2019, ജനുവരി 22, ചൊവ്വാഴ്ച

മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം



മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് മഞ്ചാടിക്കരക്കാവിൽ രാജരാജേശ്വരിക്ഷേത്രം. വാഴപ്പള്ളി തെക്കുംഭാഗത്തുള്ള ഭദ്രകാളീക്ഷേത്രമാണ് പിന്നീട് പുനഃപ്രതിഷ്ഠ നടത്തി രാജരാജേശ്വരീക്ഷേത്രമാക്കി മാറ്റിയത്. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി മഞ്ചാടിക്കര റോഡിൽ ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് നിത്യനിദാനത്തിനു പോലും വകയില്ലാതെ ജീർണ്ണമായ അവസ്ഥയിലായിരുന്നു ഈ ദേവിക്ഷേത്രം. അന്ധകാരമായ ആ കാലഘട്ടത്തിൽ നിന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഒരു ദേശത്തിനാകമാനം പ്രകാശം പരത്തികൊണ്ട് പരിലസിക്കുകയാണ് ഈ ക്ഷേത്രവും ദേവിയും. വർഷങ്ങൾക്കുമുൻപ് മഞ്ചാടിക്കര കുന്നത്തിടശ്ശേരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അഖിലഭാരത് അയ്യപ്പസേവാസംഘത്തിലേക്ക് ഇഷ്ടദാനമായി നൽകിയതാണ് ഈ ദേവിക്ഷേത്രം. അന്ന് ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു കാവിൽ.അതിനെ തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പഴയ ദേവി പ്രതിഷ്ഠ മാറ്റി രാജരാജേശ്വരി സങ്കല്പത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. പുനഃപ്രതിഷ്ഠനടത്തിയത് പുതുമന നമ്പൂതിരിയായിരുന്നു.
പഴയ ഭദ്രകാളിക്ഷേത്രം
വനദുർഗ്ഗാ സങ്കല്പത്തിലുള്ള പഴയ ഭദ്രകാളീക്ഷേത്രം നിർമ്മിച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. തെക്കുകൂർ രാജാക്കന്മാരാണ് പത്തില്ലത്തിൽ ഒരു മഠമായ കുന്നത്തിടശ്ശേരി മനയിലെ നമ്പൂതിരിമാർക്കു വേണ്ടി ഭദ്രകാളീക്ഷേത്രം പണിതീർത്തത്. കുന്നത്തിടശ്ശേരി മനയിലെ പരദേവതയായിരുന്നു മഞ്ചാടിക്കരകാവിൽ ഭഗവതി. കിഴക്കോട്ട് ദർശനമായി വനദുർഗ്ഗാ സങ്കല്പത്തിൽ മേൽക്കൂരയില്ലാതെയാണ് ശ്രീകോവിൽ പണിതീർത്തിരുന്നത്. ശ്രീകോവിലിനു മുൻവശത്തായി പാട്ടു പുരയും, അല്പം തെക്കുമാറി തിടപ്പള്ളിയും പണിതീർത്തിരുന്നു. ഈ പാട്ടുപുരയിൽ വെച്ചായിരുന്നു മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും നടത്തിയിരുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ദേവിയുടെ പാർശ്വമൂർത്തികളുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു. പുനഃരുദ്ധാരണ സമയത്ത് ദേവി പ്രതിഷ്ഠക്കൊപ്പം ഈ പാർശ്വദേവിമാരെയും മാറ്റുകയും ഭദ്രകാളി പ്രതിഷ്ഠക്കു പകരമായി രാജരാജേശ്വരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി.
പുനഃരുദ്ധാരാണത്തിനു ശേഷം
ഇന്ന് മഞ്ചാടിക്കരയിൽ പ്രധാനമൂർത്തി രാജരാജേശ്വരിയാണ്. പഴയക്ഷേത്ര ദർശനം പോലെതന്നെ കിഴക്കോട്ട് ദർശനമായാണ് ചതുര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശംഖ്-ചക്ര ധാരിയായി (വൈഷ്ണവാംശത്തോടെ) തലയിൽ ചന്ദ്രക്കലചൂടി (ശൈവാംശത്തോടെ) പത്മപീഠത്തിൽ ആസനസ്തയാണ് ദേവി ഇവിടെ. തൃകാലപൂജാവിധികൾ നിശ്ചയിച്ച് പടിത്തരമാക്കിയത് തന്ത്രിമുഖ്യനായ അമ്പലപ്പുഴ പുതുമനയില്ലത്തിലെ നമ്പൂതിരിയാണ്. വിസ്താരമേറിയ നാലമ്പലവും, അതിൽ തന്നെ ഇരുനില മുഖപ്പോടുകൂടി പണിതീർത്തിട്ടുള്ള തിടപ്പള്ളിയും മനോഹരങ്ങളാണ്. ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിൽ കേരളതനിമ ഒട്ടും കുറയാതെ പണിതിർത്തവയാണ് ശ്രീകോവിലും, നാലമ്പലവും, മുഖമണ്ഡപവും, തിടപ്പള്ളിയും. നാലമ്പലത്തോട് ചേർന്നുതന്നെ വടക്കു വശത്തായി വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ട്. മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും നടത്തുന്നത് നാലമ്പലത്തിലെ കിഴക്കേ അമ്പലവട്ടത്താണ്. പഴയ പാട്ടുപുര ഇന്നും നിലനിൽക്കുന്നുണ്ടങ്കിലും കളമെഴുത്തും പാട്ട് നാലമ്പലത്തിനുള്ളിൽ തന്നെ നടത്തുന്നു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ഗണപതിയേയും, വടക്ക്-പടിഞ്ഞാറേ മൂലയിൽ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കു വടക്കു മൂലയിലായി നാഗ പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്.