2018, ജൂലൈ 27, വെള്ളിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - വടക്കേ മലബാറിലെകൊട്ടിയൂർ ക്ഷേത്രം (67)


നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - കൊട്ടിയൂർ ക്ഷേത്രം (67)
വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താൻ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക.