2019, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഒടിയന്‍


ഒടിയന്‍


വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. തൃശൂര്‍ ഇത്രയും തിരക്കേറിയ നഗരമായിട്ടില്ല. അര്‍ദ്ധരാത്രിയാവുന്നു. നഗരത്തില്‍ ഓടുന്ന ഓട്ടോയില്‍ ഒരാള്‍ കയറി. ദീര്‍ഘദൂരയാത്രയാണ്‌. നല്ല തുക വസൂലാക്കാമെന്ന ആഹ്ലാദത്തില്‍ ഓട്ടോക്കാരനും. ഓട്ടം വിജനമായ പുഴക്കല്‍ പാടത്ത്‌ എത്തിയപ്പോള്‍ വഴിയരികില്‍ ഒരാള്‍ കൈകാണിച്ചു. വഴിവിളക്കില്ലാത്ത സ്ഥലം. റോഡിനിരുവശവും കണ്ണെത്താ പാടശേഖരം. ഓട്ടോ നിര്‍ത്തി. അയാള്‍ ഒരു തീപ്പെട്ടിയാണ്‌ ചോദിച്ചത്‌. ഡ്രൈവര്‍ തീപ്പെട്ടി കൊടുക്കുന്നതിനിടെ അതു താഴെ വീഴുന്നു. അതുകുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ആ കാഴ്‌ചകണ്ടു....അയാളുടെ പാദങ്ങള്‍ മനുഷ്യന്റേതല്ല!. പോത്തിന്റേതായിരുന്നു!. അലറിവിളിച്ച ഓട്ടോക്കാരന്‍ ഓട്ടോയെടുത്ത്‌ പാഞ്ഞു. അപ്പോള്‍ പിന്നിലിരുന്ന യാത്രികന്‍ കാര്യം അന്വേഷിച്ചു. അപരന്റെ കാല്‍ പോത്തിന്‍കാല്‍ ആണെന്ന്‌ ഭയന്നുകൊണ്ടു ഓട്ടോക്കാരന്‍. അപ്പോള്‍ യാത്രികന്‍ മുണ്ട്‌ അല്‍പ്പം നീക്കി, ഇതു പോലായിരുന്നോ എന്നൊരു ചോദ്യം!. നോക്കിയ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരന്റെ കാലുകളും പോത്തിന്റേതാണെന്ന്‌ കാണുകയും ബോധംകെട്ടു വീഴുകയും ചെയ്‌തതായാണ്‌ കഥ.
പൂച്ചയായയും പട്ടിയായും മറ്റു മൃഗങ്ങളായുമൊക്കെ രൂപം മാറി ആളുകളെ അപകടപ്പെടുത്തുന്ന ഒരു വിഭാഗമാണ്‌ ഒടിയന്‍മാര്‍ എന്നാണ്‌ വിശ്വാസം. കീഴാളജാതിക്കാരാണ്‌ ഈ മന്ത്രങ്ങള്‍ വശമാക്കിയിരുന്നത്‌. ഒടിച്ചുകൊല്ലുക എന്ന പ്രയോഗം വടക്കേമലബാറിലും മറ്റും ഇന്നും പ്രയോഗത്തിലുണ്ട്‌. ശത്രുക്കളെ ഒടിച്ചുകൊല്ലുക എന്നാണ്‌ ഇവരുടെ രീതിയത്രെ. കൊലപാതകത്തിന്റെ തെളിവ്‌ ഒന്നും അവശേഷിക്കുകയുമില്ല!.
പണ്ടു പണ്ട്‌...അതായത്‌, ജന്മിമാര്‍ താണജാതിയിലെ സ്‌ത്രീകളെയും മറ്റും പീഡിപ്പിച്ചിരുന്ന കാലം. പേടി കാരണം , കുടുംബത്തിലെ ആണുങ്ങള്‍ പോലും ജന്മിമാരെ എതിര്‍ത്തൊരു വാക്കു പറയാന്‍ ഭയന്നിരുന്ന കാലം. ഒടുവില്‍ ഒരു പാണന്‍ കളിമണ്ണ്‌ കൊണ്ട്‌ ഒരു രൂപം ഉണ്ടാക്കി. ആ രൂപം പിന്നീട്‌ തീയിലിട്ടു കരിച്ച്‌ കരിങ്കുട്ടി എന്ന പേരില്‍ അതിനെ ആരാധിച്ചു. ഉഗ്രഉപാസനയില്‍ സംപ്രീതനായ ആ മൂര്‍ത്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടുവത്രെ. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള ശക്‌തി വേണമെന്നായിനുന്നു പാണന്റെ അപേക്ഷ. പക്ഷെ അങ്ങനെ ഒരു വരം നല്‍കാന്‍ കരിങ്കുട്ടി ശക്തനായിരുന്നില്ല. എങ്കിലും ആ ശക്‌തി കിട്ടാനുള്ള മരുന്ന്‌ കരിങ്കുട്ടി ഉപദേശിച്ചു കൊടുത്തു.. ഏതു ജീവിയുടെയും രൂപം ധരിച്ചു ചെന്നും ശത്രുവിനെ ഉപദ്രവിക്കാനുള്ള ഒരു മരുന്നായിരുന്നു അത്‌!. പക്ഷെ, ആ മരുന്ന്‌ ഉണ്ടാക്കാനുള്ള വഴി അത്ര എളുപ്പവുംമായിരുന്നില്ല. ഗര്‍ഭസ്ഥശിശുവിനെ എടുത്താണ്‌ അതു ഉണ്ടാക്കേണ്ടിയിരുന്നത്‌. എങ്ങിനെയോ ആ പാണന്‍ അതു സാധിച്ചെടുക്കുകയും ഒടിവിദ്യ വശമാക്കുകയും ചെയ്‌തു എന്നാണ്‌ പുരാണം.
