2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

കാഞ്ഞിരോട്ടു യക്ഷി ഐതിഹ്യം






കാഞ്ഞിരോട്ടു യക്ഷി ഐതിഹ്യം


ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു[2].
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം[3]. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.