2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ഭഗവാനെ ധ്യാനിക്കേണ്ടതെങ്ങനെ



ഭഗവാനെ ധ്യാനിക്കേണ്ടതെങ്ങനെ
അധികം ഉയര്‍ന്നതോ താഴ്‌ന്നതോ അല്ലാത്ത ഒരു പീഠത്തില്‍ ഭക്തന്‍ സുഖകരമായ ഒരാസനത്തില്‍ ഉപവിഷ്ടനാവണം. കൈകള്‍ മടിയില്‍വച്ച്‌ ശരീരം നേരെയാക്കി ദൃഷ്ടി മൂക്കിന്‍തുമ്പത്തു നട്ട്‌ ശാന്തനായി ഇരിക്കുക. എന്നിട്ട്‌ പ്രാണവായുവിനെ ശുദ്ധീകരിക്കാന്‍ പ്രാണായാമം നടത്തുക. ശ്വസനം, ഉള്‍ക്കൊളളല്‍, ഉഛ്വാസം ഇവയാണ്‌ പ്രാണായാമത്തിന്റെ ഘട്ടങ്ങള്‍. അപ്പോള്‍ അയാള്‍ അന്തരംഗത്തില്‍ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഓം.. എന്ന ശബ്ദം കേട്ട്‌ അതിനെ പ്രാണവായുവിനൊപ്പം ഉയര്‍ത്തി വീണ്ടും ഹൃദയത്തിലേക്ക്‌ പ്രവേശിപ്പിക്കണം. ഇങ്ങനെ പത്താവൃ‍ത്തി പ്രാണായാമം തുടരുക. ഇങ്ങനെ മൂന്നു തവണ ദിനവും ചെയ്യുന്നയാള്‍ക്ക്‌ പ്രാണസംയമനം ഉണ്ടാകുന്നു. എന്നിട്ട്‌ തലകീഴായുളള ഒരു താമരയെ ഹൃദയത്തില്‍ സങ്കല്‍പ്പിക്കുക. എട്ടിതളുകളുളളതും സൂര്യചന്ദ്രന്മാരും അഗ്നിയും ചുറ്റും നില്‍ക്കുന്നതുമായ താമര. അഗ്നിമദ്ധ്യത്തില്‍ ഭഗവാൻ്റെ രൂപത്തെ ധ്യാനിക്കുക. മനസ്സിന്റെ ശ്രദ്ധാകിരണങ്ങളെയെല്ലാം ഉള്ളിലേക്കുതിരിച്ച്‌ അവയെ ഭഗവാനിലേക്ക് കേന്ദ്രീകരിക്കുക. അപ്രകാരം ഭഗവാനിൽത്തന്നെ ധ്യാനനിരതനായശേഷം ഭഗവാൻ്റെ മുഖതാവിലേക്ക്‌ മാത്രമായി ശ്രദ്ധ നിലനിര്‍ത്തുക. അങ്ങനെ നിസ്തന്ദ്രമായി ഭഗവാനിൽ കേന്ദ്രീകരിച്ചിരിക്കുന്ന മനസ്സ് ഭഗവാൻ്റെ സര്‍വ്വവ്യാപകതയെ ആകാശരൂപത്തില്‍ ധ്യാനിക്കണം. അവസാനം അതുമുപേക്ഷിച്ച്‌ ചിന്താരഹിതനായിരിക്കുക. അപ്രകാരം മനസ്സു മുഴുവന്‍ ആത്മവിലീനമായിരിക്കുമ്പോള്‍ വൈവിധ്യതയെന്നും നാനാത്വമെന്നുമുളള തെറ്റിദ്ധാരണയെല്ലാം അപ്രത്യക്ഷമാവുന്നു.
ഭക്തന് ഭഗവാനുമായുള്ള ബന്ധം
ഭഗവദ് ഭക്തനാകുന്ന സമയം തന്നെ ഒരാള്‍ക്ക് ഭഗവാനുമായി നേരിട്ട് ബന്ധമുണ്ടാകുന്നു. ഇതൊരു സുവിസ്തരമായ കാര്യമാണ്.
അഞ്ചുതരത്തില്‍ ഏതെങ്കിലുമൊരു വിധത്തിൽ ഭക്തന്‍ പരമദിവ്യോത്തമപുരുഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ചുരുക്കിപ്പറയാം.
