2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

അഹംങ്കാരം....ശത്രുതാ ഭാവം



ശത്രുതാ ഭാവം


ഉണ്ണുക, ഉറങ്ങുക എന്നിവയിൽ മാത്രം ശ്രദ്ധയുള്ള ജീവികൾക്ക് അവസാനമില്ല. എന്നാൽ, അവയിൽ വെച്ച് മനുഷ്യൻ വിശേഷബുദ്ധിയുള്ളവനത്രെ. മനുഷ്യ ജന്മം കിട്ടുന്നത് നന്നെ പ്രയാസമുള്ള കാര്യമാണ്. ഇത്തരം ജന്മം കിട്ടിയിട്ടും, മനുഷ്യൻ അവനവന് താൻ തന്നെ ശത്രുവായും വരാം, മിത്രമായും വരാം. ദൈവത്തിൽ മനസ്സുറപ്പിച്ച്, തന്റെ മുക്തിമാർഗത്തെ തേടുന്ന മനസ് തനിക്ക് മിത്രവും, അല്ലാത്തത് ശത്രുവുമാണത്രെ.
ആധുനിക മനശ്ശാസ്ത്രത്തോട് കിട പിടിക്കുന്ന ഈ ചിന്ത തീർത്തും യുക്തിസഹമാണ്. സത്യത്തിൽ ന...

അഹംങ്കാരം


നമ്മുടെ ജീവിതം നമ്മളായിട്ട് നയിക്കുന്നു, 
സ്വന്തം കഴിവു കൊണ്ട് ഉന്നതങ്ങളിലെത്തുന്നു, 
സുരക്ഷിതമായ വീടുണ്ടാക്കുന്നു, 
ധനം സ്വരൂപിച്ച് കൂടുതൽ കൂടുതൽ സുരക്ഷിതരാകാമെന്ന് കരുതുന്നു…….. 
എല്ലാം വെറുതെ…………. 
നമുക്ക് നമ്മുടെ ജീവിതത്തെ സംരക്ഷിക്കാനുള്ള കഴിവില്ല. …. …. ….
ജീവിതത്തെ മുന്നോട്ട് നയിക്കാനും ആവില്ല………. 
പലപ്പോഴും ജീവിതത്തിൽ നമുക്ക് സംഭവിക്കുന്നത് ആകസ്മികതയാണ്…….. നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു….. … .. കഷ്ടപ്പെട്ട ഉഴലുന്ന നിമിഷങ്ങളിൽ , എവിടുന്നെന്നറിയാതെ സഹായഹസ്തങ്ങൾ നീളുന്നു, ഒരു താങ്ങായ് ചിലപ്പോൾ ചിലർ നമ്മെ തേടിയെത്തുന്നു……. 
തീർത്തും യാദൃച്ഛികമായി…….. ….. 
ശ്രദ്ധിച്ചാൽ മനസ്സിലാകും…… 
അതു തന്നെയാണ് ഭഗവാൻ …….
അനവധി സന്താനങ്ങളെ നഷ്ടപ്പെട്ട ബ്രാഹ്മണന്റെ സങ്കടം കണ്ടും,
"ദൈവഹിതമാണ്, മാറ്റാൻ പറ്റില്ല
എന്ന മട്ടിലുള്ള ഭഗവാന്റെ ഉദാസീനത കണ്ടും തന്റെ ശക്തിയിൽ അതീവ വിശ്വാസമുള്ള അർജുനൻ ബ്രാഹ്മണ ഗൃഹത്തിൽ ചെന്ന് പ്രസവമുറി തന്റെ ദിവ്യാസ്ത്രങ്ങളാൽ സംരക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പിറന്ന ഉണ്ണിയും മരിക്കുകയാണ് ഉണ്ടായത്. . . . . . .
ഇതിൽ അസഹനീയനായ അർജ്ജുനൻ , യമപുരം, സ്വർഗ്ഗം, മറ്റ് ദേവലോകങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെന്ന് ഉണ്ണിയെ കണ്ടു പിടിക്കാൻ ചെന്നെങ്കിലും ശ്രമം വിഫലമായിക്കണ്ട് അഗ്നിയിൽ ചാടാൻ തീരുമാനിച്ചു…
അർജ്ജുനൻ അഗ്നിയിൽ ദേഹ ത്യാഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ പോലെ,
അർജ്ജുനന്റെ അഹങ്കാരത്തെ മാറ്റി കണ്ണ് തുറപ്പിച്ച പോലെ,
നമ്മളും നമ്മുടെ ഐശ്വര്യത്തിലും, സമ്പത്തിലും, സ്ഥാനമാനങ്ങളിലും അഹങ്കരിക്കുമ്പോൾ ഒന്ന് തട്ടി കണ്ണ് തുറപ്പിക്കാറില്ലേ?……. ……..
ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഭഗവാൻ നമുക്ക് താക്കീത് നൽകുന്നത്.
ഭഗവാനെ! ഒന്നിലും അഹങ്കാരിക്കാൻ ഇടവരരുതേ! !
പാണ്ഡിത്യവും, ബ്രാഹ്മണ്യവും, ആ ഭിജാത്യവും … ഒന്നുമൊന്നും ഭക്തന് ബാധകമല്ല……അതെ, ഏതൊരു ഭക്തനേയും അറിഞ്ഞനുഗ്രഹിക്കാനുള്ള അങ്ങയുടെ ആ ദയാവായ്പ്…… ആശ്ചര്യം തന്നെ…!!
ഒരിക്കൽ മേൽപ്പത്തൂരിന് പോലും ചില ദുർബ്ബല നിമിഷങ്ങളിൽ തോന്നിയ അഹങ്കാരത്തെ അങ്ങ് തുടച്ചു നീക്കിയല്ലോ. മേൽപ്പത്തൂരിൻ വിഭക്തിയേക്കാൾ പൂന്താനത്തിൻ ഭക്തിയാണെനിക്കേറെയിഷ്ടം
അതുപോലെ, ഒരിക്കൽ കുറച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് അങ്ങ് ദർശനം അതിഭക്തകളായ ബ്രാഹ്മണ സ്ത്രീകളെ അറിഞ്ഞനുഗ്രഹിച്ചത്രെ..
വളരെ ഭക്തകളായ ഈ സ്ത്രീകൾക്ക് ദർശനമരുളാനായി അങ്ങൊരു ദിവസം കുറച്ച് കുട്ടികളെ ഈ ബ്രാഹണ കുടുംബങ്ങളിലേയ്ക്കയച്ച് ഭക്ഷണം യാചിപ്പിച്ചു…. ഉത്തമ ബ്രാഹ്മണരെന്ന് ഊറ്റം കൊണ്ടിരുന്ന ആ ബ്രാഹ്മണർ അത് തീരെ ഗൗനിച്ചില്ല…….. ബ്രാഹ്മണ സ്ത്രീകൾ, വളരെ ഭക്തരും, നിർമ്മല ഹൃദയരും ആണെന്നിരിക്കിലും , അവരുടെ ഭർത്താക്കന്മാരായ ആ ബ്രാഹ്മണർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ നിന്നും വിലക്കി…. എന്നാൽ, ആ ഉത്തമ സ്ത്രീകൾ ആ വിലക്കിനെ അവഗണിച്ച് കുട്ടികൾക്ക് സദ്യ വട്ടം തന്നെ ഒരുക്കി കൊടുത്തു….. .. അവർക്ക് ഭഗവാൻ ദർശനം നൽകിയത്…
മുടിക്കെട്ടിൽ മയിൽപ്പീലി കിടന്നാടുന്നവനായും, തങ്ങളെ ആർദ്രമായി ഉറ്റു നോക്കുന്നവനായും, സുഹൃത്തിന്റെ തോളത്ത് ചാരി നിൽക്കുന്നവനുമായ അങ്ങയെ ആ സ്ത്രീകൾ കണ്ടു!! ഭാഗ്യവതികൾ !!
ഇവിടെ നാം ചിന്തിക്കേണ്ടത് നിത്യവും സന്ധ്യാവന്ദനം ചെയ്യുന്നവരും, യാഗങ്ങൾ ചെയ്യുന്നവരും, പണ്ഡിതന്മാരുമായ ആ ബ്രാഹ്മണർക്ക് എന്ത് കൊണ്ട് ഈ ഭാഗ്യം കൈവന്നില്ല എന്നതാണ്…. അവർ ശരിയായ അറിവ് നേടിയില്ല എന്നതാണ് സത്യം… അതാണ് പറയുന്നത് ബ്രാഹ്മണ്യമെന്നത് ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് കിട്ടേണ്ടത്…
മറ്റൊരു ശ്രദ്ധേയമായ കാര്യം………….. ഈ പതിവ്രതകളായ സ്ത്രീകൾ ഭർത്താക്കന്മാർ വിലക്കിയിട്ടും ആ ഭക്ഷണം ചോദിച്ചു വന്ന കുട്ടികളെ വേണ്ട പോലെ ആദരിച്ചു എന്നാണ്…. നമ്മളോർക്കേണ്ട കാര്യം ഇവിടെ സൂചിപ്പിച്ചിരിക്കുന്നു…..ഭർത്താവ് പറയുന്ന കാര്യം നല്ലതാണെങ്കിൽ മാത്രം ഭാര്യ അനുസരിച്ചാൽ മതി… ധർമ്മം ചര എന്ന് പറയുമ്പോൾ അധർമ്മത്തെ പിൻതുണയ്ക്കണ്ട കാര്യമില്ലല്ലോ…… ഭർത്താവ് അധർമ്മമാണ് ചെയ്യുന്നതെങ്കിൽ ഭാര്യ അത് ചൂണ്ടിക്കാണിക്കണം…. തെറ്റ് തിരുത്താൻ അവൾ സഹായിക്കണം….. അപ്പോൾ മാത്രമേ അവൾ ഭാര്യാപദവിക്കർഹയാകുന്നുള്ളൂ…….
