സോമേശ്വരം മഹാദേവക്ഷേത്രം
നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - സോമേശ്വരം മഹാദേവക്ഷേത്രം (83)
തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം. തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
പരമ്പരാഗത കേരളാശൈലിയിൽ നിർമ്മിച്ചതാണ് സോമേശ്വരം ക്ഷേത്രം. പ്രകൃതിരമണീയമായ ഭരതപ്പുഴയുടെ ദക്ഷിണഭാഗത്തായി ക്ഷേത്രം നിലകൊള്ളുന്നു.
ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ ശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു. നാലമ്പല ചുമരുകൾ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്, കൂടാതെ മുകൾ ഭാഗം ഓട് കൊണ്ടു മറച്ചിരിക്കുന്നു. നാലമ്പലത്തിന്റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.