2018, ജൂലൈ 26, വ്യാഴാഴ്‌ച

കാലാക്കൽ കാവുടയോൻ ,വൈക്കം



കാലാക്കൽ കാവുടയോൻ
വൈക്കം ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരു ക്ഷേത്രമാണ് കാലാക്കൽ ക്ഷേത്രം. ശ്രീ പരമേശ്വരന്റെ പരിവാരങ്ങളിൽ ശ്രേഷ്ഠനായ നന്ദികേശ്വരനാണ് കാലാക്കലെ പ്രധാന പ്രതിഷ്ഠ. ഈ പ്രതിഷ്ഠാമൂർത്തിയെ കാലാക്കൽ വല്ല്യച്ഛൻ എന്നും അറിയപ്പെടുന്നു.
പ്രധാനമൂർത്തിയെ കൂടാതെ ഘണ്ടാകർണ്ണൻ, ഭദ്ര, യക്ഷി, സർപ്പം മുതലായ ഉപദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. . നിത്യ പൂജയും ക്ഷേത്രസംബന്ധമായ മറ്റ് ആചാരാനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. പത്താമുദയ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.
വൈക്കം ക്ഷേത്രത്തിലെ നട അടച്ചുകഴിഞ്ഞാൽ ( അത്താഴപ്പൂജയും, ശ്രീബലിയും കഴിഞ്ഞ് ) പിന്നെ പള്ളി ഉണർത്തുന്നതുവരെയുള്ള ക്ഷേത്രസംരക്ഷണച്ചുമതല കാലാക്കൽ വല്ല്യച്ഛനാണ് എന്നാണ് വിശ്വാസം. അത്യന്തം ക്ലേശകരമായ, വൈക്കത്ത് വലിയ ഭജനം നടത്തി നിരവധി അഗ്നി പരീക്ഷണങ്ങളിൽകൂടി കടന്ന് വൈക്കത്തപ്പൻറെ പരമപ്രീതിക്കു പാത്രമായ അതീവസുകൃതിയായിരുന്ന മഹാപണ്ഡിതനായ വൈക്കത്ത് പാച്ചുമൂത്തത് – അദ്ദേഹം ഭജനത്തിൻറെ ചടങ്ങായ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നപ്പോൾ ഒരു അപൂർവ്വദൃശ്യം കണ്ടു. ഒരു കൈകൊണ്ട് ശ്രീകൊവിലിൻറെ താഴികക്കുടത്തിൽ പിടിച്ചുകൊണ്ട് ഒരു അത്ഭുതരൂപം ചുറ്റുമതിലിന്മേൽകൂടി നടന്ന് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നു. ഇത് കാലാക്കൽ വല്ല്യച്ഛനായിരുന്നു എന്നാണ് വിശ്വാസം. വൈക്കത്തപ്പൻറെ എഴുന്നള്ളത്ത്‌ ക്ഷേത്രമതിൽക്കകം വിട്ട് എവിടെപ്പോയാലും കാലാക്കൽ ക്ഷേത്രത്തിൽനിന്നും കൊണ്ടുവരുന്ന ഉടവാളും പിടിച്ചുകൊണ്ട്‌ ഒരാൾ അകമ്പടി സേവിക്കണം എന്നൊരാചാരം കാലാക്കൽ ക്ഷേത്രത്തിനും വൈക്കം ക്ഷേത്രത്തിനും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിക്കുന്നു. വൈക്കം ദേവസ്വത്തിൽനിന്നും കാലാക്കൽ ക്ഷേത്രത്തിലേക്ക് ആവശ്യം വേണ്ട വിളക്കെണ്ണ കൊടുക്കുന്ന ഒരു ഏർപ്പാടും ഉണ്ട്.