2019, ഏപ്രിൽ 2, ചൊവ്വാഴ്ച

കാളി എല്ലാ വിദ്യകളുടെയും ആദിയാണ്


കാളി എല്ലാ വിദ്യകളുടെയും ആദിയാണ്


കാളീദേവിയെ ധ്യാനിക്കാൻ കഴിഞ്ഞാൽ സഹസ്രാര സങ്കൽപ്പം സാക്ഷാൽക്കരിക്കപ്പെടും, ഭാരതമൊട്ടാകെ കാളീ ഉപാസന വിവിധങ്ങളായ ആചാര വിശേഷങ്ങളോടെ , അനുഷ്ഠാനക്രമങ്ങളോടെ, ആകാരസങ്കൽപ്പങ്ങളോടെ നടന്നു വന്നിരുന്നു. വൈഷ്ണവം, ശൈവം, എന്നീ വിഭാഗങ്ങളെ കൂടാതെ ശക്തേയ ഉപാസകർ കാളീ പ്രതിഷ്ഠക്കും പ്രാധാന്യം നൽകിയിരുന്നു എന്നുള്ളതിന്ന് തെളിവാണ് കാളിഘട്ട്. മൂകാംബികയും, ആറ്റുകാലും, ഈ ദേവിമാരൊക്കെ ഊർജ്ജ ദേവതമരാണ്. നാമാരൂപഭാവങ്ങൾ വ്യത്യാസം വന്നേക്കാം
മഹാഭാഗവതപ്രകാരം മുഖ്യമായിട്ടുള്ളത് കാളി മാതാവ് തന്നെയാണ്, ആ ദേവിയെ ഉഗ്ര,സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകൾ രൂപം ധരിക്കുന്നു. ഈ മഹാവിദ്യകൾ അനന്ത സിദ്ധികൾ പ്രദാനം ചെയ്യുവാൻ സമർത്ഥരാണ്. ദർശനീകവീക്ഷണത്തിൽ കൂടിയും കാലതത്വത്തിന്റെ പ്രധാന്യം സർവ്വോപരിയാണ്. അതുകൊണ്ട് തന്നെ മഹാകാളി അല്ലെങ്കിൽ കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. അതായത് ദേവിയുടെ വിദ്യാമയ വിഭൂതികളാണ് എല്ലാ മാഹാവിദ്യകളും, മഹാകാലന്റെ പ്രിയതമയായ കാളി തന്റെ ദക്ഷിണവാമരൂപങ്ങളിൽ പത്ത് മഹാവിദ്യകളുടെ പേരിൽ അറിയപ്പെടുന്നു എന്നു തന്നെ കരുതണം. ബൃഹത്നീലതന്ത്രത്തിൽ പറയുന്നു രക്തകൃഷ്ണ ഭേദങ്ങളിലും രണ്ടു രൂപത്തിൽ ദേവി തന്നെയാണ് അധിഷ്ഠിതയായിട്ടുള്ളത്. കൃഷ്ണവർണ്ണയുടെ പേർ ദക്ഷിണ എന്നും, രക്തവർണ്ണയുടെ പേർ സുന്ദരി എന്നുമാണ്. കാളിക പുരാണത്തിൽ ഒരു കഥയുണ്ട്. ഒരു പ്രാവിശ്യം ഹിമാലയത്തിൽ അവസ്ഥിതനായിരുന്ന മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ മഹാമായയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ മാതംഗവനിത രൂപത്തിൽ ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ദേവിയുടെ ശരീരത്തിൽ നിന്ന് കറുത്തപർവ്വതതുല്യവർണ്ണത്തോടുകൂടിയ ഒരു ദിവ്യനാരി പ്രകടയായി. ആ മഹാതേജസ്വിനി സ്വയം ദേവന്മാർക്കായി ഉത്തരം കൊടുത്തു. ഇവർ എന്നെയാണ് സ്തുതിക്കുന്നത്. അവൾ കൃഷ്ണവർണ്ണത്തോടു കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി
ദുർഗ്ഗാസപ്തശതി പ്രകാരം ഒരിക്കൽ ശുംഭനി ശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവതകൾ ഹിമാലയത്തിൽ പോയി ദേവിയെ സ്തുതിച്ചു. അപ്പോൾ ഗൗരീദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, കാളി എന്ന് വിഖ്യാതയായി. കാളിയുടെ നീലനിറത്തിന് കാരണം താര പറയുന്നു. നാരദപാഞ്ചരാത്ര പ്രകാരം ഒരിക്കൽ വീണ്ടും ഗൗരീരൂപതി ലാകണമെന്നുള്ള ആഗ്രഹം കളിയുടെ മനസ്സിൽ വന്നുവത്രേ ഇതാലോചിച്ചുകൊണ്ട് ദേവി അന്തർദ്ധാനം ചെയ്തു. ശ്രീ മഹാദേവൻ നാരദനോട് അവളെവിടെപ്പോയി എന്നന്വേഷിച്ചു. നാരദൻ സുമേരുവിന്റെ ഉത്തരഭാഗത്ത് ദേവി പ്രത്യക്ഷയായി ഉപസ്ഥിതി ചെയ്യുന്നു എന്ന വാർത്ത അറിയിച്ചു . ശിവന്റെ പ്രേരണയാൽ നാരദൻ അവിടെ പോയി ദേവിയോട് ശിവനുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞു. അതുകേട്ട് ദേവി ക്രോധാകുലയായി എന്നും അവളുടെ ദേഹത്തിൽ നിന്ന് പതിനാറ് വിഗ്രഹങ്ങൾ പ്രകടമായി ആ ഛായ വിഗ്രഹത്തിൽ ത്രിപുരഭൈരവി പ്രകടമായി.
കാളീ ഉപാസനയിൽ സമ്പ്രദായഭേദങ്ങളുണ്ട് . സാധാരണയായി രണ്ട് ഭാവത്തിലാണ് ഇത് പ്രചരിച്ചിരിക്കുന്നത്. ഭവബന്ധനമോചനത്തിന് കാളീ ഉപാസന സർവ്വോത്കൃഷ്ടമായി കരുതപ്പെടുന്നു. ശക്തി സാധനയിൽ രണ്ടു പീഠങ്ങളിൽ ശ്യാമപീഠത്തിലണ് കാളീ ഉപാസന ചെയ്യേണ്ടത്. ഭക്തി മാർഗ്ഗത്തിൽ ഏതുരൂപത്തിൽ വേണമെങ്കിലും മഹാമായയെ ഉപാസിച്ച് ഫലം നേടാം. എന്നാൽ സിദ്ധിലാഭത്തിനായി വീരഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്. സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിച്ച് സാധകനിൽ പൂർണ്ണ ശിശുത്വം ഉദയം ചെയ്യുന്നു. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാളീ ദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രീകമാർഗ്ഗത്തിൽ ദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും. മൂർത്തീമന്ത്രം ഗുരു ഉപദ്ദേശം വഴി ഗുരു ഭക്തിഭാവത്തോടുകൂടി മന്ത്രജപം, കലശന്യാസം,ഭസ്മ ന്യാസം,കാളീപൂജ,ജപമാലപ്രാണപ്രതിഷ്ഠ,ഭക്തി പുരശ്ചരണം ഹോമം,തർപ്പണം,അന്നധാനം,ഇതിത്യാദി അതീവ ഗുരുഭക്തിയോടെ ചെയ്യുമ്പോൾ കാളീഭാഗവതി പ്രസന്നയായിത്തീരുന്നു .കാളീ മന്ത്രം നിത്യം 1008 വീതം ജപിക്കുക ചൊവ്വ .വെള്ളി ദിവസങ്ങളിൽ സാധകൻ ശക്തിഭൈരവി ഹോമം അല്ലെങ്കിൽ കാളികാ ഹോമം ചെയ്യുക. അർദ്ധരാത്രികളിൽ ചെയ്താൽ ഉചിതം ചുവന്ന പുഷ്പങ്ങൾ ഉപയോഗിച്ചു കർമ്മം ചെയ്യുക. ചുവന്ന പട്ട് ധരിച്ച് ഉപാസിച്ചാൽ ക്ഷിപ്രഫലപ്രാപ്തി ഉണ്ടാകും ഉപാസകൻ സ്ത്രീകളെ ബഹുമാനിക്കാൻ ശ്രമിക്കുക. കാളി ഉപാസനയിൽ പ്രധാനം അതിനാണ്.. ദേവി പ്രസാദിക്കുമ്പോൾ സാധകന് എല്ലാ അഭിഷ്ട്സിദ്ധിയും കൈവരുന്നു.