2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ധ്യാനം..........ഗൃഹസ്ഥധർമ്മം.




ധ്യാനം


ധ്യാനത്തിന് മൂന്ന് അവസ്ഥകളുള്ളതായി പറയാം 
1 - ധ്യാനം 
2 - ലയം 
3 - നിർവ്വികല്പധ്യാനം ,
ഭാവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വ ചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിദാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാഷം
. "കിരീടഹാരരഹിതം മണികുണ്ഡലവർജ്ജിതം
യാനി യാനീഹ ചിന്ത്യാനി മനസാ കല്പിതാനി ച
യാവത് പശ്യത് ഖഗാകാരം തദാകാരം വിചിന്തയേത്"
ഇവിടെ ഇപ്പോൾ കിരീടമില്ല , ഭൂഷണജാലങ്ങളില്ല. മണികുണ്ഡലങ്ങളില്ല. നാം മൻസ്സുകൊണ്ട് എന്തൊക്കെ കല്പനചെയ്തു വ്യവഹരിച്ചോ, അവയൊന്നും ഇല്ല. അന്തമായ ചൈതന്യപ്രസരണം മാത്രമേ ഉള്ളൂ ഇതത്രേ പരമഹംസപദം. മനുഷ്യമനസ്സിന്റെ ഭാവനചെയ്യനും അനന്തമായി വികാസം പ്രാപിക്കാനുള്ള കഴിവിനെ, ഈശ്വരോമുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവുമാകുന്നത് .
" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "
ഈ ദേഹത്തെ ദേവാലയമെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ . സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ.
ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു.
1 -. ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം,
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതുപോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം,
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം . ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മ ജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരുസ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ് കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....
ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമ കർമ്മം സാധാകരണക്കാർക്ക എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം .....
ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുലപ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വം ഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ്ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടിവരും. .....
ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനം കൊണ്ടതു നശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായി തീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതി മോക്ഷവും.


ഗൃഹസ്ഥധർമ്മം

ഉപനയനം കഴിഞ്ഞ് ശ്രേഷ്ഠനായ ആചാര്യനിൽ നിന്ന് അദ്ധ്യാത്മജ്ഞാനവും ലൗകിക ജീവിതത്തിനാവിശ്യമായ എല്ലാ കർമ്മശേഷിയും വിദ്യഭ്യാസവും സമ്പാദിച്ച ബ്രഹ്മചാരിക്ക് തന്റെ ജന്മകർമ്മവാസനാവിശേഷത്താൽ ഗൃഹസ്ഥജീവിതം നയിക്കണമെന്നുള്ള ആഗ്രഹം ഉദിക്കുമ്പോൾ അദ്ദേഹത്തിന്ന് ഒരു പത്നിയെ കൊടുക്കുന്നു.
കന്യാദാനത്തോടൊപ്പം ദക്ഷിണയും കൊടുത്തിരുന്നു. ആ ദക്ഷിണ സമ്പത്തിന്റെ പ്രതീകമാണ്. വരനെ ( വിഷ്ണുവിന്റെ പ്രതീകമായ) സംരക്ഷകനായും, വധുവിനെ ( ലക്ഷ്മിയുടെ പ്രതീകമായ ) ശക്തിയായും സങ്കല്പിച്ചുകൊണ്ടാണ് വിവാഹം നടത്തിയിരുന്നത്. അയാളെ വിഷ്ണുവായി ( കുടുംബത്തിന്റെ ഭരണകർത്താവായി ) കരുതി പത്നി (ലക്ഷ്മി) യാകുന്ന ശക്തിയേയും സമ്പത്തിനെയും കൊടുത്ത് ഗൃഹസ്ഥനായി അവരോധിക്കുകയാണ് ചെയ്തിരുന്നത്. ത്രിലോകീഗൃഹസ്ഥനായ വിഷ്ണുഭഗവാൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ശക്തിയോടുകൂടി ഒരുമിച്ചാണല്ലോ. അരൂപിയായ ലക്ഷ്മീഭഗവതി പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ ഐശ്വര്യത്തിന്റെ രൂപത്തിലാണ്, ആകൃതികൊണ്ട് സ്ത്രിയായിട്ടും പ്രകൃതികൊണ്ട് സമ്പത്തായിട്ടും ഗൃഹസ്ഥധർമ്മം അവർക്കൊപ്പം അധികാരം കിട്ടുകയാണ്. ഗൃഹസ്ഥന്റെതായ ഒരുപാട് കർമ്മങ്ങൾ ഗൃഹസ്ഥന് ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിഹിതമായ സ്വധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഗൃഹസ്ഥന് ആ കർമ്മങ്ങളൊക്കെ ചെയ്യാനുള്ള അറിവും ഉണ്ടാവണം. അങ്ങനെ ആ വിശിഷ്ഠമായിട്ടുള്ള ഗാർഹസ്ഥ്യധർമ്മത്തിലൂടെ ഐശ്വര്യലക്ഷ്മിയെ അതായത് ധർമ്മലക്ഷ്മിയെ , വളർത്തി താനും തന്റെ ചുറ്റുപാടുമുള്ളതായ ജനങ്ങളുമൊക്കെ പരിശുദ്ധരായി തീരുന്നത്. ക്രമേണ ഗൃഹസ്ഥന്റെ സ്വധർമ്മത്തിൽ കൂടെയാണ് .


എവിടെയൊക്കെ ഗാർഹസ്ഥ്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ കർമ്മയോഗത്തെ പറ്റിയും പറഞ്ഞീട്ടുണ്ട്. കർമ്മയോഗിയല്ലാത്ത ഒരു ഗൃഹസ്ഥൻ സ്വാർത്ഥിയാണ് , അയാളിൽ ഗൃഹസ്ഥധർമ്മം ലേശം പോലും ഇല്ലെങ്കിൽ അയാൾ അധഃപതിക്കും.