2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ?



ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ?

ശാന്തരൂപിണിയും ഉഗ്രരൂപിണിയുമാണ്. ഭക്തന്മാർക്ക് നേരെ ശാന്തരൂപിണിയും ദുഷ്ടന്മാർക്ക് നേരെ ഉഗ്രരൂപിണിയുമാണ്. പശുജനങ്ങൾക്ക് ഭയം ജനിപ്പിയ്ക്കുന്നത് കൊണ്ടാണ് പശുലോകഭയങ്കരി എന്ന് പറയപ്പെടുന്നത്. ഇവിടെ പശുഭാവത്തിലുള്ള മനുഷ്യരേയാണുദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വീരസാധകനെ സംബന്ധിച്ചിടത്തോളം ദേവി അഭയപ്രദായിനിയാണ്. ശാന്തസ്വരൂപിണിയുമാണ്. അതിനാൽ ദേവി വീരാരാധ്യയായി അറിയപ്പെടുന്നു. ജീവിതക്ലേശങ്ങളെ ധീരതയോടെ നേരിടുന്ന വീരസാധകനു മാത്രമേ ദേവീപദം പ്രാപിക്കുവാൻ സാധ്യമാവുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം ദേവി ത്രിപുരസുന്ദരിയാണ്.
വാത്സല്യത്തിടമ്പും കളിത്തോഴനുമൊക്കെയായി ഭക്തന്മാർക്ക് നേരെ സദാസമയവും കാരുണ്യം പൊഴിച്ച് മന്ദഹസിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഉഗ്രരൂപവും പല സന്ദർഭങ്ങളിലായി കാണുന്നുണ്ടല്ലോ. ദുര്യോധനന്റെയും കംസന്റെയും ഒക്കെ നേർക്ക് ഭഗവാൻ ഉഗ്രരൂപിയായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ഗീതോപദേശ സമയത്ത് ഭഗവാൻ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തപ്പോൾ അർജ്ജുനൻ പേടിച്ച് വിറച്ചുപോയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി, വൈദ്യതി, കാറ്റ് തുടങ്ങി പ്രകൃതിയിലെ ഏത് പ്രതിഭാസത്തെ എടുത്താലും ഈ നിഗ്രഹാനുഗ്രഹ ശക്തികൾ കാണാൻ സാധിക്കും. അങ്ങനെയിരിക്കേ മൂലപ്രകൃതിയായിരിക്കുന്ന പരാശക്തിയിലും ഈ നിഗ്രഹാനുഗ്രഹശക്തികൾ ഉണ്ടെന്ന് ധരിക്കണമല്ലോ. അനുഗ്രഹദായിനി ആകുമ്പോൾ ശാന്തരൂപിണിയും നിഗ്രഹഭാവത്തിൽ ദേവി ഉഗ്രരൂപിണിയും ആകുന്നു.

