2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം




ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിവന്നിരുന്ന വിശുദ്ധവും പവിത്രവുമായ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന പൗരാണിക ഹൈന്ദവാചാരം ഇന്ന് കേവലം ഒരു വാർഷിക ചടങ്ങായി ക്ഷേത്രങ്ങളിൽ വഴിമാറിയിരിക്കുന്നു. വ്യക്‌തിപരമായി ഞാൻ ഇത്തരം ചടങ്ങുകളോട് യോജിക്കുന്നില്ല.
ഇന്ന് കേരളത്തിൽ സാധാരണയായി നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് ഭക്തിപുരസ്സരം പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള അപൂർവമായ യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഇത്തരം ഭാഗവതസപ്താഹം ഒരു ചടങ്ങായി നടത്തപ്പെടുന്നു.
മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്നതു പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രത്തിലാണ്. ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ തന്നെ അനക്കം കൂടാതെ വയ്ക്കുകയാണ് സാധാരണ പതിവ്. ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.,ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഉദാഹരണത്തിന് ഒരു ഐതിഹ്യ കഥ നമുക്ക് ശ്രദ്ധിക്കാം
തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു. ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത്‌ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു.
നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു :- ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍ ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും.
ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു. ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു.
അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത്. ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്‌. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍. ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു.
സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍ സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍ പറഞ്ഞുകൊടുത്തു.
എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്തശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു. ഒന്നാം ദിവസം സന്ധ്യക്ക്‌ പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം രണ്ടാമത്തേതില്‍ പ്രവേശിച്ചു. അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു.
അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍ പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ്‌ ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം. അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ്‌ രണ്ടാമത്തെ സപ്താഹം.
പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം. ഭാഗവത സപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ളതാകട്ടെ പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് ഇവയൊക്കെയാണ്. പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല.യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
ഏഴ് ദിവസവും വെളുപ്പിനു തന്നെ കുളിച്ചു ശുദ്ധിയോടെ വൃതമെടുത്ത് വേണം ഇതില്‍ പങ്കെടുക്കുവാനും ഭക്തിയോടെ വായന കേള്‍ക്കുവാനും. ഭഗവത് നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ സപ്താഹത്തിൽ പങ്കെടുക്കുന്നവർ യജ്ഞശാലയില്‍ ചെയ്യാൻ പാടുള്ളു. യജ്ഞശാല ഒരുക്കിയിരിക്കുന്ന സ്ഥലത്തു ഉപവിഷ്ടരായാൽ മറ്റുള്ള എല്ലാവിധ സംഭാഷണങ്ങളും ഒഴിവാക്കണം,ഭക്ഷണ പാനീയങ്ങളും ഒഴിവാക്കണം.ഓർക്കുക , യജ്ഞശാലയിൽ ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം മാത്രമേ എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കാവൂ , ഇതൊക്കെ ഇന്നത്തെ തലമുറക്കു യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളല്ലേ. ഒന്നാലോചിച്ചു നോക്കൂ. അപ്പോൾ ഇതുകൊണ്ട് എന്തുനേട്ടം?
ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?
ഇരുകൈകളും താമരമൊട്ടിന്റെ രൂപത്തിൽ നെഞ്ചിൽ ചേർത്തുവേണം പ്രാർഥിക്കാൻ. കൂപ്പുകൈ കഴുത്തിനു നേരെയോ ഉദരത്തിനു നേരെയോ ആകരുത്. നമ്മൾ ആരെയാണോ തൊഴുന്നത് ആ ആളിന്റെ താല്‍പര്യവും ഇഷ്ടവും നമ്മുടേതിനു തുല്യമാണെന്നാണ് ഇരുകൈപ്പത്തികളും അഭിമുഖമായി ചേർത്തു പിടിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. നടരാജനായ ശിവനിൽനിന്നും നാട്യശാസ്ത്രാചാര്യനായ ഭരതമുനിക്ക് സിദ്ധിച്ച നൃത്തകലയുടെ ഒരു മുദ്രയാണ് കൂപ്പുകൈ. വിടരാത്ത താമരമൊട്ടിന്റെ ആകൃതിയിൽ വേണം തൊഴേണ്ടത്.ജഗൽ സൃഷ്ടാവായ ഈശ്വരനു മുമ്പിൽ ഞാൻ ഒന്നുമല്ല, താങ്കളുടെ മുന്നിലും ഒന്നുമല്ല എന്നാണ് നമസ്കാര പദത്തിനർഥം. നാ എന്നാൽ അല്ല/ഇല്ല, മമ എന്നാൽ ഞാൻ/എനിക്ക് എന്നുമാണർത്ഥം. ഇരുകൈകളും തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച് ഒരിക്കലും തൊഴാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിന് പൂജാദികർമ്മങ്ങൾ ചെയ്യുന്നവർക്കേ അർഹതയുള്ളൂ. കരചലനഃവിവർജ്ജിത എന്നാണ് പ്രമാണം. തൊഴുതു തീരുംവരെ കൂപ്പുകൈ അനക്കരുത്, ധാന്യം നീക്കി കൂട്ടിവാ രുന്നതുപോലെ ഇരുകൈകളും തറനിരപ്പിൽ കൊണ്ടുവന്ന് മുകളിലേക്കുയർത്തി തൊഴുന്നതിനെ ആവാഹന തൊഴൽ എന്നു പറയുന്നു. ഇതിന്റെ ഫലം നിത്യദാരിദ്ര്യവും ദോഷവുമായിരിക്കും, കാരണം പ്രതിഷ്ഠയെ അടി താഴ്ത്തി ഇളക്കുന്ന മുദ്രയാണ് ആവാഹന തൊഴൽ. അങ്ങനെ ചെയ്യരുത്.
