ദിവ്യദേശങ്ങൾ -- തിരുനാവായ നാവാമുകുന്ദക്ഷേത്രം
കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തിൽ കുടികൊള്ളുന്നു.
ഐതിഹ്യ പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.