2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം, നടവരമ്പ്



:

ഇരിഞ്ഞാലക്കുടയില് നിന്നും മൂന്നു കിലോമീറ്റർ തെക്കോട്ട് നീങ്ങി 

ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം, നടവരമ്പ്



കൊടുങ്ങല്ലൂരിലേക്കുള്ള സംസ്ഥാന പാതയില് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നടവരമ്പ് ശ്രീ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രം. കേരളത്തിലെ പുരാതനമായഅറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില് മുൻപന്തിയിൽ നിന്നിരുന്ന ഇരിഞ്ഞാലക്കുട ഗ്രാമത്തിൽപെട്ട നകരമണ്ണ്, കാവനാട്, നന്ത്യാര്വള്ളി, പോണല്ലുര് എന്നീ നാല് ഇല്ലക്കാരുടെ സംയുക്തമായ ഊരാണ്മയിലുള്ള ഒരു ക്ഷേത്രമാണിത്. പ്രപഞ്ച സൃഷ്ടി കർത്താവായ ബ്രഹ്മാവും സ്ഥിതികാരണനായ വിഷ്ണുവും, ലയകർത്താവായ പരമശിവനും സ്വയംഭൂവായി ഒരേ ശ്രീകോവിലില് ഒരേ പീഠത്തില് സന്നിധാനം ചെയ്യുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ദേവസാന്നിദ്ധ്യ സംബന്ധമായ അപൂർവമഹത്വം. ശിവൻ നടുവില്, ശിവന്റെ വലത്ത് ബ്രഹ്മാവ്, ഇടത്ത് വിഷ്ണുഎന്നിങ്ങനെയാണ് പ്രതിഷ്ഠ. ഇത്തരത്തിലൊരു പ്രതിഷ്ഠയോ ക്ഷേത്രമോ കേരളത്തില് മറ്റെങ്ങുമില്ല. ഇതിഹാസ കഥാപാത്രമായ സതി അനസൂയയുടെ കഥയാണ് ത്രിമൂർത്തികളുടെ വിചിത്രമായ ഈ സ്വയംഭൂസംഗമത്തിനാധാരമായി പറഞ്ഞു കേള്ക്കുന്നത്. പാതിവ്രത്യത്തില് തന്നേക്കാള് മികച്ചവളില്ലെന്ന മിഥ്യാഭിമാനം സരസ്വതിക്കും മഹാലക്ഷ്മിക്കും, പാർവതിക്കുമായിരുന്നു. ഓരോരുത്തുർക്കും അതേപ്പറ്റി അമിതമായ അഹങ്കാരമുണ്ടായിരുന്നു. എന്നാല് തങ്ങളിലാരുമല്ല വെറുമൊരുമനുഷ്യസ്ത്രീയായ അനസൂയയാണ് പാതിവ്രത്യത്തില് കീർത്തിപ്പെട്ടവള് എന്ന് ശ്രീ നാരദ മഹര്ഷിയില് നിന്നും അറിയാന് ഇടയായപ്പോൾ അതംഗീകരിക്കാന് മൂവരും തയ്യാറായില്ലായിരുന്നു. പത്നിമാരെ ബോധ്യപ്പെടുത്താന് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര് അനസൂയയെ പരീക്ഷിച്ചു കാണിക്കുവാൻ തന്നെ തീർച്ചയാക്കി. മൂവരും വൃദ്ധതാപസ്സന്മാരുടെ വേഷമെടുത്ത് അനസൂയയുടെ ആശ്രമത്തിലെത്തി. ആ സ്വാധി അവരെ സ്വീകരിച്ചിരുത്തി സര്വ്വസംഗ പരിത്യാഗികളായ സന്യാസിമാരാകട്ട അസാധാരണമായോരാവശ്യമാണ് അതിഥിപൂജയുടെ പേരില് ആവശ്യപ്പെട്ടത്. യുവത്വം വിടപറഞ്ഞിട്ടില്ലാത്ത അനസൂയ നഗ്നയായിത്തന്നെ വേണമെത്രേ അവർക്ക് ഭക്ഷണം വിളമ്പാന്. അതിഥിയെ ഈശ്വരനായി