തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്. രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിൽ ശ്രീകൃഷ്ണനും, ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും വടക്കുപടിഞ്ഞാറെ മൂലയിൽ പരമശിവനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്.
ഇവിടത്തെ വാർഷികോത്സവം ഒരു വർണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാർച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൂടിപ്പിരിയൽ നടക്കുന്നു. ഇതിൽ കുംഭം 27, 28 മഹോത്സവവും, മീനം 1,2 ദേവോത്സവവുമാണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചമ്പ്രം ക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ അകലെയുള്ള പൂക്കോത്ത്നടയിൽ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും തളിപ്പറമ്പിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള മഴൂർ(ധർമ്മംകുളങ്ങര) ക്ഷേത്രത്തിലെ ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).