ആത്മസംസ്കാരം
ലോകത്തിലുള്ള എല്ലാ വസ്തുക്കൾക്കും ജന്മനാ ചില മാലിന്യങ്ങൾ കാണും. അവയെ പരിശോധന ചെയ്ത് ദൂരീകരിച്ച് ശുദ്ധങ്ങളാക്കുന്ന പ്രവർത്തിക്കാണ് സംസ്കാരമെന്നു പറയുന്നത്.
നാം കടലിൽ നിന്നും രത്നങ്ങൾ എടുക്കുന്നു. എന്നാൽ ഇപ്രകാരം എടുക്കുന്ന രത്നങ്ങളിൽ ചളി പത മുതലായവ പുറമേ പറ്റിയിരിക്കുക സാധാരണമാണ്. വേറെയും പലകേടുപാടുകൾ ഉണ്ടായിരിക്കും. ഈ നിലയിൽ അവ പ്രകാശിക്കുന്നില്ല. രത്നങ്ങൾക്ക് വേണ്ട പ്രാകാശവും ശക്തിയും ലഭിക്കണമെങ്കിൽ മുൻ പറഞ്ഞ മാലിന്യങ്ങളെ അകറ്റണം. ഈ ക്രിയയ്ക്കാണ് സംസ്ക്കാരം എന്നു പറയുന്നത്. ഇപ്രകാരം സംസ്ക്കപ്പെടുന്നതുവരെ രത്നങ്ങൾ നിഷ്പ്രയോജനങ്ങളും നിഷ്പ്രഭങ്ങളുമായി ഭവിക്കുന്നു. ഈ തത്ത്വത്തെ തന്നെ നമ്മോടും സംബന്ധിപ്പിക്കാം . കായികമായും ആഭ്യന്തരമായും രണ്ടു വിധ മാലിന്യങ്ങൾ നമ്മെ ബാധിക്കുന്നു. ഇവയിൽ അഭ്യന്തരങ്ങൾ പ്രധാനങ്ങളാക്കുന്നു.
രജസ്തമോദോഷങ്ങളാൽ നാം ബന്ധരാകുമ്പോൾ ആത്മാവിന് പ്രസാദവും ശക്തിയും ലഭിക്കുന്നില്ല. ഈ അസംസ്കൃതസ്ഥിയിൽ നാം നിഷ് പ്രയോജനന്മാരും അശക്തന്മാരുമായി ഭവിക്കുന്നു. അപ്പോൾ വസ്തുക്കൾക്കെന്നപോലെ ആത്മാവിനും ശുദ്ധിയും പ്രാസാദവും ലഭിക്കുന്നതിനും സംസ്ക്കാരം ആവിശ്യമണെന്നു വന്നുകൂടുന്നു.
ആത്മാവിന് സ്വഭാവേന ശക്തിയും നൈർമ്മല്യവുമുണ്ട്. ഈ സ്ഥിതിക്ക് ആത്മാവ് എങ്ങനെ മാലിനമാകുന്നു. രജസ്തമോദോഷങ്ങൾകൊണ്ട് ആത്മാവിനു പുറമേ മറവുണ്ടാവുന്നു എന്നേയുള്ളൂ. ഈ മറവുതന്നെ അശക്തിക്കും മാലിന്യത്തിനും കാരണം.
അഭ്യന്തരമായി ആത്മാവിനുവേണ്ട ശക്തിയും പ്രസാദാദിഗുണഭൂയിഷ്ഠതയുണ്ടെങ്കിലും ഈ മറവു നിമിത്തം ഫലമുണ്ടാവുന്നില്ല . അപ്പോൾ നാം നിഷ് പ്രയോജനന്മാർ. നമ്മുടെ ജീവിതോദ്ദേശത്തെ അറിഞ്ഞു സാധിക്കുന്നതിനുവേണ്ട ശക്തിയില്ലാത്തവരയി ഭവിക്കുന്നു. സർവ്വപ്രകാരേണയും ആത്മസംസ്ക്കാരം എല്ലാവർക്കും അത്യാവിശ്യമുള്ള ഏറ്റവും പ്രാധാന്യമായ ഒരു ഗുണമാണെന്ന് ഗ്രഹിക്കാവുന്നതാകുന്നു.
ആത്മസംസ്ക്കാരത്തിന് ആസ്പദങ്ങളായി ചിലമൂല്യതത്ത്വങ്ങളുണ്ട്. അവയിൽ പ്രധാനമായ ഒന്നാണ് ശുചിത്വം. ഈ ഗുണം കൊണ്ടല്ലാതെ ആത്മസംസ്കാരം സമ്പാദിക്കാവുന്നതല്ല. സ്ഥൂലമായും ആഭ്യന്തരമായും ശുചിത്വം രണ്ടുവിധം. സ്നാനദികളെ കൊണ്ട് ശരീരത്തെ നിർമ്മലമാക്കുന്നത് പുറമേയുള്ള ശുചിത്വമാകുന്നു. ഈശ്വരഭക്തി, സൽസംസർഗ്ഗം ശാസ്ത്രവിചിന്തനം, മുതലാവയാണ് ആഭ്യന്തരശുചിത്വത്തിനുള്ള മർഗ്ഗങ്ങൾ.
പുറമേ പൊടിയും ഇരുട്ടും കഠിനമായി വർദ്ധിച്ചാൽ വസ്തുക്കളെ തിരിച്ചറിയാൻ പാടില്ലാതെ നാം അപകടത്തിലാവുന്നത് സാധാരണമാണ്. രജസ്സും തമസ്സും ബാധിച്ചാൽ മനസ്സിന്റെ നിലയും ഇതു തന്നെ. വേണ്ടത് വേണ്ടാത്തത്, തത്ത്വം അതത്ത്വം, സത്യം അസത്യം, സ്വാർത്ഥം പരാർത്ഥം, മുതലായവയൊന്നും രജസ്തമഃപങ്കിലമായ മനസ്സിന് അറിയുവാൻ സാധിക്കുന്നില്ല. ഈ അന്ധതയിൽ അകപ്പെടുന്നവർ തനിയെ നാശത്തെ വരിക്കുന്നു. ഈ ആപത്തിൽ നിന്നും നമ്മെ രക്ഷിക്കുന്ന മഹത്തായ ദിവ്യൗഷധമാണ് ശുചിത്വം. ഈശ്വരഭജനം, സുജനസംസർഗ്ഗം, മുതലായവകൊണ്ട് ആർക്കും അന്തശുചിത്വം സമ്പദിക്കാൻ കഴിയും.
ആത്മസംസ്ക്കാരത്തിന്റെ മറ്റൊരു മൂല്യതത്വം ആചാരശുദ്ധിയാകുന്നു. ഇവിടെ ആചാരത്തിന് സദാചാരമെന്നർത്ഥം , ശിഷ്ടന്മാരായ ഗുരുജനങ്ങൾ പരമ്പരയാ അംഗീകരിച്ചുവെന്നതും ഇന്നും ആ വിധമുള്ളവർ ആദരിക്കുന്നതും ശ്രേയസ്കരവുമായ കീഴ്നടപ്പിനെ സദാചാരമെന്നു പറയുന്നു. ഇപ്രകാരമുള്ള ആചാരങ്ങളെ വിധിയനുസരിച്ച് ശ്രദ്ധയോടു കൂടി അനുഷ്ഠിക്കുന്നതുകൊണ്ട് ലഭിക്കുന്ന അന്തഃശുദ്ധിയാണ് ആത്മശുദ്ധി ഇതുതന്നെ ആചാരശുദ്ധി.