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു.
ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് ചിന്മുദ്ര പിടിക്കുമ്പോള്‍ പരബ്രഹ്മവും പ്രപഞ്ചമാതാവും ചേര്‍ന്നുള്ള ശിവശക്തി സംയോഗം തന്നെയാണ് അര്‍ഥമാക്കുന്നത്. നടുവിരലും മോതിരവിരലും ചെറുവിരലും യഥാക്രമം ത്രിമൂര്‍ത്തികള്‍ ആയ പരമശിവന്‍, മഹാവിഷ്ണു, ബ്രഹ്മാവ്‌ എന്നിവരെ പ്രതിനിധീകരിക്കുന്നു.
ഒരു ക്ഷേത്രത്തിലോ പൂജയിലോ ചിത്രത്തിനു മുന്‍പിലോ ദീപത്തിനു മുന്നിലോ നാം കൈകൂപ്പി തൊഴാറുണ്ടല്ലോ. എന്നാല്‍ അപ്രകാരം തൊഴുന്നത് ഈ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന വിരലുകള്‍ കൂപ്പിക്കൊണ്ടാണ് എന്ന ബോധ്യം വേണം. ബ്രഹ്മ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ശ്രീ പരമേശ്വരനെ സന്ദര്‍ശിച്ച് സര്‍വ തത്വങ്ങളും ഹൃദിസ്ഥമാക്കി. അതിലൊന്നും തൃപ്തരാകാതെ അവര്‍ പരമഗുരുവായ ശിവനോട് ജ്ഞാനപാദഭാവ മുദ്രകള്‍ക്കായി അപേക്ഷിക്കുകയും ഭഗവാന്‍ കൂപ്പുകൈ ഉള്‍പ്പടെയുള്ളതായ മുദ്രകള്‍ കാണിച്ചു കൊടുക്കയും ചെയ്തതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. അന്ന് മുതല്‍ക്കാണ് ഭക്തന്മാര്‍ ദേവകളെ മുകുളിത പാണികളായി അഭിവാദനം ചെയ്തു തുടങ്ങിയതത്രെ.ആയതിനാല്‍ തന്നെ ക്ഷേത്രാരാധന പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഭാവ മുദ്രകളില്‍ ഏറ്റവും പ്രധാനമായ അഞ്ജലി (കൂപ്പുകൈ) വിധിയാം വണ്ണം തന്നെ വേണം. രണ്ടു കൈകളുടെയും മണിബന്ധങ്ങള്‍ (wrist) ചേര്‍ത്ത് മുലക്കണ്ണുകള്‍ക്ക് താഴെ വരും വിധം രണ്ടു കൈകളുടെയും തള്ളവിരല്‍ അഗ്രങ്ങള്‍ പരസ്പരം ചേര്‍ത്ത് ഹൃദയത്തിനു മുന്നിലും നെഞ്ചിനു നടുക്കായും, ചൂണ്ടുവിരലുകള്‍ പരസ്പരം ചേര്‍ത്ത് കുത്തനെ ഭൂമിക്ക് ലംബമായി ആകാശത്തേക്കു ചൂണ്ടിയും, നടുവിരലുകള്‍, മോതിരവിരലുകള്‍, ചെരുവിരലുകള്‍ ഇവ പരസ്പരം ഇടയില്ലാതെ നന്നായി ചേര്‍ത്ത് വിളക്കിനോ വിഗ്രഹത്തിനോ നേര്‍ക്ക് വരുവാനും പിടിച്ചു കൊണ്ടുവേണം തൊഴേണ്ടത്. തള്ളവിരല്‍,ചൂണ്ടുവിരലും തമ്മില്‍ സ്പര്‍ശിക്കരുത്.അതേപോലെ ചൂണ്ടുവിരലും ശേഷിക്കുന്ന മൂന്നു വിരലുകളും തമ്മിലും സ്പര്‍ശിക്കരുത്. തമ്മില്‍ അല്പം അകലം വേണം എന്ന് സാരം. മുകുളാകൃതി (പൂമൊട്ട് ) ആയിരിക്കണം. മൌനഭാവ പ്രതീകമായ കൂപ്പുകൈയാല്‍ തൊഴുമ്പോള്‍ എപ്പോഴും മൌനമായി പ്രാര്‍ഥിക്കുക. അറിയുന്ന സ്തോത്രങ്ങളും മന്ത്രങ്ങളും ഒക്കെ മനസ്സില്‍ മാത്രം ഉരുവിടുക.