പഴനിമലയിൽ ദർശനം നടത്തേണ്ടത് എങ്ങിനെ

പഴനിമല വേൽമുരുകനെ ദർശനം നടത്താം. ഈ വേളയിൽ സർവ്വ പ്രഥമമായി ദർശനം ചെയ്യേണ്ടത് മൂലസ്ഥനമായ തിരുവാവിനംകുടി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭക്തരെ സ്വാഗതം ചെയ്യുന്നത് ഒരു രാജഗോപുരവും മുഖമണ്ഡപവുമാണ്. അകത്തേക്ക് പ്രവേശിച്ചാൽ ഇടതു ഭാഗത്തുള്ള ഗണപതിയെ വണങ്ങി മുരുകന്റെ സന്നിധിയിൽ എത്തണം. മയിലിനു മേലേയാണ് ഇവിടെ ഭഗവാൻ ഇരിക്കുന്നത്. അതിനാൽ തന്നെ ഇവിടെത്തെ സ്വാമിയെ കുഴന്തൈ വേലായുധസ്വാമി എന്ന തിരുനാമത്തിൽ അറിയപ്പെടുന്നു. ഉപദേവതകളായി ദുർഗ, ശനീശ്വരൻ, നക്കീരർ മുനി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അൽപം വടക്കുകിഴക്കു മാറി ശരവണ തീർത്ഥം സ്ഥിതി ചെയ്യുന്നു. ആറു പടൈ വീടുകളിൽ ഈ തീർത്ഥം ഉണ്ട്.
അങ്ങനെ ഇവിടെത്തെ ദർശനത്തിനു ശേഷം പഴനിമലയുടെ അടിവാരത്തുള്ള ഗണപതി സന്നിധിയിലെത്തണം. ഇവിടെ ഗണപതിക്ക് നാളികേരം ഉടച്ച് കർപ്പുരം കത്തിച്ച് പ്രാർത്ഥിച്ച് ഒരു പ്രദിക്ഷണം ചെയ്യുക. ( ചില ഭക്തന്മാർ ഗിരി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിപ്രദക്ഷിണം എന്നു പറയുന്നത് മലയെ ഒരു വലംവയ്ക്കലാണ്.). ഇനി മല കയറണം, മലകയറുമ്പോൾ ഇരുവശങ്ങളിലുമായി പരിവാര ദേവതമാരുടെ സന്നിധികൾ കാണാം. പാദവിനായകരുടെ സന്നിധിയുടെ മുന്നിലുള്ള മണ്ഡപത്തിൽ കണ്ണപ്പനയനാർ ദേവയാനി കല്യാണം, ശൂരസംഹാര സുബ്രഹ്മണ്യസ്വാമി, വീരബാഹു തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം. ഇതിനടുത്തുള്ള മണ്ഡപമാണ് മയിൽ മണ്ഡപം. പടിഞ്ഞാറ് പാതയിൽ ഇടക്ക് വള്ളിനായകി, വിനായകർ, ഹിഡുംബൻ, ചന്ദ്രൻ ഇവരുടെ ശില്പങ്ങളും കാണാം.
693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനുള്ള ആനപ്പാതയെന്ന ആനച്ചാൽ വഴി പോകാവുന്നതാണ്. ഈ വഴിയിൽ ഇടക്കു മാത്രം മന്നുനാലു പടികൾ വീതം കാണാം. ഈ വഴിയിലൂടെ പോകുമ്പോൾ ഭഗവാൻ അവ്വയാർക്ക് ദർശനം കൊടുക്കുന്നതും ഹിഡുംബൻ മലകൾ ചുമന്നുകൊണ്ട് വരുന്നതുമായ ശില്പങ്ങൾ കാണാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം തന്നെയാണ് ഏറ്റവും നല്ലത്.
ഏറെക്കുറെ പകുതി ഭാഗം പിന്നിടുമ്പോൾ ഹിഡുംബൻ സന്നിധി കാണാം. ഇവിടെ ഹിഡുബന് നാളികേരമുടച്ച് കർപ്പൂരം കത്തിച്ചും പ്രാർത്ഥിക്കുന്നു. ഇവിടെ കുറുവടിവേലൻ എന്നൊരു സന്നിധിയും കാണാം. വീണ്ടും യാത്ര മലമുകളിലേക്ക്... മുകളിലെത്തുമ്പോൾ പടികൾ അവസാനിക്കുന്ന ഭാഗത്ത് മരച്ചുവട്ടിലിരിക്കുന്ന ഗണപതി ഭഗവാനെ വണങ്ങുക. തുടർന്ന് പഴനിമല മുരുക ക്ഷേത്രത്തെ പുറത്ത് കൂടെ ഒരു പ്രദക്ഷിണം വച്ച് അകത്ത് കയറാവുന്നതാണ്. ഈ പ്രദക്ഷിണ വഴിയിൽ അറുപടൈ വീടുകളിലെ മൂത്തികളുടെ ശില്പങ്ങളുണ്ട്. അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണിക്കെട്ടുമണ്ഡപം അതിനടുത്ത് വല്ലഭ വിനായക സന്നിധിയും സ്ഥിതി ചെയ്യുന്നു.
മണിക്കെട്ട് മണ്ഡപത്തിന്റെ സമീപമുള്ള നായ്ക്കർ മണ്ഡപത്തിൽ സുബ്രഹ്മണ്യ വിനായകർ, നക്കീരർ, അരുണഗിരിനാഥർ ഇവരുടെ സന്നിധികളുണ്ട്. അങ്ങനെ അഞ്ചു നിലകളുള്ള ഗോപുരം കടന്നാൽ പദവേൽ മണ്ഡപവും നവരംഗ മണ്ഡപവും സ്ഥിതി ചെയ്യുന്നു. 12 കൽത്തുണുകളിൽ നിൽക്കുന നവരംഗ മണ്ഡപത്തിന്റെ ആരംഭത്തിൽ കുക്കുടധ്വജം കാണാം. ഈ കൊടിമരത്തിന്റെ മുകളിൽ ജീവനുള്ള ഒരു പൂവൻകോഴി വന്നിരിന്നു കൂവുമത്രെ! നടരാജനി നവവീരന്മാർ, വേലായുധ വിശ്വനാഥൻ എന്നിവരുടെ മണ്ഡപമാണ് അടുത്തത്. ഈ മണ്ഡപം കഴിഞ്ഞ് ആദ്യ പ്രദക്ഷിണ വഴിയിൽ വടക്കു ഭാഗത്ത് മലെെകെശ്ശനീശ്വരൻ, അംബിക നവവീരന്മാർ, ചണ്ഡീശ്വരൻ മുതലായവരുടെ സന്നിധികളുമുണ്ട്.