2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

അന്നപ്രാശനം



അന്നപ്രാശനം :-

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുന്നിലുണ്ടാവുമ്പോൾ - ആറാം മാസത്തിൽ - ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.
"ഷഷ്ഠേമാസ്യന്നു പ്രാശനം
ഘൃതൗദനം തേജസ്കാമഃ
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .
എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ
" ഓം അന്നപതേ ഽ ന്നസ്യനോ
ദേഹ്യ നമീവസൃശുഷ്മിണഃ
പ്രപ്ര ദാതാരം തരിഷ ഊർജേനോ
ദേഹിദ്വിപതേ ചതുഷ്പതേ"
എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം
"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"
എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.


നിഷ്ക്രമണം :-


ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.
കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .
"ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം"
അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.
അപ്പോൾ ചൊല്ലുന്ന മന്ത്രം
"ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്
ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി
"ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം "
എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം....


നാമകരണം.

ഷോഡശക്രിയകളിൽ പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം , ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ . അങ്ങനെ മുറപ്രകാരം നാമകരണയജ്ഞവും വിശേഷയജ്ഞാഹൂതികളോടു കൂടി നടത്തപ്പെടുന്നു,
ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം മുതലായ ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന പേരുകളും , പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം ചേർന്ന് സാമൂഹിക ഉപാസന നടത്തും. പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം സൽക്കരിക്കപ്പെടുന്നു. ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി " ഹേ കുഞ്ഞേ! നീ ആയുഷ്മാനും , വിദ്യാധനനും, ധർമ്മാത്മാവും, യശസ്വിയും, പുരുഷാർത്ഥിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ".
" ഹേ ബാലകാ ! ത്വമായുഷ്മാൻ വർച്ചസ്വീ തേജസ്വീ ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.
"നാമധേയം തയോശ്ചാപി
മഹാപുരുഷ കർമ്മണാം !
വിശദാനം പ്രേരകഞ്ചഭവേൽ
സ്വഗുണ ബോധകം "


നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ സൽക്കർമ്മത്തിലേക്ക് ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.