2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ശ്രീമദ്‌ ദേവീഭാഗവതം നാരദന്റെ സ്ത്രീത്വവും പുരുഷത്വവും



ശ്രീമദ്‌ ദേവീഭാഗവതം
നാരദന്റെ സ്ത്രീത്വവും പുരുഷത്വവും


ഇത്യുക്തോ fഹം തദാ തേന രാജ്ഞാ താലധ്വജേന ച
വിമൃശ മനസാfത്യര്‍ത്ഥം തമുവാച വിശാംപതേ
രാജന്‍ നാഹം വിജാനാമി പുത്രീ കസ്യേതി നിശ്ചയം
പിതരൌ ക്വ ച മേ കേന സ്ഥാപിതാ ച സരോവരേ
നാരദന്‍ തുടര്‍ന്നു: താലധ്വജന്‍ എന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ പിതാവാരാണെന്നോ രാജ്യം ഏതാണെന്നോ എങ്ങിനെ ഞാനിവിടെ എത്തിയെന്നോ ഒന്നും എനിക്കറിയില്ല. ഇനിയിപ്പോള്‍ ഇവിടെനിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന ചിന്തയിലാണ് ഞാന്‍. വിധിപോലെ വരട്ടെയെന്നു കരുതി നില്‍ക്കുമ്പോഴാണ് അങ്ങിവിടെ വന്നത്. അങ്ങയുടെ ആഗ്രഹംപോലെ ഞാന്‍ അങ്ങയെ സ്വീകരിക്കാം. എനിക്കും അങ്ങയെക്കണ്ടതുമുതല്‍ എനിക്ക് മറ്റാരും തുണയായി വേണ്ട എന്നൊരു തോന്നലുണ്ടായി.’ രാജാവ് കാമപരവശനും സന്തുഷ്ടനുമായി തന്റെ സേവകന്മാരോടു പറഞ്ഞു: ‘ഈ മഹിളാമണിക്കായി നല്ല പട്ടു വസ്ത്രങ്ങളും ഒരു പല്ലക്കും കൊണ്ടുവരിക. പട്ടുമെത്ത വിരിച്ചതും മുത്തുകള്‍ പിടിപ്പിച്ചതുമാവണം അത്. നല്ല നീളവും വീതിയുമുള്ള ആ പല്ലക്ക് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതാവണം. അത് ചുമക്കാന്‍ കരുത്തുറ്റ നാല് പേരും ഉടനെ ഇവിടെയെത്തട്ടെ.’ രാജാവിന്‍റെ കല്‍പ്പന കേട്ടപാടെ ഭ്രുത്യന്മാര്‍ പോയി പട്ടില്‍പ്പൊതിഞ്ഞു മുത്തും രത്നവും പിടിപ്പിച്ച ഒരു പല്ലക്ക് കൊണ്ടുവന്നു. ഞങ്ങള്‍ രാജധാനിയില്‍ എത്തി. നല്ലൊരു നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ ആ രാജാവ് എന്നെ വിവാഹം കഴിച്ചു. അഗ്നിസാക്ഷിയായി എന്നെ വേളികഴിച്ച മന്നനില്‍ ഞാനും അനുരക്തയായിരുന്നു. അദ്ദേഹത്തിനെന്നെ സ്വന്തം പ്രാണനെപ്പോലെ പ്രിയമായിരുന്നു. ‘സൌഭാഗ്യസുന്ദരീ’ എന്നേ അദ്ദേഹമെന്നെ വിളിക്കാറുള്ളൂ. കാമശാസ്ത്രവിദഗ്ധനും യുവകോമളനുമായ രാജാവ് എനിക്ക് ഭോഗസുഖങ്ങള്‍ എന്തെന്ന് കാണിച്ചു തന്നു. പൂവാടികകളിലും, പുല്‍മേട്ടിലും തടാകങ്ങളിലും കുന്നിലും കാട്ടിലും ഞങ്ങള്‍ സുഖമായി രമിച്ചു നടന്നു. രാസക്രീഡയില്‍ മതിമറന്നു രാജാവ് ഭരണകാര്യങ്ങളില്‍ വീഴ്ചവരുത്തുകപോലും ഉണ്ടായി. കാലം കടന്നുപോയി. മദ്യവും എന്നോടുള്ള സഹവാസവും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കാലമേറെ കടന്നുപോയി. ഞാനും ആ കാമകലാവല്ലഭന്‍ നല്‍കിയ ഭോഗരസത്തില്‍ മുങ്ങി എന്‍റെ പൂര്‍വ്വഭാവമെല്ലാം പൂര്‍ണ്ണമായി മറന്നു പോയിരുന്നു. ഞാനൊരു മുനിയായിരുന്നു എന്നൊന്നും എന്‍റെ മനസ്സില്‍ക്കൂടി കടന്നു പോയതേയില്ല. ‘ഞാനീ നൃപന്റെ ഇഷ്ടപത്നിയാണ്. എന്‍റെ ജീവിതം എത്ര സഫലം!' എന്നിങ്ങിനെ ചിന്തിച്ചുറച്ചു ഞാനും ക്രീഡാലോലയായി രാജാവിന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും വിധേയയായി കഴിഞ്ഞു വന്നു. ബ്രഹ്മജ്ഞാനം, ബ്രഹ്മാനുഭൂതി, ആത്മീയത എന്നിങ്ങിനെയുള്ള ചിന്തകള്‍ എല്ലാം എന്നെ വിട്ടകന്നു. പന്ത്രണ്ടു വര്ഷം ഒരു നിമിഷമെന്നോണം കടന്നുപോയി. ഞാന്‍ ഗര്‍ഭിണിയായി. രാജാവ് അത്യധികം സന്തോഷവാനായി. കൊട്ടാരത്തില്‍ വച്ച് എനിക്കായും ശിശുവിനായും വിധിപോലെ ഗര്‍ഭസംസ്കാര കര്‍മ്മങ്ങള്‍ ചെയ്തു. എനിക്ക് എന്താണാഗ്രഹം എന്ന് രാജാവ് ചോദിച്ചെങ്കിലും ലജ്ജമൂലം ഞാനൊന്നും ആവശ്യപ്പെട്ടില്ല. പത്തുമാസം കഴിയെ നല്ലൊരു നക്ഷത്രത്തില്‍ ഉത്തമനായ ഒരു പുത്രനെ ഞാന്‍ പ്രസവിച്ചു. കൊട്ടാരത്തില്‍ ഒരുത്സവം പോലെ ആ വാര്‍ത്ത കൊണ്ടാടപ്പെട്ടു. രാജാവിന് മറ്റു പത്നിമാരേക്കാള്‍ പ്രിയം എന്നോടു തന്നെയായിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു. മൂത്തവന് വീരവര്‍മ്മന്‍ എന്നും രണ്ടാമന് സുധന്വാവ് എന്നും പേരിട്ടു. ബലശാലികളും കൊമളരുമായ രണ്ടു രാജകുമാരന്മാരെ വളര്‍ത്തുന്ന കര്‍മ്മത്തില്‍ വ്യാപൃതയായി ഞാന്‍ സസുഖം വാണു. ഇവരെക്കൂടാതെ വര്‍ഷം തോറും ഞാന്‍ പ്രസവിക്കുകയുണ്ടായി. അങ്ങിനെ പന്ത്രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായി. എല്ലാവരും ആരോഗദൃഢഗാത്രരും സദ്‌സ്വഭാവികളും ആയിരുന്നു. അവരെല്ലാം വേളികഴിച്ചു. പുത്രവധുക്കളും അവരുടെ മക്കളുമായി എനിക്ക് ഗാര്‍ഹസ്ഥ്യസുഖം പൂര്‍ണ്ണാനുഭവമായി. കൊച്ചുമക്കളുടെ കൊഞ്ചലും കുസൃതിയും കണ്ടു ഞങ്ങളില്‍ മോഹവും പെരുകിവന്നു. പുത്രന്മാരും കുഞ്ഞുമക്കളും ചേര്‍ന്ന ജീവിതം അതീവ സുഖപ്രദമായിത്തോന്നി. അവര്‍ക്കൊരു പനിയോ ദീനമോ വന്നാല്‍ ജീവിതം ദുസ്സഹവുമായി. ചിലപ്പോള്‍ പുത്രവധുക്കള്‍ തമ്മില്‍ കലഹമാവും അപ്പോള്‍ മനസ്താപവും കുണ്ഠിതവും അനുഭവപ്പെടും. ഇങ്ങിനെ ക്ഷുദ്രസംസാരത്തിന്റെ പൂര്‍ണ്ണമായ അധീനതയില്‍ ഞാന്‍ വലഞ്ഞും ഉലഞ്ഞും ജീവിതം കഴിച്ചു കൂട്ടി. ഞാന്‍ പൂര്‍വ്വ ജന്മത്തില്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ജ്ഞാനവും വിവേകവും എന്നെ ഈ സമയത്ത് തുണച്ചതേയില്ല. സ്ത്രീസ്വഭാവമായ ഗൃഹാഭിമാനവും തജ്ജന്യമായ അഹങ്കാരവും എന്നെ പിടികൂടി. കുലം, ധനം ഗൃഹം, പുത്രന്മാര്‍, ഭരിക്കാന്‍ സ്നുഷകള്‍, കളിക്കാനും ഓമനിക്കാനും കൊച്ചുമക്കള്‍ എന്നിങ്ങിനെ എന്‍റെ ജീവിതം പരിപൂര്‍ണ്ണമായി എന്ന തോന്നല്‍ എന്നില്‍ ഉണ്ടായി. 'സ്ത്രീകളില്‍ എന്നെപ്പോലെ സൌഭാഗ്യവതിയായി മറ്റാരുമില്ല' എന്നു ഞാന്‍ ഉറപ്പിച്ചു. ഭഗവാന്‍ വിഷ്ണുമായയാല്‍ എന്നെ വഞ്ചിച്ചതാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയതേയില്ല. അക്കാലത്ത് രാജാവുമായി ഒരു മഹാബലന്‍ വിരോധത്തിലായി. കന്യാകുബ്ജത്തെ കീഴടക്കാന്‍ ആന, തേര്, കുതിര, കാലാള്‍ തുടങ്ങിയ ചതുരംഗപ്പടയോടെ അയാളെത്തി നഗരം വളഞ്ഞു. എന്‍റെ പുത്രന്മാര്‍ അതിനെ ചെറുക്കാന്‍ യുദ്ധത്തിനിറങ്ങി. എന്നാല്‍ എന്‍റെ ഭാഗ്യക്കേട് കാരണം അവരെല്ലാം ശത്രുവിന്‍റെ കൈകൊണ്ടു കൊല്ലപ്പെട്ടു. താലധ്വജരാജാവ് പരാജിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തി. എന്‍റെ പൌത്രര്‍ പോലും ഹതരായി. ഞാന്‍ വാവിട്ടു കരഞ്ഞുകൊണ്ട്‌ യുദ്ധക്കളത്തിലെയ്ക്ക് പാഞ്ഞു ചെന്നു. ‘ഹാഹാ പൊന്നു മക്കളേ, വിധി എന്നെ ചതിച്ചല്ലോ!' എന്ന് ഞാന്‍ വിലപിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് നിന്ന എന്‍റെയടുക്കല്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വന്നു ചേര്‍ന്നു. സാക്ഷാല്‍ മധുസൂദനന്‍ ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: ‘ഭവതി എന്തിനാണ് കരയുന്നത്? ഭര്‍ത്താവ്, വീട്, പുത്രന്‍, എന്നിവയെല്ലാം വെറും ഭ്രമമാണ്. വെറും മോഹമാണിതിനു കാരണം. ശരിക്കും നീയാരാണ്‌? ഈ പുത്രന്മാര്‍ ആരുടേതാണ്? ആലോചിക്കൂ. പരമമായ ആത്മഗതിയെപ്പറ്റി ആലോചിക്കൂ. എഴുന്നേറ്റു