നിങ്ങളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിയുടെ നടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുവാറില്ലേ ?
അവിടെ നിന്നു മനസ്സിൽ സങ്കൽപ്പിച്ചു നിങ്ങൾ തൊഴുവുന്ന ആ വിശിഷ്ട ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം, ഗുരുവായൂര്‍, കൂടുതൽ അറിയേണ്ടേ ?
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ എടുത്തു പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഈ ക്ഷേത്രം. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ക്ഷേത്രത്തില്‍ ത്രികാല പൂജയുണ്ട്. ശിവരാത്രിയാണ് ഇവിടത്തെ മുഖ്യ ആഘോഷം. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്രുടെ കുടുംബങ്ങൾ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. എന്താണീ ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യമെന്നറിയേണ്ടേ ? നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്: പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതു തന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാർത്ഥിക്കുന്നു .ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. ശൈവമതം കേരളത്തിൽ വളർന്ന കാലത്ത് മമ്മിയൂർ ക്ഷേത്രത്തിനും വൻ വളർച്ചയുണ്ടായിരുന്നു. മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പാണ് മമ്മിയൂരിലേത്. കിഴക്കേ നടയിൽ പ്രധാന വഴിയുടെ സമീപത്തുതന്നെ രണ്ടുനില ഗോപുരം പണിതിട്ടുണ്ട്. ഗോപുരത്തിനടുത്ത് അടുത്തിടെ ഒരു ഗണപതിപ്രതിഷ്ഠ നടത്തിയിരുന്നു. ഈ ഗണപതിയെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ ചുവട്ടിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അവിടെയുള്ള അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാലിന്റെ തൊട്ട് തെക്കുവശത്താണ് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളും മറ്റും. ഇതിനടുത്ത് ഒരു ആസ്ബസ്റ്റോസ് ഷീറ്റുണ്ട്. ഇവിടെ ധാരാളം കസേരകൾ കാണാം. ഭക്തർക്ക് യഥേഷ്ടം വിശ്രമിയ്ക്കാവുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഇത് ഉണ്ടാക്കിയിട്ട് അധികം കാലമായിട്ടില്ല. സാധാരണ ഒരു ഗ്രാമീണക്ഷേത്രത്തിന്റെ കെട്ടും മട്ടുമാണ് പൊതുവേ മമ്മിയൂർ ക്ഷേത്രത്തിനുള്ളത്. കാര്യമായ ആധുനിക ആർഭാടങ്ങളൊന്നും തന്നെ ഇവിടെയില്ല. മമ്മിയൂരിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല. ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കൊന്നിച്ച് നടപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. രണ്ട് നടകളിലും ബലിക്കല്ലുകളുമുണ്ട്. എന്നാൽ അവ കാഴ്ചയിൽ വളരെ ചെറുതാണ്. ക്ഷേത്രത്തിൽ ബലിക്കൽപ്പുരയില്ലാത്തതിനാൽ പുറത്തുനിന്നു നോക്കിയാൽതന്നെ രണ്ട് വിഗ്രഹങ്ങളും നന്നായി കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. പണ്ടെന്നോ അപമൃത്യുവിനിരയായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത് എന്നാണ് വിശ്വാസം .ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല. വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ അത്യുഗ്രദേവതയായ ഭദ്രകാളി കുടികൊള്ളുന്നു. ശരിക്കും ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന അതിമനോഹരമായ പ്രദേശമാണ് ഇവിടം. നട്ടുച്ചയ്ക്കു പോലും ഇവിടെ വെളിച്ചം കുറവാണ്. വനദുർഗ്ഗാസങ്കല്പത്തോടുകൂടിയ ഭദ്രകാളിയുടെ ശ്രീകോവിലിന് മേൽക്കുരയില്ല. ഇതിനടുത്തുള്ള തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.ചതുരാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത സൗധങ്ങളാണ് ഇവിടെയുള്ള മുഖ്യശ്രീകോവിലുകൾ. മുഖമണ്ഡപത്തോടുകൂടിയ ഈ ശ്രീകോവിലുകളുടെ പുറംചുവരുകൾ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രശോഭിച്ചുനിൽക്കുന്നു. രണ്ട് ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്. രണ്ടിടത്തും പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും നാലടി ഉയരം വരുന്ന ചതുർബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുന്നുണ്ടാകും. വിഷ്ണുവിഗ്രഹമാണെങ്കിൽ ചന്ദനം ചാർത്തി, പീതാംബരവും ചുറ്റി, സർവ്വാഭരണങ്ങളുടെ പ്രഭയോടെ വിളങ്ങുന്നു. ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് മഹാദേവനായ ശ്രീമമ്മിയൂരപ്പനും ഭഗവാൻ ശ്രീനാരായണനും മമ്മിയൂരിൽ വാഴുന്നു. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും വിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ പ്രതിഷ്ഠ ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ ഇരുവർക്കും പ്രത്യേകമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, അനന്തൻ, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ് എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശിവന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് പാർവ്വതീദേവിയുടെ സങ്കല്പമുണ്ട്. ഇവിടെ ശിവഭഗവാൻ പാർവ്വതീദേവിയെ തൃത്തുടയിലിരുത്തി ദർശനം നൽകുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. രണ്ട് ശ്രീകോവിലുകളുടെയും വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ പണിതിട്ടുണ്ട്. മറ്റിടങ്ങളിലെ പോലെ തന്നെ ശിവന്റെ ശ്രീകോവിലിനുചുറ്റും പൂർണപ്രദക്ഷിണം പാടില്ല. ഈ രണ്ടു ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. രണ്ട് ശ്രീകോവിലുകളും ഉൾക്കൊള്ളാൻ പാകത്തിനാണ് ഇതിന്റെ നിർമ്മാണം. ശിവന്റെയും വിഷ്ണുവിന്റെയും നടകളിലേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്കിരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവയിൽ ഹോമങ്ങളും വാദ്യമേളങ്ങളും നടത്തുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. സാധാരണ രൂപത്തിലുള്ള ഗണപതിവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ഇവിടെ നിത്യേന ഗണപതിഹോമം നടന്നുവരുന്നുണ്ട്. പടിഞ്ഞാറേ നടയിൽ പ്രധാന ശ്രീകോവിലുകൾക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ മറ്റൊരു ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തോട് രൂപത്തിൽ വളരെയധികം സാദൃശ്യമുള്ള ശ്രീസുബ്രഹ്മണ്യ ശിലാവിഗ്രഹമാണിത്. നാലടി ഉയരം വരും.ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു ശ്രീകോവിലിൽ താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയും കുടികൊള്ളുന്നു. പ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ വിഗ്രഹവുമായി വളരെ നല്ല രൂപസാദൃശ്യമുള്ള പഞ്ചലോഹവിഗ്രഹമാണ് ഇവിടെ അയ്യപ്പസ്വാമിയ്ക്ക്. ഏകദേശം ഒന്നരയടി ഉയരം വരും.ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ. അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമെന്നു പറയാം .ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപങ്ങൾക്ക് നാല് തൂണുകളേയുള്ളൂ. അവയിൽ കാര്യമായ അലങ്കാരങ്ങളൊന്നുമില്ല താനും. ശിവന്റെ നടയ്ക്കുനേരെയുള്ള മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ട്. മണ്ഡപങ്ങളുടെ മേൽക്കൂര ചെമ്പുമേഞ്ഞ് അവയിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കലശപൂജയും മറ്റും നടത്തുന്നത് ശിവന്റെ നടയിലാണ്.വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ സ്വയംഭൂലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീ പാർവതി. ഭഗവതിക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയും ഇഷ്ടമംഗല്യവരദായിനിയുമാണ്.നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീഭദ്രകാളിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ശ്രീഭദ്ര പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.
തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ കാളിക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുണ്ട്.ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ നടത്തപ്പെടുന്ന അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ. ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡസങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ് നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.നിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു. സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം.ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.
മമ്മിയൂരപ്പനെ ദർശിക്കാത്തവർ അടുത്ത തവണ തീർച്ചയായും ഈ കൈലാസഭൂമിയെ ദർശിക്കാൻ മറക്കരുത് .