2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ഗൃഹപ്രവേശവും, പാലുകാച്ചലും:-




ഗൃഹപ്രവേശവും, പാലുകാച്ചലും:-


പാൽ അഥവാ ക്ഷീരം ഈ ലോകത്തിന്റെ തന്നെ പ്രതീകമാണ്. ക്ഷീരസാഗരത്തിൽ അനന്തൻ എന്ന നാഗത്തിനു പുറത്ത് വിഷ്ണുഭഗവാൻ ശയിക്കുന്നു. എന്നുപറഞ്ഞാൽ അതിനു അർത്ഥം അനന്തമായ ഈ പ്രപഞ്ചത്തിൽ സർവ്വവ്യാപിയായി പരമാത്മാവ് കുടികൊള്ളുന്നു എന്നാണ്.
ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഉത്ഭവിപ്പിക്കുന്ന പഞ്ചഭുതങ്ങളുടെ സംയോഗമാണ് ക്ഷീരസാഗരം. പാലിൽ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അതു ദൃഷ്ടിഗോചരമല്ലാത്തതുപോലെ. അനന്തമായി വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം നമുക്ക് നേരിൽ കാണാനാകുന്നില്ല. ഇപ്രകാരം അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ എപ്രകാരം കണ്ടെത്തണമെന്ന ഒരു സന്ദേശം പാലു കാച്ചൽ ചടങ്ങിൽ അന്തർഭവിച്ചിട്ടുണ്ട്.
ബ്രഹ്മചാര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നി നാലുതരം ആശ്രമങ്ങളുണ്ട്. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെയാകുന്നു. വിദ്യാഭാസം പൂർത്തിയാക്കുന്നതു വരെ ബ്രഹ്മചാര്യം, അതിനുശേഷം ഗാർഹസ്ഥ്യം, തീർത്ഥയാത്ര നടത്തുന്നത് വാനപ്രസ്ഥം, ശുദ്ധജ്ഞാനവസ്ഥ പ്രാപിക്കുന്നത് സന്യാസം. അപ്പോൾ ഗൃഹം എന്നത് കേവലം ഒരു ചട്ടകൂടല്ല. അതിൽ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതുമാണ് എന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് ആദ്യം പാലുകാച്ചൽ ചടങ്ങ് നടത്തുന്നത്.
നെയ്യ് തൈയിർ, വെണ്ണ, ഇവ മൂന്നും ലഭിക്കണമെങ്കിൽ ആദ്യം പാൽ അടുപ്പത്ത് വെച്ച് തിളപ്പിക്കണം. ഇതിൽ നെയ്യ് ബ്രഹ്മചാര്യത്തെയും, തൈർ ,ഗാർഹസ്ഥ്യത്തെയും, വെണ്ണ വാനപ്രസ്ഥത്തെയും സൂചിപ്പിക്കുന്നു. നെയ്യ് അഗ്നിയുടെ സമീപത്തെക്ക് വരുമ്പോൾ സന്യാസമായി. നെയ്യ് അഗ്നിയിൽ ലയിച്ചുചേരുന്നു. അതായത് ഏത് അഗ്നിയാണോ പാലിൽനിന്ന് നെയ്യിനെ വേർതിരിക്കുന്നത് ആ അഗ്നിനെയ്യിനെ സ്വീകരിക്കുകയും ചെയ്യുന്നു. പാലിൽ നെയ്യ് എന്നപോലെ ദേഹത്തിൽ കലർന്നിരിക്കുന്ന ആത്മാവിനെ വേർതിരിക്കുകയും, അത് പരമാത്മാവാകുന്ന അഗ്നിയിൽ അർപ്പിച്ച് ദ്വന്ദ്വഭാവമില്ലാതെ ഒന്നായി തീരുകയും ചെയ്യുന്നതാണ് ഈ ജന്മലക്ഷ്യം.
അതിനായി ധർമ്മം , കർമ്മം, യോഗം, ജ്ഞാനം മുതലായ ഉപായങ്ങൾ നാം അവലംബിക്കുന്നതുപോലെയാണ് പാൽ തിളപ്പിക്കുന്നതും, പുളിപ്പിക്കുന്നതും, കടയുന്നതും ഉരുക്കുന്നതും ഇപ്രകാരം വളരെ ലളിതമായ ഒരു ചടങ്ങ് ഗഹനമായ ആദ്ധ്യാത്മീക രഹസ്യ പ്രകാശിപ്പിക്കുന്നു.
യാതൊരു വസ്തുക്കളെയും പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ ആവിശ്യമില്ലാതെ പാഴാക്കികളയുരുത്. ജീവിതത്തിൽ പ്രാധാന്യമുള്ള ഗൃഹപ്രവേശദിവസം തന്നെയാണെങ്കിലോ ? തീർച്ചയായും അത് ആർക്കും തന്നെ ഭൂഷണമല്ല. അതായത് ഗൃഹപ്രവേശനത്തിന്റെ ദിവസം പാൽ അടുപ്പത്ത് വെച്ച് തൂവികളയുന്ന രീതി ഉചിതമല്ല.
പാൽ തിളപ്പിച്ച ശേഷം ഈശ്വരസ്മരണയോടെ സ്ത്രീയും, പുരുഷനും ചേർന്ന് ഇറക്കിവെക്കണം. അടുപ്പിൽ നിന്ന് ഇറക്കിവെച്ച പാലിൽ നിന്ന് മൂന്ന് ചെറിയ ടീസ്പൂൺ പാൽ അഗ്നിദേവന് സമർപ്പിക്കുക. ഇപ്രകാരം ഈശ്വര സ്മരണയോടെയുള്ള സമർപ്പണം അത്യന്തം ശ്രേഷ്ഠവും പുണ്യപ്രദവുമാണ്.


കടപ്പാട്….