കുളിച്ചു മക്കള്‍ക്കായി ഉദകക്രിയകള്‍ ചെയ്യുക. പരലോകത്തിലേയ്ക്ക് പോവുന്നവര്‍ക്കായി ലോകാനുസാരം ചെയ്യണ്ട മര്യാദകള്‍ നീയും ചെയ്യാന്‍ ബാദ്ധ്യസ്ഥയാണ്. ബന്ധുക്കള്‍ മരിച്ചുപോയാല്‍ ഒഴുക്കുള്ള വെള്ളത്തില്‍ത്തന്നെ സ്നാനം ചെയ്യണം അതിനു സ്വന്തം വീട്ടിലെ കുളി പോരാ എന്നാണു ശാസ്ത്രം.’ നാരദന്‍ തുടര്‍ന്നു: ആ വൃദ്ധബ്രാഹ്മണന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാനും എന്റെ ഭര്‍ത്താവും കൂടി അദ്ദേഹത്തിന്‍റെ പുറകിലായി നടന്ന് ഒരു പാവനതീര്‍ത്ഥത്തില്‍ കുളിക്കാനായി ഒരുമ്പെട്ടു. വേഷം മാറിയെത്തിയ ഭഗവാന്‍ (ബ്രാഹ്മണന്‍) പുരുഷതീര്‍ത്ഥക്കരയില്‍ ഞങ്ങളെ കൊണ്ട് വിട്ടിട്ട് പറഞ്ഞു; ‘ഗജഗാമിനീ സ്നാനം ചെയ്ത് ക്രിയകളൊക്കെ വേണ്ടതുപോലെ ചെയ്യൂ. വൃഥാവിലാപം കൊണ്ട് കാര്യമൊന്നുമില്ല. നിന്‍റെ മക്കളും കൂടെപ്പിറപ്പുകളും ഭര്‍ത്താക്കന്മാരും പിതാക്കന്മാരും മുജ്ജന്മങ്ങളില്‍ എത്രയോ ചത്തൊടുങ്ങിയിരിക്കുന്നു. അവരില്‍ ആരെക്കുറിച്ചാണ് നീ ദുഖിക്കുന്നത്? ഇതൊക്കെ വെറും മനോവിഭ്രാന്തികള്‍ മാത്രം. അസത്യമാണത്. സ്വപ്നസമാനമായ അനുഭവം മാത്രമാണത്. ഉറക്കമുണര്‍ന്നാല്‍പ്പിന്നെ സ്വപ്നാനുഭവത്തെപ്പറ്റി ആരാണ് ദുഖിക്കുക?’ ഇങ്ങിനെ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുരുഷതീര്‍ത്ഥത്തില്‍ ഇറങ്ങി മുങ്ങിനിവര്‍ന്നു. ആ ക്ഷണത്തില്‍ ഞാന്‍ ഒരു പുരുഷനായി മാറി. പുരുഷതീര്‍ത്ഥമാണല്ലോ അത്. മുങ്ങി നീര്‍ന്നു നോക്കുമ്പോള്‍ അതാ സാക്ഷാല്‍ വിഷ്ണു അവിടെ നില്‍ക്കുന്നു. എന്‍റെ വീണയും പിടിച്ചാണ് നില്‍പ്പ്. അപ്പോഴേയ്ക്കും എന്നില്‍ പൂര്‍വ്വസ്മരണയുണര്‍ന്നു. ‘അല്ലാ, ഞാന്‍ നാരദനാണല്ലോ. ഹരിയുമൊരുമിച്ച് ഗരുഡനുമേലേറി വന്ന ഞാന്‍ മായാഭ്രമത്താല്‍ പെണ്ണായി മാറിയതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ ഇങ്ങിനെ വിസ്മയപ്പെട്ടു നില്‍ക്കുമ്പോള്‍ ഭഗവാന്‍ ചോദിച്ചു: ‘നാരദാ, എന്താണവിടെ ജലത്തില്‍ നിന്നു ചെയ്യുന്നത്? കുറേ നേരമായല്ലോ. വരൂ നമുക്ക് പോകാം.’ ‘ദാരുണമായ ആ സ്ത്രീരൂപവും പിന്നെ അത് മാറി ഇപ്പോഴത്തെ ഉറച്ച പുരുഷഭാവവും എനിക്കെങ്ങിനെ സംജാതമായി?’ എന്നിലെ അത്ഭുതം ഒരിക്കലും അവസാനിച്ചില്ല.