1.ശാന്തരസത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
2.ക്രിയാത്മകത്വത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
3.മിത്രഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
4.പിതൃഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
5.കാമിഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ
അര്‍ജുനന് ഭഗവാനോട് സുഹൃദ്ബന്ധമായിരുന്നു. ഭൗതിക ലോകത്തില്‍ കാണുന്ന സുഹൃദ്ബന്ധവുമായി ഈ സുഹൃദ്ബന്ധത്തിന് തീര്‍ച്ചയായും വളരെ വ്യത്യാസമുണ്ട്. ഇത് അതീന്ദ്രിയമായ സൗഹൃദമത്രേ. എല്ലാവര്‍ക്കും അത് ലഭ്യമല്ല. ഭഗവാനുമായി എല്ലാവര്‍ക്കും പ്രത്യേക ബന്ധമുണ്ട്. അത് ഭക്തിയുതസേവനത്തിന്‍റെ പൂർണ്ണതയിൽ ഉദ്ഭൂതമാണുതാനും. എന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ ഈ കാലസ്ഥിതിയിൽ നാം പരമപുരുഷനെ മറന്നിരിക്കുന്നു എന്നു മാത്രമല്ല, ഭഗവാനുമായുള്ള സനാതനബന്ധംകൂടി വിസ്മരിച്ചിരിക്കുന്നു. കോടാനുകോടി ജീവസത്തകളുള്ളവയില്‍ ഓരോന്നിനും ഭഗവാനുമായി സനാതനമായ പ്രത്യേക ബന്ധമുണ്ട്. അതിനെ സ്വരൂപം എന്നു വിളിക്കാം. ഭക്തിയുതസേവനമെന്ന പ്രക്രിയയിലൂടെ ഈ സ്വരൂപത്തെ വീണ്ടെടുക്കാം. ആ നിലയെ സ്വരൂപസിദ്ധി, അതായത് മൂലസ്ഥിതിയുടെ പരിപൂര്‍ണ്ണത എന്നു പറയുന്നു. അര്‍ജുനന്‍ ഒരു ഭക്തനായിരുന്നു. അദ്ദേഹം സൗഹൃദത്തിലൂടെ പരമപുരുഷനുമായി ബന്ധപ്പെട്ടുമിരുന്നു.
ഈശ്വരപ്രേമം
ഒരുവന്‍ അനവരതം അസന്തുഷ്ടിയെ ഒഴിവാക്കി സുഖമാസ്വദിക്കാന്‍ പരിശ്രമിക്കുമ്പോള്‍ വിപരീതഫലമാണ്‌ അവനുണ്ടാവുന്നതെന്ന് അറിയേണ്ടതാണ്‌. ഇഹലോകത്തോ സ്വര്‍ഗ്ഗത്തില്‍ പോലുമോ നിതാന്തപരമാനന്ദം സാദ്ധ്യമല്ലതന്നെ. കാരണം, വെറുപ്പില്‍നിന്നും മത്സരത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവിടെയും സ്വര്‍ഗ്ഗത്തിലും ജീവിതത്തെ ബാധിക്കും. ഇതറിഞ്ഞ് വിവേകശാലിയായ ഒരുവന്‍ ആസക്തി വിട്ടവനും സത്യദര്‍ശിയുമായ ഒരു ഗുരുവിനെ അഭയം പ്രാപിക്കണം. ഗുരുപൂജയിലൂടെയും ഗുരുസേവയിലൂടെയും ഭഗവല്‍പ്രേമത്തിലേക്കുളള പാതയും ലൗകികസുഖങ്ങളിലൂളള അനാസക്തിയും മനുഷ്യബന്ധങ്ങളോടുളള ശരിയായ മനോഭാവവും ആത്മനിയന്ത്രണം ശീലിക്കുന്നതെങ്ങനെയെന്നും ശുദ്ധവും ലളിതവുമായ ജീവിതം നയിക്കുന്നതെങ്ങനെയെന്നും സകലജീവജാലങ്ങളിലും ആത്മാവിനേയോ ഈശ്വരനേയോ ദര്‍ശിക്കുന്നതെങ്ങനെയെന്നും സ്വന്തം ജീവന്‍ ആത്മത്യാഗത്തിലൂടെ ഭഗവാനര്‍പ്പിക്കുന്നതെങ്ങനെയെന്നും ഭഗവദ്‍ഭക്തരെയും മറ്റുളളവരെയും എങ്ങനെ സ്നേഹപൂര്‍വ്വം പരിചരിക്കണമെന്നും തുടര്‍ച്ചയായി ഭഗവല്‍കഥാകഥനവും ശ്രവണവും നടത്തേണ്ടതെങ്ങനെയെന്നും അയാള്‍ പഠിക്കണം.
അങ്ങനെയുളള ഭക്തന്‍ ഭഗവല്‍സ്മരണയാല്‍ സദാ വിലീനനായിരിക്കും. ചിലപ്പോള്‍ ഭഗവദ്‌ വിരഹദുഃഖത്തില്‍ തപിച്ചു കണ്ണീരൊഴുക്കിയും ചിലപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയും ഭഗവല്‍സാന്നിദ്ധ്യം അറിഞ്ഞു പാടിയും ആടിയും മറ്റു ചിലപ്പോള്‍ ഈശ്വരസാക്ഷാത്കാരത്തില്‍ സ്വയം മറന്നു ശാന്തനും നിശ്ശബ്ദനായും അയാള്‍ ഇരിക്കുന്നു. ആരൊരുവന്‍ അങ്ങനെ ഈശ്വരഭക്തന്റെ അപ്രതീക്ഷിതവും വ്യവസ്ഥാനുസാരിയല്ലാത്തതുമായ കാര്യങ്ങളെ പഠിക്കുന്നുവോ, അയാള്‍ക്ക്‌ ഈശ്വരപ്രേമം വര്‍ദ്ധിക്കുന്നു.