2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

നൃയജ്ഞം,



നൃയജ്ഞം :-

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില് നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന് അത് നമ്മെ പ്രാപ്താരാക്കുന്നു. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. അതിഥി ദേവോ ഭവ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു. മനുഷ്യയജ്ഞം, അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു.
അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്. തന്നെക്കാൾ കുറവുള്ളവർക്ക അവ നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗ ശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സവിശേഷമായ നൃയജ്ഞം സത്സംഗമാണ്. അതിഥിയെന്നാൽ തിഥി നിശ്ചയമില്ലാതെവീട്ടിൽ വരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും . അവരെ ഗൃഹസ്ഥാശ്രമികൾ യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.
സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനുവേണ്ടി സജ്ജനങ്ങളോടുകൂടിയ സംസർഗ്ഗം. കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും പരസ്പര സ്നേഹം വളർത്തുവാനും ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും.
"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥി പൂജനം"
ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും , യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം ,
കുടുംബസ്ത്രീ വീടും പരിസരവും എപ്പോഴും ശ്രീ വിളങ്ങുന്നതായി ചെയ്യണം . കുട്ടികളെ മാതൃകപരമായി വളർത്തണം , ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്.
ഒരു വണ്ടിയിൽ കെട്ടിയകാളകൾ രണ്ടു ഒരേ വിധം വലിക്കുന്നെങ്കിലേ വണ്ടി യഥാക്രമം മുന്നോട്ട് നീങ്ങുകയുള്ളൂ. അതു പോലെ ഗൃഹസ്ഥാശ്രമികളായ സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമകർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ..
പരിശുദ്ധമായ കൂട്ടുകെട്ടാണ് പുതിയ വിജ്ഞാനത്തെയും ഉപകരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നത്. 'സജ്ജനാനാം സംഗം" അഥവാ സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്സംഗത്വം. അതിവൈകാരികതയേയും ദുഃഖങ്ങളെയും മറികടക്കാനുള്ള ഉപാധിയാണ് സജ്ജനങ്ങളുമായുള്ള സംസർഗം. ജീവിതം കുത്തിയൊഴുകുന്ന നദിപോലെയാണ് . നിശ്ചലമായ ശാന്തതയും ആഴവും അതിനു കൈവരുത്തുന്നത് ഗുരുക്കന്മരാകാം.... സുഹൃത്തുക്കളാകാം.. അങ്ങനെ ആരുമാകാം അവരത്രേ സജ്ജനങ്ങൾ. അത്തരക്കാരുമായുള്ള സംഗം തന്നെ സത്സംഗം . ; ആഴമുള്ള ജലത്തിൽ ഓളങ്ങളുണ്ടാകുന്നില്ല എന്നപോലെ ആഴമുള്ള ഹൃദയത്തിൽ വികാരങ്ങളുടെ തിരതള്ളലുണ്ടാകില്ല. തിരതള്ളുന്ന ഹൃദയത്തെ ശാന്തതയിലെത്തിക്കാൻ ബ്രഹ്മജ്ഞാനികൾക്കേ കഴിയൂ. 'പ്രപഞ്ചമാകുന്ന ആഴിയിൽപ്പെട്ടുഴലുന്നവരെ കരകയറ്റുന്ന നാവികനാണ് ദൈവ'മെന്ന് ദൈവദശകത്തിൽ നാരായണഗുരു വിവരിക്കുന്നുണ്ട്. ദേവപദത്തിലേക്കുള്ള വഴിക്കാട്ടിയാണത്രെ സജ്ജനങ്ങൾ .
ജീവിതമാകുന്ന കലക്കുവെള്ളത്തിൽ പ്രാണരക്ഷാർത്ഥം പിടയുന്നവരാണ് ഓരോരുത്തരും. , രക്ഷപ്പെടാൻ ഒരു ചുല്ലികമ്പെങ്കിലും നീട്ടുന്നവരാണ് സജജനങ്ങൾ . അവരുമായുള്ള കൂട്ടുക്കെട്ട് നിസംഗത്വത്തിലേക്കു നയിക്കും. എന്താണ് നിസംഗത്വം? ഒന്നിലും അഭിരമിക്കാത്ത അവസ്ഥ. ശമാദിഷ്ട്ക സമ്പത്തി കൈവരിച്ചതുപോലെ ഇന്ദ്രിയങ്ങളും അന്തഃകരണവുമെല്ലാമടക്കി പരമമായ ആത്മതത്ത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഒരാൾ നിസംഗനായി തീരുന്നു. ശങ്കരാചാര്യർ 'വിവേകചൂഡാമണി'യിൽ ഇപ്രകാരം വിവരിക്കുന്നു. " മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരുമായുള്ള കൂടിച്ചേരലും ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്, ദൈവാനുഗ്രഹത്തിൽ മാത്രമേ അതു സാധ്യമാകൂ'...
."ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ
ഛാന്ദോഗ്യോപനിഷത്താകട്ടെ ആചാര്യവാൻ പുരുഷോ വേദഃ എന്നു വിവരിക്കുന്നു. അതുകൊണ്ട് സജ്ജനങ്ങളെ അന്വേഷിക്കുക, അവരുമായി കൂടിച്ചേരുക.


നിസ്സംഗത്വമാണ് മോഹരഹിതമായ അവസ്ഥയുണർത്തുന്നത് മോഹമാണെത്രെ.ദുഃഖത്തിനാധാരം. അതുകൊണ്ടാണല്ലോ 'ആഗ്രഹമാണ് എല്ല ദുഃഖങ്ങൾക്കും കാരണ'മെന്ന് ബുദ്ധൻ അനുശാസിച്ചത്. വിഷാദമാണ് മോഹത്തിന്റെ ഫലം; ക്രോധത്തിന്നു കാരണഭൂതനായിരിക്കുന്നതും മോഹം തന്നെ. മോഹം നടക്കാതിരിക്കുമ്പോഴാണ് അതു ക്രോധമായി പരിണമിക്കുന്നത്. അജ്ഞതയും അന്ധകാരവുമാണ് ക്രോധത്തിന്റെ ലോകം. എന്നാൽ നിസ്സംഗത മോഹത്തെയും ക്രോധത്തെയും അന്ധകാരത്തെയും ഇല്ലാതാക്കുന്നു. നിസംഗത രുപപ്പെടുത്തുന്നതാകട്ടെ സത്സംഗവും . നിർമോഹം നിശ്ചലമായ മനസ്സിനെ നിർമ്മിക്കുന്നു. ഓളങ്ങളൊഴിഞ്ഞ തടാകത്തിൽ അടിത്തട്ടു കാണാവുന്നതുപോലെ നിശ്ചഹൃദയത്തിനാഴങ്ങളിൽ അജ്ഞാനമാകുന്ന മുത്തുമണികളെ ഒരുവൻ കണ്ടെടുക്കുന്നു. സ്വജീവിതത്തിൽ തന്നെ. ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ മുക്തനാകുന്നു.