കണ്‍മഷി പോലുള്ള ഈ ഔഷധം അല്‍പ്പം എടുത്തു ദേഹത്ത്‌ തൊട്ട്‌, ആരും കാണാതെ ഇരുട്ടില്‍ പോയി ഉപാസിക്കും. ചെവിക്കുറ്റിയില്‍ ഈ മരുന്നു വയ്‌ക്കുന്നതോടെയാണ്‌ ഇവര്‍ ഒടിയന്‍മാരാകുന്നത്‌ എന്ന ഒരു വിശ്വാസവുമുണ്ട്‌. ചെവിക്കുറ്റി ഉരച്ചു കഴുകിയാല്‍, മൃഗരൂപം മാറി ഇവര്‍ മനുഷ്യരായി നിന്ന കഥകളും മുത്തശിമാര്‍ക്കു പറയാനുണ്ട്‌. നായ, പോത്ത്‌, ആട്‌ തുടങ്ങി ഇഷ്‌ടരൂപങ്ങള്‍ ധരിക്കാനാകും എന്നതാണ്‌ ഒടിമരുന്നിന്റെ പ്രത്യേകത. ഈ വിശ്വാസത്തിനു ബലംകൂട്ടി, നാട്ടില്‍ നടന്ന കൊലപാതകങ്ങള്‍ പലതിനും തെളിവില്ലാതെയും പോയി. കഥകള്‍ പരന്നു....ഒടിയന്‍ ഒടിച്ചുകൊന്നതാണ്‌!. നാട്ടില്‍ ഭയം പരന്നു. പാണസമുദായക്കാര്‍ക്കു പലര്‍ക്കും നാട്ടുകാരുടെ `പെരുമാറ്റവും' ഈ അന്ധവിശ്വാസത്തിന്റെ പേരില്‍ നേരിടേണ്ടി വരികയുണ്ടായിട്ടുണ്ട്‌. പലകുടുംബങ്ങളും നാടുംവീടും വിട്ടു പോയ ചരിത്രവും ഉണ്ട്‌. ജന്മിമാര്‍, ശത്രുക്കളെ ചതിച്ചു കൊല്ലാനായി ഈ സമുദായക്കാരെ ചട്ടം കെട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. രാത്രികളില്‍ ഒറ്റക്കു സഞ്ചരിക്കുന്നവരാണ്‌ ഒടിയന്റെ ആക്രമണത്തിനു ഇരയായിരുന്നതത്രെ. മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവന്‍ നായര്‍ `ഒടിയന്‍' എന്നപേരില്‍ മനോഹരമായ ചെറുകഥ എഴുതിയിട്ടുണ്ട്‌. മുത്തശ്ശിക്കഥകള്‍ കേട്ടുറങ്ങിയ ഒരു ബാലമനസ്സിന്റെ ജാലകത്തിലൂടെ നോക്കിക്കാണുകയാണ്‌ എം.ടി. നാടും കാടുമെല്ലാം വെളുത്തപ്പോള്‍, ഒടിയന്‍മാരും നാടുനീങ്ങി എന്നു വേണം കരുതാന്‍. പക്ഷെ ഇന്നും ഗ്രാമാന്തരങ്ങളിലെ സന്ധ്യകളില്‍ മുത്തശ്ശിമാര്‍ ഈ കഥ അയവിറക്കുന്നു. അതു കേട്ടിരിക്കുന്ന ഉണ്ണികള്‍ ഭാവനയുടെ പുതുലോകത്തേയക്കു പറന്നുയരുന്നു. വളര്‍ന്നു വലുതാകുമ്പോഴും ഓര്‍ത്തിരിക്കാന്‍ ഗൃഹാതുരത്വമുള്ള ഒരോ കഥകള്‍.......