ഈ സ്ത്രീകളുടെ കേവലമായ ഭക്തിയുടെ ശക്തി കണ്ട് അവരുടെ ഭർത്താക്കന്മാരും ഉത്തമ ഭക്തരായിത്തീർന്നത്രെ……….. ഭാഗ്യം ! ഭാഗ്യം ! .:……………………….. ഭഗവാനേ !
ബ്രഹ്മചര്യാശ്രമത്തില്‍ മന്ത്രഭാഗമായ സംഹിതയെ സ്വായത്തമാക്കി ഗൃഹസ്ഥാശ്രമത്തില്‍ കര്‍മ്മപരമായ ബ്രാഹ്മണത്തെ അനുഷ്ഠിച്ച് വാനപ്രസ്ഥത്തില്‍ ഉപാസനാ പ്രധാനമായ ആരണ്യകത്തിലൂടെ
സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ച് ജ്ഞാനരൂപമായ ഉപനിഷത്തിലെത്തി മുക്തിയെ നേടുന്നു.
നമ്മൾ ഈ കാണുന്നതും, കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം, മനസ്സിന്റെ തന്നെ സൃഷ്ടിയാണ്, കയറിൽ പാമ്പ് പോലെ, കുറ്റിയിൽ പ്രേതം പോലെ, മരുഭൂമിയിൽ മരീചിക പോലെ, ചിപ്പിയിൽ വെള്ളി പോലെ. നമ്മൾ കാണുന്നതൊന്നും പൂർണ്ണ സത്യമല്ല. ജഡമായ പ്രപഞ്ചത്തിൽ നമ്മുടെ മനോധാരണകളെ അതിനു മേലെ വെച്ച് പിടിപ്പിച്ചു (superimpose) നമ്മൾ ഓരോന്ന് ഉണ്ടാക്കി കാണുന്നു അനുഭവിക്കുന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളിലെ ചിന്തകളും കർമ്മങ്ങളും കൊണ്ട് നമ്മൾ വർത്തിയെടുത്ത മനസ്സെന്ന ഭൂതം കാണിച്ചു തരുന്ന വെറും ഇന്ദ്രജാലപ്രകടനങ്ങൾ മാത്രമാണ് എല്ലാം. നമ്മുടെ മനസ്സിന്റെ തന്നെ സൃഷ്ടികളിൽ നിന്നാണ് നമുക്ക് ഭയം രാഗം ദ്വേഷം എന്നിവകളെല്ലാം ഉണ്ടാകുന്നത്. പുറത്തെന്നവണ്ണം കാണുന്ന ദൃശ്യങ്ങളെല്ലാം നമ്മൾ തന്നെ എന്നറിഞ്ഞാൽ ഭയമില്ല. ദൃശങ്ങൾ ഉണ്ടാക്കുന്നത് പൂർവ കർമ്മ വാസനകളാലാണ്, നമ്മളിൽ നിന്ന് തന്നെ ഉണ്ടാകുന്ന ദൃശ്യങ്ങളെ എന്തിനു ഭയക്കണം. ഒന്നും നമ്മൾ കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും പോലെയല്ല സത്യത്തിൽ നടക്കുന്നത്. സത്യത്തിൽ ഈ ലോകത്തിലെ, ജീവിതത്തിൽ ഒന്നും ഒരിടത്തും നിത്യമായി നില്ക്കുന്നില്ല, എല്ലാം ഉണ്ടായി നിലനിന്നു മാറി മാറി പോകുന്നതാണ്, മായയാണ് , മനസ്സ് മായയാണ്, ദുഖത്തിന്റെ കലവറയാണ്. വന്നു ചേരുന്നതും, വരാത്തതും, വിട്ടുപോകുന്നതും വിട്ടു പോകാത്തതുമെല്ലാം ദുഃഖം തന്നെ. നാം ഇതിലൊന്നും പതറരുത്, വിശ്വസിക്കരുത്. നമ്മൾ മനസ്സിന്റെ ഈ മായക്കളികളെ മനസ്സിലാക്കണം.
ഈ ശരീരം നേര്‍ത്ത ദുര്‍ബലമായ താത്‌കാലികമായ ഒരു സംഘാതം മാത്രമാണ്, അതിൽ ജരാ നരകളും വ്യാധികളും വരാൻ അവസരം കാത്തു നില്‍ക്കുന്നു. കുമിള പോലെയുള്ള ഈ നേര്‍ത്ത ശരീരം വിട്ടു പോകുന്നതിനു മുൻപ് പരമസത്യ പ്രകാശം എനിക്കറിയണം അനുഭവിക്കണം. അതുകൊണ്ട് പഴയ സംസാര ദുഖങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും, പ്രലോഭനങ്ങളിലേക്കും വെറുപ്പുകളിലേക്കും ഭേദ ചിന്തകളിലേക്കും ഇനിയൊരു തിരിച്ചു പോക്കില്ല. ഇനിയും മുന്നോട്ടു തന്നെ. സംസാരം ദുഖത്തിന്റെ കലവറയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ ലോകത്തി ൽ ആശ്രയിക്കാൻ പറ്റിയ ഒന്നുമില്ല, വരുന്നതെല്ലാം വിട്ടു പോകും, ഉണ്ടായതെല്ലാം ഇല്ലാതാകും, കൂടിചേരുന്നതെല്ലാം വിട്ടു പിരിഞ്ഞു പോകും, അങ്ങിനെ തൊടുന്നതെല്ലാം ദുഃഖം തരുമെന്ന് മനസ്സിലായാൽ പിന്നെ ആശയക്കുഴപ്പമില്ല.
എന്റെ ലക്‌ഷ്യം ഇതിൽ നിന്നും കര കയറുക എന്നത് മാത്രമാണ്. അതിനുള്ള ശക്തി വൈരാഗ്യം മാത്രമാണ് വൈരാഗ്യമില്ലാതെ എത്ര തന്നെ സാധനകൾ ചെയ്താലും, അറിവ് നേടിയാലും കാര്യമില്ല, സംസാര ചുഴികളിൽ വേഗം പിന്നെയും പിന്നെയും വീണുപോകും . വൈരാഗ്യമുണ്ടെങ്കിൽ വേറെ ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല. ഏറ്റവും വലിയ മഹാസിദ്ധിയാണ് വൈരാഗ്യം . വൈരാഗ്യമുള്ളവൻ മഹാരാജാവിനെക്കാൾ ശക്തനാണ്. വൈരാഗ്യമില്ലാത്തവൻ രാജാവായാലും ആരോടെങ്കിലും ഭിക്ഷ യാചിക്കുന്നവനാണ്. വൈരാഗ്യമുള്ളവൻറെ മുന്നിൽ എല്ലാം കീഴടങ്ങുന്നു. ഇതാണ് വൈരാഗ്യത്തിന്റെ വഴി.
വൈരാഗ്യമാണ് ഏറ്റവും പ്രധാനം. വൈരാഗ്യമില്ലാതെ വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. വെറുതെ സമയം കളയാമെന്നു മാത്രം. വൈരാഗ്യമുണ്ടെങ്കിൽ വേറെ എന്ത് വന്നാലും പ്രശ്നവുമില്ല. അതുകൊണ്ട് എങ്ങിനെയും വൈരാഗ്യം സമ്പാദിക്കണം. ശ്രവണത്തോടൊപ്പം മനനവും ധ്യാനവും വേണം. മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭൂതികളെ ഹൃദയത്തിൽ സൂക്ഷിച്ചു ഓർമിച്ച് ലാളിച്ചു മൌനമായിരിക്കലാണ് ധ്യാനം. ഹൃദയത്തിലെ ശുദ്ധ നിർമല സ്വരൂപത്തെ ഉപാസിച്ചു ആനന്ദം കൊള്ളണം.
"എന്റെ മുന്നിൽ വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീർക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കർമ്മഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആർജ്ജി ച്ച പൂർവ കർമ്മഫലങ്ങൾ വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാർക്കും പിന്നെ തന്റെ എല്ലാ സ്വന്തക്കാർക്കും മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ് ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം.
ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.