കാണണമെന്ന ഭാരതീയാദർശം അവളെ കുഴക്കി. പരീക്ഷണ ഘട്ടത്തെ സധീരം നേരിടാൻ തന്നെ തീരുമാനിച്ച ആ സതീരത്നം തന്റെ പാതിവ്രത്യ ശക്തികൊണ്ട് സന്യാസിവരന്മാരെ മൂന്ന് നവജാതശിശുക്കാളാ ക്കി മാറ്റി. തുടർന്ന് ഒട്ടും ലജ്ജിക്കാതെ ആ അമ്മ അടക്കാനാവാത്ത മാതൃത്വഭാവത്താല് ആ ശിശുക്കളെ വാത്സല്യപൂര്വ്വം മുലയൂട്ടി. തങ്ങളുടെ ഭര്ത്താക്കന്മാര് അനസൂയയെ പരീക്ഷിക്കുന്നത് നേരിട്ട് കാണാൻ അവിടെയെത്തിയ ദേവിമാര്, ഭർത്താക്കന്മാരെ ശിശുക്കളുടെ രൂപത്തില് കണ്ട് അത്ഭുതപ്പെട്ടു. ഇതാ നിങ്ങളുടെ കാന്തന്മാര് – അവരെ പ്രാപിച്ചാലും എന്നായി അനസൂയ.തങ്ങളുടെ ഭർത്താക്കന്മാര് ഏതെന്നറിയാതെ ത്രിമൂർത്തികളുടെ വല്ലഭന്മാര് കുഴങ്ങി. അനസൂയയില്സംതൃപ്തരായ ത്രിമൂര്ത്തികള് തങ്ങളുടെ യഥാര്ത്ഥ രൂപത്തില് അവിടെ പ്രത്യക്ഷമായി അനുഗ്രഹം ചൊരിഞ്ഞു. ഇങ്ങനെ ത്രിമൂര്ത്തികള് തിരുപ്പയ്യന്മാരായി തീര്ന്ന സന്ദര്ഭമാണെത്രേ ശ്രീ തൃപ്പയ്യ ക്ഷേത്രത്തില് അവരുടെസാന്നിദ്ധ്യത്തി നാധാരം. എന്തായാലും ഭക്ത സ്ത്രീകളുടെ ആഗ്രഹങ്ങള്ക്ക് അഭീഷ്ടസിദ്ധിയുണ്ടാക്കുന്ന വിഷയത്തില് ക്ഷിപ്രപ്രസാദികളാണ് ക്ഷേത്രത്തിലെ ത്രിമൂര്ത്തികള്. ഈ ക്ഷേത്രത്തിന്റെ ഉത്ഭവസംബന്ധമായ ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതില് പ്രധാനമായത് ഇപ്രകാരമാണ്. ഓരോ ദേവശക്തിയെയും താന്ത്രിക വിധിയനുസരിച്ച് ശംഖിലേക്ക് ആവാഹിച്ചെടുത്തുകൊണ്ട് സഞ്ചരിക്കുന്ന ഒരുബ്രാഹ്മണ ശ്രേഷ്ഠന് ഉണ്ടായിരുന്നു. ഒരിക്കല് അദ്ദേഹം നിരാശയോടെയാണ് ശ്രീ സംഗമേശ്വര സന്നിധിയില് നിന്നും മടങ്ങിയത്. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇരിഞ്ഞാലക്കുട ഗ്രാമത്തോടു ചേര്ന്ന് കിടക്കുന്ന വിശാലമായ വയലിന്റെ വരമ്പിലൂടെ നടന്നു നീങ്ങിയ അദ്ദേഹത്തിന്റെ നിരാശ തീര്ക്കുന്നതിനായി സര്വ്വ ദേവന്മാരും ഒത്തു ചേര്ന്ന് ത്രിമൂര്ത്തികളുടെ രൂപത്തില് ദര്ശനമരുളി. ആ പുണ്യ സ്ഥലമാണ് നടവരമ്പിലെ തൃപ്പയ്യ ക്ഷേത്രസന്നിധി. മീനമാസത്തിലെ അത്തം നാള് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭത്തിലെ ശിവരാത്രി, മണ്ഡല മഹോത്സവം തുടങ്ങിയവയും വിശേഷ ദിവസങ്ങളാണ്. 1976ല് രൂപംനല്കപ്പെട്ട ശ്രീ തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതിയാണ് ക്ഷേത്രഭരണം. ഈ സമിതിയുടെരക്ഷാധികര്തൃത്വം മുകളില് പറഞ്ഞ 4 ഇല്ലക്കാര്ക്കാണ്. നകരമണ്ണു മനക്കാര്ക്കാണ് താന്ത്രികാവകാശം.