറിലെ തെയ്യക്കോലങ്ങളിൽ ഒരു പ്രധാന ദേവത ഗുളികനാണ്. ദേവസ്ഥാന വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ കരുതി വരുന്നു.
പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.