2019, ജനുവരി 25, വെള്ളിയാഴ്‌ച

മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം

മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം

കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെ, മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ ശിവരാത്രി ഈ ക്ഷേത്രത്തിൽ വളരെ ആഡംബരത്തോടെ ആഘോഷിക്കുന്നു. ക്ഷേത്രത്തിന്റെ നിർമാണം പൂർണമായും കേരള പരമ്പരാഗത വാസ്തുവിദ്യ പ്രകാരം കൃഷ്ണ ശിലയും മരവും കൊണ്ടാണു. ക്ഷേത്രനിർമാണം പുരാതന കേരള സംസ്കാരം ഉപയോഗിച്ചാണ്. എല്ലാ രാശിചക്രങ്ങളും ശ്രീകോവിലിലേക്കുള്ള കവാടത്തിനു മുന്നിൽ മുകളിലായി കാണാവുന്നതാണ്. ഇത് ശിവപാർവ്വതി സ്വരൂപം ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ചുറ്റമ്പലവും പൂർണമായും കൃഷ്ണ ശിലയും മരവും കൊണ്ടാണു നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് നാല് പ്രവേശന കവാടം ഉണ്ട്. ഓരോ പ്രവേശന കവാടത്തിനു മുകളിൽ കേരള വാസ്തുവിദ്യ പ്രകാരമുള്ള ഗോപുരവും ഉണ്ട്. വടക്കേ നടയുടെ ( പ്രധാന കവാടം ) മുന്നിലായി കൊടിമരം ഉണ്ട്. വടക്കേ നടയുടെ അകത്തായി വലിയ ബലിക്കൽപുര, അതിനുമുകളിലായി മേൽക്കൂരയിൽ തടിയിൽ കൊത്തിയെടുത്ത നവഗ്രഹങ്ങൾ കാണാം. എഴുപതിൽ അധികം കൽത്തൂണുകളിലാണ് ചുറ്റമ്പലം നിലകൊള്ളുന്നത്. ഇതിൽ കൽമണ്ഡപവും ഉൾപ്പെടുന്നു. ഹിന്ദു പുരാണത്തിലെ വിവിധ കഥാപാത്രങ്ങളുടെ ശിൽപങ്ങൾ ആണ് കൽതൂണുകളിലും തടികളിലും വിദഗ്ധരായ ശില്പികൾ കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലുടനീളം അത്തരം ശില്പങ്ങളാണ് കാണാൻ കഴിയുക. ചുറ്റമ്പലത്തിനകത്തു വടക്കുകിഴക്ക്‌ കോണിൽ ഗംഗാതീർത്ഥം ( കിണർ) കാണപ്പെടുന്നു. ചുറ്റമ്പലത്തിനുള്ളിൽ തന്നെയാണ് മുരുഗൻ കോവിലും ഗണപതി കോവിലും. ശ്രീ പരമേശ്വരൻ പാർവ്വതിയോടും ഗണപതിയോടും മുരുകനോടും ഒപ്പം കുടുംബസമേതം വസിക്കുന്ന മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലേക്ക് ജാതി മത വർണ്ണ വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും സ്വാഗതം.